ഈ ചിത്രം ഇരുനൂറ് ദിവസമോടും, പക്ഷെ രജനികാന്തും കമൽ ഹാസനുമല്ല മോഹൻലാൽ വരണം; വെളിപ്പെടുത്തി സുരേഷ് ഗോപി

Advertisement

1998 ഇൽ റിലീസ് ചെയ്ത് വമ്പൻ ഹിറ്റായി മാറിയ മലയാള ചിത്രമാണ് സമ്മർ ഇൻ ബേത്ലഹേം. രഞ്ജിത് രചിച്ചു സിബി മലയിൽ സംവിധാനം ചെയ്ത ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായി സുരേഷ് ഗോപി, ജയറാം, മഞ്ജു വാര്യർ എന്നിവർ അഭിനയിച്ചപ്പോൾ, ഇതിലെ അതിനിർണായകമായ അതിഥി വേഷത്തിൽ എത്തിയത് കംപ്ലീറ്റ് ആക്ടർ മോഹൻലാലാണ്. ഈ ചിത്രത്തിൽ മോഹൻലാൽ വന്നതിനു കാരണം താനാണെന്ന് വെളിപ്പെടുത്തുകയാണിപ്പോൾ സുരേഷ് ഗോപി. ബിഹൈൻഡ് വുഡ്‌സ് മലയാളത്തിന് നൽകിയ അഭിമുഖത്തിലാണ് സുരേഷ് ഗോപി ഈ കാര്യം വെളിപ്പെടുത്തിയത്. ഈ ചിത്രത്തിന്റെ കഥ തന്നോട് പറഞ്ഞു കഴിഞ്ഞപ്പോൾ താൻ രഞ്ജിത്തിനോട് പറഞ്ഞത്, ഈ ചിത്രം ഇരുനൂറ് ദിവസം ഓടുമെന്നാണെന്ന് സുരേഷ് ഗോപി ഓർത്തെടുക്കുന്നു. മാത്രമല്ല, ഇതിലെ അതിനിർണായകമായ നിരഞ്ജൻ എന്ന വേഷം ചെയ്യാൻ രജനികാന്ത്, കമൽ ഹാസൻ എന്നിവരെ പരിഗണിക്കുന്നുണ്ടെന്ന് പറഞ്ഞപ്പോൾ താനാണ് മോഹൻലാൽ വേണം ഈ കഥാപാത്രം ചെയ്യാൻ, അദ്ദേഹത്തിന് മാത്രമേ ഇത് സാധിക്കു എന്ന് പറഞ്ഞതെന്നും സുരേഷ് ഗോപി വെളിപ്പെടുത്തി.

രജനി സാറിനെയും കമൽ സാറിനെയും കിട്ടിയാലും ഈ കഥാപാത്രം കൊടുക്കരുത് എന്നും ഇത് മോഹൻലാൽ ചെയ്താൽ മാത്രമേ നിൽക്കു എന്നും താൻ പറഞ്ഞപ്പോൾ, തന്റെ മനസ്സിലെ വിശ്വാസവും അത് തന്നെയാണെന്നാണ് രഞ്ജിത് പറഞ്ഞതെന്ന് സുരേഷ് ഗോപി വിശദീകരിച്ചു. ഈ ചിത്രം നിർമ്മിച്ച സിയാദ് കോക്കർ അടുത്തിടെ ഇതിന്റെ ഒരു രണ്ടാം ഭാഗം പ്രഖ്യാപിച്ചിരുന്നു. പുതിയ തലമുറയിലെ താരങ്ങളെ വെച്ചിട്ടാണ് സമ്മര്‍ ഇന്‍ ബത്‌ലഹേം സെക്കന്റ് പാര്‍ട്ട് ആലോചിക്കുന്നതെന്നും, വേറെ ഒരു കഥയാണ് പറയുന്നതെന്നും അദ്ദേഹം വെളിപ്പെടുത്തിയിരുന്നു. മഞ്ജു വാര്യർ ചിത്രത്തിലുണ്ടാവുമെന്നും, എന്നാൽ ജയറാം, സുരേഷ് ഗോപി എന്നിവർ ഉണ്ടാവുമോ എന്നത് പറയാൻ പറ്റില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close