പ്രേക്ഷക ലക്ഷങ്ങളുടെ അഭിനന്ദന പ്രവാഹങ്ങൾ ഏറ്റു വാങ്ങിക്കൊണ്ട് ഉദാഹരണം സുജാത എന്ന മഞ്ജു വാര്യർ ചിത്രം പ്രദർശനം തുടരുകയാണ്. ഫാന്റം പ്രവീൺ എന്ന നവാഗതൻ സംവിധാനം ചെയ്ത ഈ ചിത്രം നിർമ്മിച്ചത് സംവിധായകൻ മാർട്ടിൻ പ്രക്കാട്ടും നടൻ ജോജു ജോര്ജും ചേർന്നാണ്. ഒരുപാട് പേര് ഇതിനോടകം അഭിനന്ദനം ചൊരിഞ്ഞ ഈ ചിത്രത്തെ പ്രശംസ കൊണ്ട് മൂടി കൊണ്ട് ഇപ്പോൾ നടി പാർവതിയും രംഗത്ത് വന്നു കഴിഞ്ഞു. ചിത്രത്തെ പ്രശംസിച്ചു കൊണ്ട് വെറുതെ ഒരു പോസ്റ്റ് സോഷ്യൽ മീഡിയയിൽ ഇടുക മാത്രമല്ല പാർവതി ചെയ്തത്. തന്റെ ജീവിതത്തിൽ താൻ നേരിട്ട് കണ്ട ഒരു സുജാതയെ നമ്മുക്ക് പരിചയപ്പെടുത്തുകയും അതോടൊപ്പം നമ്മുടെ ജീവിതത്തിൽ നമ്മുക്ക് അറിയാവുന്ന സുജാതയെ പോലുള്ള സ്ത്രീകളെ സമൂഹത്തിനു മുന്നിൽ പരിചയപ്പെടുത്താൻ നമ്മളോട് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട് പാർവതി.
എന്റെ സുജാത എന്ന ഹാഷ് ടാഗ് ഉപയോഗിച്ച് അവരെ കുറിച്ച് സോഷ്യൽ മീഡിയ വഴി മറ്റുള്ളവരെ അറിയിക്കുകയും സമൂഹത്തിന്റെ സ്നേഹവും ബഹുമാനവും ഈ ജീവിക്കുന്ന ഉദാഹരണങ്ങൾക്കു നൽകാനുമാണ് പാർവതി പറയുന്നത്.
ഇൻസ്റ്റാഗ്രാമിൽ പാർവതി തന്റെ വീട്ടിൽ ജോലിക്കു നിൽക്കുന്ന സുജാതയെ പോലൊരു ചേച്ചിയോടൊപ്പമുള്ള ഒരു ചിത്രമാണ് ഷെയർ ചെയ്തിരിക്കുന്നത്. ആ ചിത്രത്തോടൊപ്പമുള്ള വാക്കുകളിൽ പാർവതി തന്റെ മുന്നിൽ താൻ കാണുന്ന ജീവിച്ചിരിക്കുന്ന ഒരു സുജാതയെ നമ്മുക്ക് മുന്നിൽ വരച്ചിടുന്നു.സുജാതയെ പോലെ തന്നെ ഈ ചേച്ചിയും വീട്ടുജോലിയാണ് ചെയ്യുന്നത്. പക്ഷെ അവർ തന്റെ മക്കളെ വീട്ടുജോലിക്കാർ ആയി കാണാൻ ആഗ്രഹിക്കുന്നില്ല. മക്കൾക്ക് ഗവണ്മെന്റ് ജോലി കിട്ടണമെന്നും വളരെ സുരക്ഷിതമായ ഒരു ഭാവി അവർക്കു ഉണ്ടാകണമെന്നുമാണ് അവർ ആഗ്രഹിക്കുന്നത്. തന്നെ പോലെ അവർ ദുരിതം അനുഭവിക്കരുതെന്നും ഈ ചേച്ചി ആഗ്രഹിക്കുന്നു. വീട്ടു ജോലി എന്നത് ഒരുപാട് കഷ്ടപ്പാടുകൾ നിറഞ്ഞ ജോലി ആണെന്ന് പാർവതി സാക്ഷ്യപ്പെടുത്തുകയും ചെയ്യുന്നുണ്ട്. പക്ഷെ ഈ ചേച്ചിമാർ അല്ലെങ്കിൽ ജീവിച്ചിരിക്കുന്ന ഈ സുജാതമാർ ഈ കഷ്ടപ്പാടുകൾ എല്ലാം സഹിക്കുന്നത് തങ്ങളുടെ കുട്ടികൾ കഷ്ടപ്പാടുകൾ ഒന്നും അറിയാതെയിരിക്കാനും അവർ പഠിച്ചു നാളെ വലിയ ഉയരങ്ങളിൽ എത്താനുമാണ്. ആ സ്വപ്നമാണ് അവരെ പരാതികളില്ലാതെ എത്ര വേണമെങ്കിലും കഷ്ടപ്പെടാൻ പ്രേരിപ്പിക്കുന്നത്.
ഇങ്ങനെയുള്ള ഒരു സുജാത കൂടെ ഉള്ളത് കൊണ്ട് മാത്രമാണ് തനിക്കു തന്റെ ജോലി പോലും വിഷമതകൾ ഇല്ലാതെ ചെയ്യാൻ സാധിക്കുന്നതെന്നും പാർവതി പറയുന്നു. തന്റെ വീട് വൃത്തിയായി സൂക്ഷിക്കുന്നതും തനിക്കു ഭക്ഷണം വെച്ച് തരുന്നതുമെല്ലാം ഈ ചേച്ചിയാണെന്നും അവരില്ലെങ്കിൽ ഇപ്പോൾ പോകുന്ന പോലെ ഒഴുക്കോടെ തന്റെ ജീവിതം മുന്നോട്ടു പോവില്ല എന്നും പറയുന്ന പാർവതി അതിനു ആ ചേച്ചിയോട് നന്ദിയും പറയുന്നു തന്റെ കുറിപ്പിൽ. അവർ ചെയ്യുന്ന ജോലി മറ്റേതു ജോലിയെയും പോലെ മികച്ചതും പുണ്യം നിറഞ്ഞതുമായ ഒന്നാണെന്ന് പറയുന്ന പാർവതി അവരുടെ ആത്മാർത്ഥതക്കും ശക്തിക്കും മുന്നിൽ തന്റെ സ്നേഹവും നന്ദിയും പ്രകടിപ്പിക്കുകയാണ്.
താനിപ്പോൾ ഈ പോസ്റ്റ് ഇടുന്ന സമയത്തു തന്റെ വീട്ടിലെ ആ ചേച്ചിയും കുട്ടികളും ഉദാഹരണം സുജാത തിയേറ്ററിൽ ഇരുന്നു കാണുകയാണെന്നും പാർവതി പറയുന്നു.
ഇത്തരം ഒരു മികച്ച ചിത്രം, ഒരു മികച്ച സംവിധായകനും അതിലും മികച്ച അഭിനേതാക്കൾക്കുമൊപ്പം നമ്മുക്ക് സമ്മാനിച്ച ജോജുവിനും മാർട്ടിൻ പ്രക്കാട്ടിനും നന്ദി പറഞ്ഞു കൊണ്ടാണ് പാർവതി തന്റെ പോസ്റ്റ് തുടങ്ങിയത് തന്നെ. ഇവർ ആദ്യം നിർമ്മിച്ച ചാർളി എന്ന ദുൽകർ സൽമാൻ ചിത്രത്തിലെ നായികയായിരുന്നു പാർവതി. അതിലെ അഭിനയത്തിന് പാർവതിക്ക് മികച്ച നടിക്കുള്ള സംസ്ഥാന പുരസ്ക്കാരവും ലഭിച്ചിരുന്നു.