ജയറാം നായകനായ പുതിയ ചിത്രമായ പട്ടാഭിരാമൻ ബോക്സ് ഓഫീസിൽ മികച്ച വിജയം നേടി മുന്നേറുകയാണ്. കുടുംബ പ്രേക്ഷകരും യുവ പ്രേക്ഷകരും ഇരു കയ്യും നീട്ടി സ്വീകരിച്ച ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് പ്രശസ്ത സംവിധായകൻ കണ്ണൻ താമരക്കുളം ആണ്. ദിനേശ് പള്ളത്തു ആണ് ഈ ചിത്രത്തിനെ രചന നിർവഹിച്ചിരിക്കുന്നത്. ആദ്യാവസാനം പ്രേക്ഷകരെ രസിപ്പിക്കുന്നതിനൊപ്പം മികച്ച ഒരു സന്ദേശവും പകർന്നു നൽകുന്നുണ്ട് ഈ ചിത്രം. ഭക്ഷണത്തിൽ മായം കലർത്തുന്നതിനെതിരെ ശബ്ദമുയർത്തുന്ന ഈ ചിത്രം കേരളാ ഭക്ഷ്യ – സിവിൽ സപ്പ്ളൈസ് മന്ത്രി വരെ കണ്ടു മികച്ച അഭിപ്രായം രേഖപ്പെടുത്തിയിരുന്നു. ഇപ്പോഴിതാ ഈ ചിത്രത്തിന്റെ വിജയാഘോഷത്തിൻറെ ഭാഗമായി തിരുവനന്തപുരത്തു എത്തിയ നടൻ ജയറാമിന് ആവേശകരമായ സ്വീകരണം ആണ് പ്രേക്ഷകർ നൽകിയത്.
മാൾ ഓഫ് ട്രാവൻകൂർ, ശ്രീപദ്മനാഭ തീയേറ്റർ എന്നിവ സന്ദർശിച്ച ജയറാം പ്രേക്ഷകർക്കൊപ്പമാണ് ചിത്രത്തിന്റെ വിജയം ആഘോഷിച്ചത്. ജയറാമിനൊപ്പം ഈ ചിത്രത്തിന്റെ സംവിധായകൻ കണ്ണൻ താമരക്കുളവും അതുപോലെ ഈ ചിത്രത്തിലെ നിർണ്ണായകമായ ഒരു കഥാപാത്രത്തിന് ജീവൻ നൽകിയ നടൻ ബൈജു സന്തോഷും ഉണ്ടായിരുന്നു. ചിത്രത്തിന്റെ വിജയം പ്രേക്ഷകർക്കൊപ്പം കേക്ക് മുറിച്ചു ആഘോഷിച്ച ജയറാം പ്രേക്ഷകർ ഇരു കയ്യും നീട്ടി ഈ ചിത്രം സ്വീകരിച്ചതിലുള്ള നന്ദിയും പ്രകടിപ്പിച്ചു. തിരുവനന്തപുരത്തു ആണ് ഈ ചിത്രം ഷൂട്ട് ചെയ്തിരിക്കുന്നത്. സ്ഥലം മാറ്റം കിട്ടി തിരുവനന്തപുരത്തു എത്തുന്ന പട്ടാഭിരാമൻ എന്ന ഹെൽത് ഇൻസ്‌പെക്ടർ ആയാണ് ജയറാം ഈ ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്. അബാം മൂവീസിന്റെ ബാനറിൽ എബ്രഹാം മാത്യു ആണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്.