മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടി നായകനായി ഇനി റിലീസ് ചെയ്യാൻ പോകുന്ന ചിത്രമാണ് പുഴു. നവാഗത സംവിധായികയായ രഥീനയൊരുക്കിയ ഈ ചിത്രം രചിച്ചിരിക്കുന്നത് ഉണ്ട എന്ന ഖാലിദ് റഹ്മാൻ ചിത്രത്തിന് ശേഷം ഹര്‍ഷാദ്, വൈറസ് എന്ന ആഷിഖ് അബു ചിത്രത്തിന് ശേഷം ഷറഫു-സുഹാസ് കൂട്ടുകെട്ട് എന്നിവർ ചേർന്നാണ്. മമ്മൂട്ടി ഏറെക്കാലത്തിനു ശേഷം ഒരു നെഗറ്റീവ് കഥാപാത്രം ചെയ്യുന്ന ചിത്രം കൂടിയാണ് പുഴുവെന്ന് അണിയറ പ്രവർത്തകർ പറയുന്നു. അതോടൊപ്പം തന്നെ അദ്ദേഹത്തിന്റെ ആദ്യത്തെ നേരിട്ടുള്ള ഒറ്റിറ്റി റിലീസായാണ് ഈ ചിത്രം പ്രേക്ഷകരുടെ മുന്നിലെത്താൻ പോകുന്നത്. ഈ വരുന്ന മെയ് പതിമൂന്നിന് സോണി ലൈവെന്ന ഒറ്റിറ്റി പ്ലാറ്റ്‌ഫോമിലാണ് പുഴു റിലീസ് ചെയ്യുക. ഇപ്പോഴിതാ, അതിന്റെ ഭാഗമായി ദി ക്യൂ ചാനലിന് നൽകിയ അഭിമുഖത്തിൽ മമ്മൂട്ടി ഒടിടി പ്ലാറ്റ്‌ഫോമുകളെ കുറിച്ച് പറയുന്ന കാര്യങ്ങൾ ഏറെ ശ്രദ്ധ നേടുകയാണ്.
ഒടിടി പ്ലാറ്റ്‌ഫോമുകളും ഒടിടി റിലീസും സിനിമയ്ക്കു കൂടുതൽ പ്രേക്ഷകരെ ഉണ്ടാക്കി നൽകുകയാണ് ചെയ്യുന്നതെന്നും അത്കൊണ്ട് ഒടിടി റിലീസ് വളരെ നല്ല കാര്യമാണെന്നുമാണ് മമ്മൂട്ടി പറയുന്നത്. തീയറ്ററിൽ വന്നു സിനിമ കാണാൻ സമയവും സൗകര്യവുമില്ലാത്ത ഒട്ടേറെ പ്രേക്ഷകരെ ഒടിടി റിലിസുകൾ ആകര്ഷിക്കുന്നുണ്ടെന്നും അവർക്കു അവരുടെ സ്വന്തം സമയത്തിനും സൗകര്യത്തിനും സിനിമ കാണാൻ അത്കൊണ്ട് സാധിക്കുമെന്നും മമ്മൂട്ടി പറയുന്നു. മാത്രമല്ല, തീയേറ്റർ വ്യവസായത്തെ ഒടിടി പ്ലാറ്റ്‌ഫോമുകളോ ഒടിടി റിലീസുകളോ ബാധിക്കില്ലായെന്നും മമ്മൂട്ടി തുറന്ന് പറയുന്നു. ഒട്ടേറെ ഭാഷകളിൽ റിലീസ് ചെയ്യാനുള്ള സൗകര്യം കൂടി ഒടിടി റിലീസ് നൽകുന്നത് കൊണ്ടുതന്നെ, കാശ്മീർ മുതൽ കന്യാകുമാരി വരെയുള്ള പ്രേക്ഷകരിലേക്ക് ചിത്രം ഒരേസമയമെത്തുന്നുവെന്നും, ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നുള്ള പ്രേക്ഷകരിലേക്ക് ഒരേസമയം പല ഭാഷകളിൽ ചിത്രമെത്തുന്നത് വളരെ വലിയ കാര്യമാണെന്നും മമ്മൂട്ടി വിശദീകരിക്കുന്നു.