പ്രശസ്ത നടി മൈഥിലി വീണ്ടും ഒരു ശ്കതമായ കഥാപാത്രവുമായി എത്തുകയാണ്. നവാഗതനായ പി വിജയ കുമാർ സംവിധാനം ചെയ്ത ഒരു കാറ്റിൽ ഒരു പായ്കപ്പൽ എന്ന ചിത്രത്തിലൂടെയാണ് മൈഥിലി ഒരു ഗംഭീര തിരിച്ചു വരവിനു തയ്യാറാകുന്നത്. സാറ എന്ന് പേരുള്ള ഒരു കഥാപാത്രമാണ് മൈഥിലി ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ആലപ്പുഴയിലെ പുന്നമടക്കായലിന്റെ തീരത്തു നിലകൊള്ളുന്ന ഫ്രെഡിസ് ഐലണ്ടിനെ ചുറ്റിപ്പറ്റിയാണ് ഈ ചിത്രത്തിന്റെ കഥ വികസിക്കുന്നത്. ഫോർട്ട് കൊച്ചി സ്വദേശിയായ ഫ്രെഡിയും കുടുംബവും പുന്നമട തീരത്തുള്ള റിസോർട്ടിൽ നിന്ന് കിട്ടുന്ന വരുമാനം കൊണ്ടാണ് ജീവിക്കുന്നത്. ഫ്രഡിയുടെ മൂത്ത മകൾ ആണ് മൈഥിലി അവതരിപ്പിക്കുന്ന സാറ എന്ന കഥാപാത്രം. സാറയാണ് ഇപ്പോൾ റിസോർട്ട് നോക്കി നടത്തുന്നതും. സാറയുടെ ജീവിതവും പ്രണയവുമെല്ലാം ഈ ചിത്രത്തിന്റെ ഇതിവൃത്തത്തിൽ പെടുന്നു.
ആലപ്പുഴയുടെ ദൃശ്യഭംഗിയിൽ ചിത്രീകരിച്ച ഈ സിനിമയുടെ ഷൂട്ടിംഗ് ഇപ്പോൾ പൂർത്തിയായിട്ടുണ്ട്. സംവിധായകൻ തന്നെയാണ് ഈ ചിത്രത്തിന്റെ കഥയും രചിച്ചിരിക്കുന്നത്. സൺ ആഡ്‌സ് ആൻഡ് ഫിലിം പ്രൊഡക്ഷൻസ് ആണ് ഈ ചിത്രം അവതരിപ്പിക്കുന്നത്. ഷൈൻ ടോം ചാക്കോ നായക വേഷത്തിൽ എത്തുന്ന ഈ ചിത്രത്തിന്റെ ഒരു ടീസർ വലിയ പ്രേക്ഷക ശ്രദ്ധ നേടിയെടുത്തിരുന്നു. അജിത് എന്നാണ് ഷൈൻ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. ഡോക്ടർ സുന്ദർ മേനോൻ നിർമ്മിച്ചിരിക്കുന്ന ഈ ചിത്രത്തിന് വേണ്ടി ദൃശ്യങ്ങൾ ഒരുക്കിയത് ജോമോൻ തോമസ് ആണ്.
പ്രശസ്ത സംഗീത സംവിധായകൻ ബിജിപാൽ സംഗീതം ഒരുക്കിയിരിക്കുന്ന ഈ ചിത്രം എഡിറ്റ് ചെയ്യുന്നത് ദിലീപ് ഡെന്നിസ് ആണ്. ഈ ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് ശ്യാം പി എസും ഗാനങ്ങൾക്ക് വരികൾ എഴുതിയിരിക്കുന്നത് സന്തോഷ് വർമയും ആണ്.
പ്രിയനന്ദനൻ സംവിധാനം ചെയ്ത പാതിരക്കാലം എന്ന ചിത്രത്തിലും മൈഥിലിയുടെ തകർപ്പൻ പ്രകടനം ആണുള്ളത്. ഇപ്പോഴിതാ ഒരു കാറ്റിൽ ഒരു പായ്കപ്പൽ കൂടിയാവുമ്പോൾ ഈ വർഷം നടിയെന്ന നിലയിൽ മൈഥിലിയെ കാത്തിരിക്കുന്നത് ഒട്ടേറെ അംഗീകാരങ്ങൾ ആവുമെന്ന് പ്രതീക്ഷിക്കാം.