മെഗാസ്റ്റാർ മമ്മൂട്ടിയുടെ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന തമിഴ് ചിത്രമാണ് ‘പേരൻപ്’. 14 വർഷങ്ങൾക്ക് ശേഷമാണ് താരം ഒരു തമിഴ് ചിത്രത്തിൽ ഭാഗമാവുന്നത്. നാഷണൽ അവാർഡ് ജേതാവ് റാമാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അമുധവൻ എന്ന കഥാപാത്രമാണ് മമ്മൂട്ടി ചിത്രത്തിൽ അവതരിപ്പിക്കുന്നത്. വൈകാരിക രംഗങ്ങൾക്ക് ഏറെ പ്രാധാന്യം നൽകികൊണ്ട് ഒരു ഇമോഷണൽ ഡ്രാമയായാണ് സംവിധായകൻ അണിയിച്ചൊരുക്കിയിരിക്കുന്നത്. അഞ്ജലിയാണ് മമ്മൂട്ടിയുടെ നായിക വേഷം കൈകാര്യം ചെയ്യുന്നത്. വിദേശ രാജ്യങ്ങളിലെ ഫിലിം ഫെസ്റ്റിവലുകളിൽ ചിത്രം പ്രദർശിപ്പിക്കുകയും മികച്ച പ്രതികരണവും നേടിയിരുന്നു. മമ്മൂട്ടിയുടെ കരിയർ ബെസ്റ്റ് പ്രകടനം എന്നാണ് പ്രിവ്യൂ ഷോ കണ്ടവർ ഒന്നടങ്കം അഭിപ്രായപ്പെട്ടത്. പേരൻപിന്റെ രണ്ട് ടീസറുകളും ഏറെ ശ്രദ്ധ നേടിയിരുന്നു. സിനിമ പ്രേമികൾ കാത്തിരുന്ന പേരൻപിന്റെ റീലീസ് തിയതി ഏറെക്കുറെ ഉറപ്പായിട്ടുണ്ട്.
ഇപ്പോൾ ലഭിക്കുന്ന റിപ്പോർട്ടുകൾ അനുസരിച്ചു പേരൻപ് മമ്മൂട്ടിയുടെ ജന്മദിനത്തിൽ പുറത്തിറങ്ങും. മമ്മൂട്ടിയുടെ പിറന്നാൾ സെപ്റ്റംബർ 7നാണ്, ഈ പ്രാവശ്യം താരത്തിന്റെ ജന്മദിനം ഒരു വെള്ളിയാഴ്ച ആയതുകൊണ്ട് അണിയറ പ്രവർത്തകർ അന്നേ ദിവസം തന്നെ റിലീസ് ചെയ്യാൻ വേണ്ട ഒരുക്കങ്ങൾ ഇതിനോടകം ആരംഭിച്ചു കഴിഞ്ഞു. മമ്മൂട്ടിയുടെ ജന്മദിനോട് അനുബന്ധിച്ചു ആരാധകർ പഴയ ഹിറ്റ് ചിത്രങ്ങൾ റീ റിലീസുകൾ നടത്തുകയാണ് പതിവ്, എന്നാൽ ഈ പ്രാവശ്യം മമ്മൂട്ടിയുടെ അഭിനയ ജീവിതത്തിലെ തന്നെ നാഴികകല്ലായി മാറാൻ സാധ്യതയുള്ള ചിത്രമാണ് റിലീസിനായി ഒരുങ്ങുന്നത്. പല കാരണങ്ങൾകൊണ്ട് പേരൻപ് ഒരുപാട് തവണ റിലീസ് നീട്ടുകയുണ്ടായി. റിലീസ് തിയതി ഒരു പോസ്റ്ററിലോടെ അറിയിക്കുമെന്നും വൈകാതെ തന്നെ ഔദ്യോഗികമായി സ്ഥിതികരണം ഉണ്ടാവുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സിദ്ദിക്ക്, സുരാജ് വെഞ്ഞാറമൂട്, സമുദ്രക്കനി, സദന, അഞ്ജലി അമീർ, ലിവിങ്സ്റ്റൺ, അരുൾ ഡോസ് തുടങ്ങിയവർ ചിത്രത്തിൽ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നുണ്ട്. തേനി ഈശ്വരാണ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. യുവൻ ശങ്കർ രാജയാണ് ചിത്രത്തിന്റെ സംഗീതം ഒരുക്കിയിരിക്കുന്നത്. എഡിറ്റിംഗ് വർക്കുകൾ കൈകാര്യം ചെയ്തിരിക്കുന്നത് സൂര്യ പ്രഥമനാണ്. ശ്രീ രാജലക്ഷ്മി ഫിലിംസിന്റെ ബാനറിൽ തേനപ്പനാണ് ചിത്രം നിർമ്മിക്കുന്നത്