സോഷ്യൽ മീഡിയ ഇപ്പോൾ ആഘോഷിച്ചു കൊണ്ടിരിക്കുന്നത് മലയാളത്തിന്റെ മാസ്സ് ഡയറക്ടർ ഷാജി കൈലാസ് തിരിച്ചു വരുന്നു എന്ന വാർത്തയാണ്, കമ്മീഷണറും കിംഗും ആറാം തമ്പുരാനും നരസിംഹവുമെല്ലാം നമ്മുക്ക് സമ്മാനിച്ച ഈ സംവിധായകൻ ആറു വർഷത്തെ ഇടവേളയ്ക്കു ശേഷം തിരിച്ചെത്തുന്നത് യുവ സൂപ്പർ താരം പൃഥ്വിരാജ് സുകുമാരൻ നായകനായ കടുവ എന്ന മാസ്സ് എന്റെർറ്റൈനെറിലൂടെ ആണ്. ഷാജി കൈലാസിന്റെ തന്നെ ഇൻഡസ്ട്രി ഹിറ്റായി മാറിയ നരസിംഹം എന്ന ചിത്രത്തിലെ മോഹൻലാലിന്റെ നായക കഥാപാത്രമായ ഇന്ദുചൂഡൻ പറയുന്ന ഡയലോഗ് പോലെ, ആറു വർഷത്തിന് ശേഷം ഷാജി കൈലാസ് മടങ്ങി വരുന്നത് ചില കളികൾ കാണാനും ചിലതു കാണിച്ചു പഠിപ്പിക്കാനുമാണ് എന്നാണ് സോഷ്യൽ മീഡിയ പറയുന്നത്. ഇപ്പോഴിതാ ഈ ചിത്രത്തിന്റെ രചയിതാവായ ജിനു എബ്രഹാം പറയുന്നതും കടുവ ഒരു കംപ്ലീറ്റ് ഷാജി കൈലാസ് ചിത്രം ആയിരിക്കും എന്നാണ്.
അതിനൊപ്പം തന്നെ അദ്ദേഹം വെളിപ്പെടുത്തുന്നത് ഈ ചിത്രത്തിൽ പൃഥ്വിരാജ് കൂടാതെ തെന്നിന്ത്യയിലെ മറ്റൊരു വലിയ താരം കൂടി ഉണ്ടാകും എന്നാണ്. അതാരാണെന്ന് വഴിയേ പുറത്തു വിടും. വമ്പൻ താര നിര അണിനിരക്കുന്ന ഈ ചിത്രം തൊണ്ണൂറുകളുടെ പശ്ചാത്തലത്തിൽ ആണ് കഥ പറയുന്നത് എന്നും ഷാജി കൈലാസിനെ പോലെ ഒരു വലിയ സംവിധായകന് മാത്രമേ ഈ ചിത്രം ചെയ്യാൻ സാധിക്കു എന്നും ജിനു പറഞ്ഞു. ആദം ജോൺ എന്ന പൃഥ്വിരാജ് ചിത്രം സംവിധാനം ചെയ്തിട്ടുള്ള ജിനു പറയുന്നത് കടുവ രചിച്ചു കഴിഞ്ഞപ്പോൾ തന്നെ താൻ ഇത് സംവിധാനം ചെയ്യുന്നില്ല എന്ന് തീരുമാനിച്ചിരുന്നു എന്നും അങ്ങനെയാണ് തങ്ങൾ ഷാജി കൈലാസിനെ സമീപിച്ചത് എന്നുമാണ്. തിരക്കഥ ഏറെ ഇഷ്ട്ടപെട്ട അദ്ദേഹവും ആറു വർഷം കാത്തിരുന്നത് ഇത്തരത്തിൽ ഒരു കഥയ്ക്ക് വേണ്ടിയായിട്ടിരുന്നു എന്നും ജിനു വെളിപ്പെടുത്തുന്നു.
താനും പൃഥ്വിരാജ് സുകുമാരനും കടുത്ത ഷാജി കൈലാസ് ആരാധകർ ആണെന്നും തന്നെക്കാൾ വലിയ ആരാധകൻ പൃഥ്വിരാജ് ആണെന്നും ജിനു എബ്രഹാം പറയുന്നു. ആക്ഷന് വേണ്ടി ആക്ഷൻ ഉണ്ടാക്കാതെ, കഥയിൽ ആവശ്യമായ സ്ഥലങ്ങളിൽ മാത്രമാണ് ആക്ഷൻ ഉള്ളത് എന്നും അദ്ദേഹം പറഞ്ഞു. വമ്പൻ ബഡ്ജറ്റിൽ ഒരുക്കുന്ന ഈ ചിത്രം പൃഥ്വിരാജ് പ്രൊഡക്ഷൻസ്, മാജിക് ഫ്രെയിംസ് എന്നീ ബാനറുകളിൽ പൃഥ്വിരാജ്, ലിസ്റ്റിൻ സ്റ്റീഫൻ എന്നിവരാണ് നിർമ്മിക്കുന്നത്.