മലയാളത്തില്‍ റിലീസ് ചെയ്ത 76 സിനിമകളില്‍ വിജയിച്ചത് 6 എണ്ണം; നിർമ്മാതാക്കൾ നഷ്ടത്തിലെന്ന് പ്രൊഡ്യൂസഴ്സ് അസോസിയേഷൻ

Advertisement

മലയാള സിനിമ ഇപ്പോൾ വ്യാവസായികമായി അതിന്റെ ഏറ്റവും മോശം സമയത്തിലൂടെയാണ് കടന്നു പോകുന്നത്. അന്യ ഭാഷാ ചിത്രങ്ങളായ കെ ജി എഫ് 2, ആർ ആർ ആർ, വിക്രം എന്നിവ മാറ്റി നിർത്തിയാൽ ഇവിടെ മികച്ച വിജയം നേടിയ ചിത്രങ്ങൾ വിരലിൽ എണ്ണാവുന്നവ മാത്രമാണ്. ബാക്കിയെല്ലാ ചിത്രങ്ങളും ബോക്സ് ഓഫീസിൽ തകരുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്. 2022 പകുതി ആയപ്പോൾ മലയാളത്തിൽ വിജയിച്ച ചിത്രങ്ങളെ കുറിച്ചും നിർമ്മാതാക്കൾ നേരിടുന്ന പ്രതിസന്ധിയെ കുറിച്ചും സംസാരിച്ചു കൊണ്ട് മുന്നോട്ടു വന്നിരിക്കുകയാണ് മലയാള സിനിമയിലെ പ്രൊഡ്യൂസഴ്സ് അസോസിയേഷൻ. ഈ വർഷം ഇതുവരെ വരെ മലയാളത്തില്‍ റിലീസ് ചെയ്തത് 76 ചിത്രങ്ങളാണെന്നും, അതിൽ വിജയം നേടിയത് വെറും ആറ് ചിത്രങ്ങൾ മാത്രമാണെന്നും നിർമ്മാതാക്കളുടെ സംഘടനയുടെ നേതൃനിരയിലുള്ള പ്രശസ്ത നിർമ്മാതാവ് എം രഞ്ജിത് പറയുന്നു.

മനോരമ ന്യൂസിനോടായിരുന്നു രഞ്ജിത് മനസ്സ് തുറന്നത്. 50 ശതമാനം നിര്‍മാതാക്കള്‍ക്കും ഇനി മുന്‍പോട്ട് വരാൻ പ്പോലും കഴിയാത്ത തരത്തിലുള്ള കനത്ത പരാജയമാണ് സംഭവിച്ചിരിക്കുന്നതെന്നും രഞ്ജിത് വിശദീകരിച്ചു. ഒരു വാല്യുവും തിയേറ്ററില്‍ ഇല്ലാത്ത ചില താരങ്ങൾ വലിയ തുക പ്രതിഫലം വാങ്ങുന്നത് ശരിയാണോ എന്ന് കൂടി ആലോചിക്കേണ്ട സമയമായെന്നും രഞ്ജിത് പറയുന്നു. ഒ.ടി.ടിയില്‍നിന്ന് പ്രേക്ഷകനെ തിയറ്ററുകളിലെത്തിക്കാന്‍ പാകത്തിലുള്ള സിനിമകള്‍ ഉണ്ടായില്ലെങ്കില്‍ ഇപ്പോഴുള്ള പ്രതിസന്ധി കൂടുതൽ രൂക്ഷമാകാനാണ് പോകുന്നതെന്നും രഞ്ജിത് കൂട്ടിച്ചേർത്തു. വൈദ്യുതി ഫിക്‌സഡ് ചാര്‍ജില്‍ ഉണ്ടായ വര്‍ദ്ധനവും തിയേറ്ററുകള്‍ക്ക് പ്രശ്നം സൃഷ്ടിക്കുന്നുണ്ട് എന്നതും അവർ എടുത്തു പറയുന്നുണ്ട്. സൂപ്പർ ശരണ്യ, ഹൃദയം, ഭീഷ്മ പർവ്വം, ജനഗണമന, ജോ ആൻഡ് ജോ, കടുവ എന്നിവയാണ് ഈ വർഷം ഇതുവരെ റിലീസ് ചെയ്തു വിജയം നേടിയ ആറ് മലയാള ചിത്രങ്ങൾ.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close