മലയാള സിനിമയുടെ ചരിത്രം മാറ്റി എഴുതിയ സിനിമയാണ് മോഹൻലാൽ നായകനായ പുലിമുരുകൻ. വൈശാഖ് സംവിധാനം ചെയ്ത ഈ ചിത്രം മലയാളത്തിലെ ആദ്യ നൂറു കോടി കളക്ഷൻ നേടുന്ന ചിത്രമായി. 140 കോടിക്ക് മുകളിൽ ആഗോള കളക്ഷൻ നേടിയ ഈ ചിത്രം മലയാള സിനിമയ്ക്കു തുറന്നു കൊടുത്ത് വമ്പൻ വിദേശ മാർക്കറ്റ് ആണ്. അതിലൂടെ സഞ്ചരിച്ചു ഇപ്പോൾ മോഹൻലാൽ തന്നെ നായകനായ ലൂസിഫർ എന്ന ചിത്രം നൂറു കോടി കളക്ഷൻ നേടിയ രണ്ടാമത്തെ മാത്രം മലയാള ചിത്രമായി എന്ന് മാത്രമല്ല, വിദേശത്തു നിന്ന് മാത്രം അമ്പതു കോടി കളക്ഷൻ നേടിയ ആദ്യ ചിത്രവുമായി. ഇപ്പോഴിതാ പുലിമുരുകൻ നേടിയ വിജയത്തെ കുറിച്ചും മോഹൻലാലിനെ കുറിച്ചും പരാമർശിച്ചു കൊണ്ട് മുന്നോട്ടു വന്നിരിക്കുന്നത് പ്രശസ്ത സംവിധായകൻ ആഷിഖ് അബു ആണ്.
പുലിമുരുകൻ എന്ന ചിത്രം അത്ര വലിയ വിജയം നേടിയെടുത്തത് ലാലേട്ടൻ അതിൽ നായകനായി എത്തിയത് കൊണ്ടാണ് എന്നും മറ്റൊരു നടനും ആ വിജയം പുലിമുരുകന് നേടിക്കൊടുക്കാൻ സാധിക്കുമായിരുന്നില്ല എന്നും ആഷിഖ് അബു പറയുന്നു. മോഹൻലാൽ എന്ന നടനെ അത്തരം വേഷങ്ങളിൽ കാണാൻ ഇഷ്ട്ടപെടുന്ന ഒരു വലിയ ജന വിഭാഗം കേരളത്തിൽ ഉണ്ടെന്നും അവർ അത്തരം സിനിമകൾ ഏറെ ആസ്വദിക്കുന്നുമുണ്ട് എന്നതുമാണ് അതിന്റെ അർഥം എന്നും ആഷിഖ് അബു പറയുന്നു. മോഹൻലാലിനെ നായകനാക്കി ആഷിഖ് അബു ഇത് വരെ ഒരു ചിത്രം ഒരുക്കിയിട്ടില്ല. മോഹൻലാൽ എന്ന നടന്റെ വമ്പൻ താര മൂല്യം കൂടി പരിഗണിച്ചു കൊണ്ടുള്ള ഒരു ചിത്രമായിരിക്കും അദ്ദേഹത്തിന് വേണ്ടി താൻ ഒരുക്കാൻ ശ്രമിക്കുക എന്ന് കുറച്ചു നാൾ മുൻപുള്ള ഒരു മാധ്യമ അഭിമുഖത്തിൽ ആഷിക് അബു പറഞ്ഞിരുന്നു.