
മലയാളത്തിന്റെ താര സൂര്യൻ മോഹൻലാൽ നായകനായ ഒടിയൻ എന്ന ചിത്രം ഈ വരുന്ന വെളിയാഴ്ച റിലീസ് ചെയ്യാൻ പോവുകയാണ്. മുപ്പത്തിയേഴു രാജ്യങ്ങളിൽ ആയി റിലീസ് ചെയ്യാൻ പോകുന്ന ഈ ചിത്രം മൂന്നു ഭാഷകളിൽ ആണ് എത്തുക. ഇപ്പോഴിതാ ഈ ചിത്രത്തിന്റെ രചയിതാവും ദേശീയ അവാർഡ് ജേതാവുമായ ഹരികൃഷ്ണൻ ഒടിയനെ കുറിച്ചും തന്റെ മുൻ ചിത്രങ്ങളെ കുറിച്ചും മനസ്സ് തുറക്കുകയാണ്. ഷാജി എൻ കരുണിനു വേണ്ടി കുട്ടിസ്രാങ്ക് , സ്വപാനം എന്നീ ചിത്രങ്ങൾ എഴുതിയ ഹരികൃഷ്ണന്റെ മൂന്നാമത്തെ തിരക്കഥയാണ് ഒടിയൻ. കുട്ടിസ്രാങ്ക് മമ്മൂട്ടിക്കു മാത്രം പറ്റുന്ന ഒരു കഥാപാത്രജീവിതമാണ് എന്നും ആകാരത്തിലും അഭിനയത്തിലുമൊക്കെ വല്ലാത്തൊരു പൂർണതയുണ്ട് മമ്മൂട്ടിക്ക് എന്നും അദ്ദേഹം പറയുന്നു.
അതേസമയം, അതിസുന്ദരമായൊരു അഴിച്ചുവിടലാണ് മോഹൻലാൽ എന്നും അഭിനയത്തിലും ശരീരത്തിലും സൗഹൃദത്തിലുമൊക്കെ. തുറന്ന ആകാശം തേടുന്ന ഒരു പക്ഷി മോഹൻലാലിലുണ്ട് എന്നും അദ്ദേഹം പറയുന്നു. മമ്മൂട്ടിയിൽ അതില്ല. ഏതു സമയത്തും ഏതു കഥാപാത്രത്തിലേക്കും വളരെ മാജിക്കലായി പരകായപ്രവേശം ചെയ്യുന്ന നടൻ ആണ് മോഹൻലാൽ എന്ന് ഹരികൃഷ്ണൻ പറയുന്നു. ഗാംഭീര്യം, പൗരുഷം അങ്ങനെ നമുക്കുള്ള നായക സങ്കൽപങ്ങളുടെ മൂർത്തീകരണമാണ് മമ്മൂട്ടി എന്നും അദ്ദേഹം പറയുന്നു. രണ്ടു പേരും തമ്മിൽ ഉള്ള താരതമ്യം സാധ്യമല്ല എന്നും അദ്ദേഹം വിശദീകരിക്കുന്നു. പല അടരുകളുള്ള ഒരഭിനേതാവ് ആണ് മോഹൻലാൽ എന്നും കണ്ടുകൊണ്ടിരിക്കുന്ന നമുക്ക് അനുഭവത്തിന്റെ ഇത്രയും ലെയറുകൾ തരാനാവുന്ന എത്ര നടന്മാരുണ്ടെന്ന് തനിക്കറിയില്ല എന്നും ഒടിയനിലെ മോഹൻലാലിന്റെ പ്രകടനത്തെ മുൻനിർത്തി ഹരികൃഷ്ണൻ പറയുന്നു. കുട്ടിസ്രാങ്കിൽ മാജിക്കൽ റിയലിസം ആണെങ്കിൽ ഓടിയനിൽ ഫാന്റസി ആണ് എന്നാണ് അദ്ദേഹം പറയുന്നത്.