സെപ്റ്റംബർ മാസം അവസാനിക്കുമ്പോൾ ഈ വർഷം മലയാള സിനിമയിലെ ടോപ് ഹിറ്റുകളുടെ പട്ടികയിൽ ഇടം പിടിച്ചിരിക്കുകയാണ് യുവ താരം സിജു വിത്സനെ നായകനാക്കി സൂപ്പർ ഹിറ്റ് സംവിധായകൻ വിനയൻ ഒരുക്കിയ പത്തൊൻപതാം നൂറ്റാണ്ട്. ഏതായാലും സിജുവെന്ന യുവ താരത്തിനും വിനയനെന്ന സംവിധായകനും വലിയ നേട്ടമാണ് ഈ ചിത്രം സമ്മാനിച്ചിരിക്കുന്നത്. ഈ വർഷത്തെ മലയാള സിനിമയിലെ ഏറ്റവും വലിയ ഹിറ്റുകളുടെ ലിസ്റ്റിൽ ഒന്നാമത് നിൽക്കുന്നത് മമ്മൂട്ടി- അമൽ നീരദ് ചിത്രമായ ഭീഷ്മ പർവമാണ്. എൺപത് കോടിയോളമാണ് ഈ ചിത്രം നേടിയ ആഗോള കളക്ഷൻ. അതിനു ശേഷം ഈ ലിസ്റ്റിൽ സ്ഥാനം നേടിയത് പ്രണവ് മോഹൻലാൽ നായകനായ വിനീത് ശ്രീനിവാസൻ ചിത്രമായ ഹൃദയമാണ്. അന്പത്തിയഞ്ചു കോടിയ്ക്കു മുകളിലാണ് ഹൃദയം നേടിയ ആഗോള ഗ്രോസ്. പൃഥ്വിരാജ് സുകുമാരൻ നായകനായ ഡിജോ ജോസ് ആന്റണി ചിത്രം ജനഗണമന അൻപത് കോടിക്ക് മുകളിൽ കളക്ഷൻ നേടി മൂന്നാമതെത്തിയപ്പോൾ, ടോവിനോ തോമസ് നായകനായ തല്ലുമാല 47 കോടിയോളം ആഗോള ഗ്രോസ് നേടി നാലാം സ്ഥാനം കരസ്ഥമാക്കി.
പൃഥ്വിരാജ് സുകുമാരൻ- ഷാജി കൈലാസ് ടീമിന്റെ കടുവ 46 കോടിയോളം ആഗോള ഗ്രോസ് നേടിയപ്പോൾ മുപ്പത്തിയഞ്ചു കോടിയോളം ആഗോള ഗ്രോസ് നേടിയ ന്നാ താൻ കേസ് കൊട് എന്ന കുഞ്ചാക്കോ ബോബൻ- രതീഷ് ബാലകൃഷ്ണ പൊതുവാൾ ചിത്രവും വലിയ നേട്ടമാണ് ഉണ്ടാക്കിയത്. മുപ്പത് കോടിക്ക് മുകളിൽ ഗ്രോസ് നേടിയ സുരേഷ് ഗോപി- ജോഷി ചിത്രം പാപ്പനും ഈ ലിസ്റ്റിലെ തിളക്കമാർന്ന എൻട്രിയാണ്. ആദ്യ പത്ത് ദിനം കൊണ്ട് 23 കോടിക്ക് മുകളിൽ നേടിയാണ് പത്തൊൻപതാം നൂറ്റാണ്ട് ഈ ലിസ്റ്റിൽ ഇടം പിടിച്ചത്. ഈ മലയാള ചിത്രങ്ങൾ കൂടാതെ കമൽ ഹാസൻ നായകനായ വിക്രം, രാജമൗലിയുടെ ആർ ആർ ആർ, യാഷ് നായകനായ കെ ജി എഫ് 2 എന്നീ തമിഴ്, തെലുങ്ക്, കന്നഡ ചിത്രങ്ങളും കേരളത്തിൽ വമ്പൻ വിജയമാണ് നേടിയത്.