പാർവതിയും ദീപികയും നേർക്ക് നേർ; വീണ്ടും ഒരേ കഥയിൽ രണ്ടു ചിത്രങ്ങൾ..!

Advertisement

ഒരു കഥയെ അടിസ്ഥാനമാക്കി ഒന്നിലധികം ചിത്രങ്ങൾ ഒരുക്കുക എന്നത് ഇപ്പോൾ ഇന്ത്യൻ സിനിമയിൽ തന്നെ ഒരു ട്രെൻഡ് ആയി കഴിഞ്ഞു. പ്രത്യകിച്ചും മലയാള സിനിമയിൽ അത്തരം ഒട്ടേറെ ചിത്രങ്ങൾ ആണ് കഴിഞ്ഞ ഒന്ന് രണ്ടു വർഷങ്ങൾക്കിടയിൽ പ്രഖ്യാപിക്കപ്പെട്ടത്. ഒരേ കഥയേയോ കഥാ പശ്ചാത്തലത്തേയോ കഥാപാത്രങ്ങളേയോ ആസ്പദമാക്കിയാണ് ഇവയിൽ പല ചിത്രങ്ങളും പ്രഖ്യാപിച്ചത്. അതിൽ ചിലതു തുടങ്ങാൻ പോവുമ്പോൾ വേറെ ചിലതു ഉപേക്ഷിക്കപെടുകയും ചെയ്തു. കുഞ്ഞാലി മരക്കാർ, കർണ്ണൻ, കരിന്തണ്ടൻ എന്നീ കഥാപാത്രങ്ങളെ വെച്ച് മലയാളത്തിൽ അങ്ങനെ രണ്ടു ചിത്രങ്ങൾ വീതം പ്രഖ്യാപിച്ചിരുന്നു. ഇപ്പോഴിതാ ഒരേ തരത്തിലുള്ള കഥാപാത്രത്തെ അടിസ്ഥാനമാക്കി മലയാളത്തിലും ഹിന്ദിയിലും ചിത്രങ്ങൾ ഒരുങ്ങാൻ പോവുകയാണ്. ഒരെണ്ണത്തിൽ പാർവതി ആണ് നായിക എങ്കിൽ മറ്റൊന്നിൽ നായിക ആയെത്തുന്നത് ദീപിക പദുക്കോൺ ആണ്.

ആസിഡ് ആക്രമണത്തിന് ഇരയാകുന്ന പെൺകുട്ടിയുടെ വേഷത്തിൽ ആണ് ദീപികയും പാർവതിയും അഭിനയിക്കുന്നത്. ദീപികയെ വെച്ച് ഈ ചിത്രം ഹിന്ദിയിൽ ഒരുക്കുന്നത് മേഘ ഗുൽസാർ ആണെങ്കിൽ പാർവതിയെ വെച്ചുള്ള മലയാള ചിത്രം ഒരുക്കുന്നത് രാജേഷ് പിള്ളയുടെ ചീഫ് അസോസിയേറ്റ് ആയിരുന്ന മനു അശോകൻ ആണ്. റാസി എന്ന ചിത്രം ചെയ്ത് പ്രശസ്തയായ മേഘ ഗുൽസാർ ഒരുക്കുന്ന ചിത്രത്തിൽ ദീപിക പദുക്കോൺ ആസിഡ് ആക്രമണത്തിന് ഇരയായ ലക്ഷ്മി അഗർവാൾ എന്ന പെൺകുട്ടിയുടെ വേഷം ചെയ്യുമ്പോൾ പാർവതി മലയാളത്തിൽ എത്തുന്നത് പല്ലവി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ടാണ്. മലയാളികൾക്ക്‌ ഒട്ടേറെ മികച്ച ചിത്രങ്ങൾ സമ്മാനിച്ച ഗൃഹലക്ഷ്മി പ്രൊഡക്ഷൻസിന്റെ സാരഥിയായ പി.വി.ഗംഗാധരന്റെ മക്കളായ ഷെനുക, ഷെഗ്ന, ഷെർഗ എന്നിവർ എസ്. ക്യൂബ് ഫിലിംസിന്റെ ബാനറിൽ ആണ് ഈ മലയാള ചിത്രം നിർമ്മിക്കുന്നത്. ബോബി സഞ്ജയ് ടീം രചിച്ച ഈ ചിത്രത്തിൽ ടോവിനോ തോമസ്, ആസിഫ് അലി എന്നിവരും അഭിനയിക്കും. നവംബർ പത്തിന് ആണ് ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുക. മുകേഷ് മുരളീധരൻ ദൃശ്യങ്ങൾ ഒരുക്കുന്ന ഈ ചിത്രത്തിന്റെ എഡിറ്റിംഗ് മഹേഷ് നാരായണനും സംഗീത സംവിധാനം നിർവഹിക്കുന്നതു ഗോപി സുന്ദറും ആണ്. ഏതായാലും മികച്ച അഭിനേത്രിമാരായി പേരെടുത്ത ദീപികയും പാർവതിയും ഒരേ തരത്തിലുള്ള കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് എങ്ങനെയെന്ന് കാണാൻ കാത്തിരിക്കുകയാണ് ആരാധകർ.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close