രഘുനാഥ് പലേരിയുടെ രചനയിൽ ഷാനവാസ് ബാവക്കുട്ടി സംവിധാനം ചെയ്ത ഒരു കട്ടിൽ ഒരു മുറി കഴിഞ്ഞ ദിവസമാണ് പ്രേക്ഷകരുടെ മുന്നിലെത്തിയത്. ചിത്രത്തിന്റെ പേരിലുള്ള കൗതുകമാണ് ആദ്യം പ്രേക്ഷകരെ ആകർഷിച്ചതെങ്കിൽ, ആദ്യ ഷോ കഴിഞ്ഞ നിമിഷം മുതൽ ചിത്രത്തിന് ലഭിക്കുന്ന കയ്യടികൾ ഇപ്പോൾ കൂടുതൽ പ്രേക്ഷകരെ തീയേറ്ററുകളിലെത്തിക്കുകയാണ്. സസ്‌പെൻസും നർമ്മവും പ്രണയവുമെല്ലാം നിറഞ്ഞ ഈ ചിത്രം പേര് പോലെ തന്നെ കൗതുകരമായ ഒരു സിനിമാനുഭവമാണ് പ്രേക്ഷകർക്ക് സമ്മാനിക്കുന്നത്.
പ്രായഭേദമന്യേ പ്രേക്ഷകർക്ക് ആസ്വദിക്കാൻ സാധിക്കുന്ന ഈ ചിത്രം കഥയുടേയും കഥാപാത്രങ്ങളുടേയും വ്യത്യസ്തത കൊണ്ടും അഭിനേതാക്കളുടെ പ്രകടനം കൊണ്ടും കഥയുടെ അവതരണ ശൈലി കൊണ്ടും അഭിനന്ദനങ്ങൾ ഏറ്റു വാങ്ങുകയാണ്. പൂർണ്ണിമ ഇന്ദ്രജിത്, ഹക്കിം ഷാ, പ്രിയംവദ എന്നിവരുടെ ഗംഭീര പ്രകടനം തന്നെയാണ് ചിത്രത്തിന്റെ ഹൈലൈറ്റ്.
രുഗ്‍മാംഗദൻ എന്ന നായകന്റെ ഓട്ടപ്പാച്ചിലുകള്‍ക്കൊപ്പം സഞ്ചരിക്കുന്ന ചിത്രത്തിലേക്ക് നായികയായ മധുമിയയും മറ്റൊരു നിർണ്ണായക കഥാപാത്രമായ അക്കമ്മയും എത്തുന്നതോടെ വെറുമൊരു കാഴ്‌ചക്കുമപ്പുറം സിനിമ അനുഭവമായി മാറുന്നു. മൂന്നു കഥാപാത്രങ്ങളും ആരാണ്, എന്താണ് എന്നതിൽ ഒരു രഹസ്യ സ്വഭാവം നിലനിർത്തി മുന്നോട്ടു പോകാൻ സാധിക്കുന്നത് തന്നെയാണ് ചിത്രത്തിന്റെ ഏറ്റവും വലിയ വിജയം. ഏതായാലും ആദ്യ ദിനം മുതൽ തന്നെ എന്നും നല്ല സിനിമകളെ നെഞ്ചോട് ചേർക്കുന്ന മലയാളി പ്രേക്ഷകരുടെ കയ്യടി നേടി മുന്നോട്ടു കുതിക്കുകയാണ് ഒരു കട്ടിൽ ഒരു മുറി.