കഴിഞ്ഞ വർഷം റിലീസ് ചെയ്ത മലയാള ചിത്രങ്ങളിൽ ഏറെ ശ്രദ്ധ നേടിയ ഒരു ചിത്രം ആയിരുന്നു മനു അശോകൻ ഒരുക്കിയ ഉയരെ. ആസിഡ് ആക്രമണത്തിൽ പരിക്ക് പറ്റിയ പല്ലവി എന്ന പെൺകുട്ടി ആയി ഗംഭീര പ്രകടനം കാഴ്ച വെച്ച പാർവതി ആയിരുന്നു ആ ചിത്രത്തിന്റെ ഹൈലൈറ്റ്. അതുപോലെ മികച്ച പ്രകടനവുമായി ആസിഫ് അലിയും ആ ചിത്രത്തിൽ നിറഞ്ഞു നിന്നു. ഇപ്പോഴിതാ ഉയരേ എന്ന ചിത്രത്തിന് ശേഷം ആസിഫ് അലി- പാർവതി ടീം ഒന്നിക്കുന്ന പുതിയ ചിത്രം ആരംഭിച്ചു കഴിഞ്ഞു. ദയ, മുന്നറിയിപ്പ്, കാർബൺ എന്നീ ചിത്രങ്ങൾക്ക് ശേഷം പ്രശസ്ത ഛായാഗ്രാഹകൻ ആയ വേണു ഒരുക്കുന്ന രാച്ചിയമ്മ എന്ന ചിത്രത്തിൽ ആണ് ഈ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നത്. ഇതിൽ ടൈറ്റിൽ കഥാപാത്രമായ രാച്ചിയമ്മ ആയി കിടിലൻ മേക് ഓവറിൽ ആണ് പാർവതി പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
പ്രശസ്ത സാഹിത്യകാരൻ ഉറൂബ് രചിച്ച രാച്ചിയമ്മ എന്ന ചെറുകഥയെ അടിസ്ഥാനമാക്കിയാണ് ഈ ചിത്രം ഒരുക്കുന്നത്. അമ്പതു വർഷം മുൻപാണ് രാച്ചിയമ്മ എന്ന കഥ ഉറൂബ് എഴുതിയത്. കാലത്തേ അതിജീവിച്ചു നിന്ന ഈ കഥയുടെ ദൃശ്യാവിഷ്‌കാരം ആണ് വേണു നടത്തുന്നത്. അദ്ദേഹം തന്നെ തിരക്കഥയും ഒരുക്കിയ ഈ ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ പീരുമേട് ആണ്. വിവിധ സംവിധായകർ ചേർന്ന് ഒരുക്കുന്ന ഒരു ആന്തോളജി ചിത്രത്തിലെ ഒരു ഹൃസ്വ ചിത്രം മാത്രമാണ് രാച്ചിയമ്മ. ഈ ആന്തോളജി ചിത്രത്തിലെ മറ്റു ചിത്രങ്ങൾ സംവിധാനം ചെയ്യുന്നത് ആഷിഖ് അബു, രാജീവ് രവി, ജയ് കെ എന്നിവർ ആണ്. ഇതിൽ ആഷിഖ് അബു ഒരുക്കുന്ന ചിത്രത്തിന്റെ പേര് പെണ്ണും ചെറുക്കനും എന്നാണ്. തുറമുഖം പൂർത്തിയാക്കിയാൽ ഉടൻ രാജീവ് രവി ഇതിലെ തന്റെ ചിത്രം ഒരുക്കും. ജയ് കെ ഒരുക്കുന്ന ചിത്രത്തിൽ ജോജു ജോർജ്, സംയുക്ത മേനോൻ എന്നിവർ ആണ് വേഷമിടുന്നത്. ആഷിഖ് അബു ചിത്രത്തിൽ റോഷൻ മാത്യു, ദർശന എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.