ദുൽഖർ സൽമാൻ നായകനായ ഒരു യമണ്ടൻ പ്രേമകഥ എന്ന ചിത്രം പ്രേക്ഷക മനസു കീഴടക്കി തിയേറ്ററിൽ മികച്ച രീതിയിൽ മുന്നേറുകയാണ്. നവാഗതനായ ബി സി നൗഫൽ ഒരുക്കിയ ഈ ചിത്രത്തിലെ അഭിനേതാക്കൾ എല്ലാവരും മികച്ച പ്രകടനമാണ് കാഴ്ച വെച്ചത്. ആ കൂട്ടത്തിൽ പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയ നടൻ ആണ് ദുൽഖറിന്റെ കൗമാര കാലം അവതരിപ്പിച്ച നവനീത്. തുടർച്ചയായി അഞ്ചു വർഷത്തോളം അവസരം ചോദിച്ചു നടന്നും 44 ഓഡിഷനുകളിൽ പങ്കെടുത്തുമാണ് ഈ ചെറുപ്പക്കാരൻ ആദ്യമായി സിനിമയിൽ എത്തിയത്. സിനിമയിൽ അഭിനയിക്കാൻ നിനക്ക് ദുൽഖറിനെ പോലെ സൗന്ദര്യവും കഴിവും ഉണ്ടോ എന്ന് ചോദിച്ചു കളിയാക്കിയവർക്ക് ദുൽഖറിന്റെ തന്നെ കൗമാര കാലം അവതരിപ്പിച്ചു കൊണ്ട് മറുപടി കൊടുത്തിരിക്കുകയാണ് നവനീത് എന്ന ഈ ചെറുപ്പക്കാരൻ.
ഒന്ന് രണ്ടു സീനുകളിൽ മാത്രം ആണ് പ്രത്യക്ഷപ്പെടുന്നുള്ളു എങ്കിലും പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടാൻ ഈ യുവ നടന് സാധിച്ചു എന്ന് പറയാം. സിനിമ സ്വപ്നം കണ്ടു നടക്കുന്നവർക്കും ഒന്നും രണ്ടും ഓഡിഷനുകൾ കഴിഞ്ഞു നിരാശരായി പിന്മാറുന്നവർക്കും ഒരു പ്രചോദനം തന്നെയാണ് നവനീത് . അടങ്ങാത്ത ആവേശത്തോടെയും ആഗ്രഹത്തോടെയും ഈ യുവാവ് നടത്തിയ പരിശ്രമത്തിന്റെ ഫലമാണ് ഇപ്പോൾ നേടുന്ന ഈ കയ്യടി. വിഷ്ണു ഉണ്ണികൃഷ്ണൻ- ബിബിൻ ജോർജ് ടീം തിരക്കഥ രചിച്ച ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് ആന്റോ ജോസെഫ്, സി ആർ സലിം എന്നിവർ ചേർന്നാണ്. സൗബിൻ ഷാഹിർ, സലിം കുമാർ, വിഷ്ണു ഉണ്ണികൃഷ്ണൻ, രഞ്ജി പണിക്കർ, ഡിലീസ് പോത്തൻ, ബിബിൻ ജോർജ്, ധർമജൻ ബോൾഗാട്ടി. ഹാരിഷ് കണാരൻ, നിഖില വിമൽ, സംയുക്ത മേനോൻ എന്നിവരും ഈ ചിത്രത്തിന്റെ ഭാഗം ആണ് .