![](https://i0.wp.com/onlookersmedia.com/wp-content/uploads/2020/04/One-of-my-biggest-wish-is-to-make-a-Malayalam-movie-with-Mohanlal-in-the-lead-says-Nitish-Bharadwaj.jpg?fit=1024%2C592&ssl=1)
മലയാള സിനിമാ പ്രേമികൾ എന്നും ഹൃദയത്തിൽ സൂക്ഷിക്കുന്ന ചിത്രമാണ് ഇതിഹാസ സംവിധായകൻ പി പദ്മരാജൻ രചിച്ചു സംവിധാനം ചെയ്ത ഞാൻ ഗന്ധർവ്വൻ. അദ്ദേഹത്തിന്റെ അവസാന ചിത്രവുമായിരുന്നു അത്. ബി ആർ ചോപ്രയുടെ മഹാഭാരതത്തിലെ കൃഷ്ണനായി അഭിനയിച്ചു ഇന്ത്യ മുഴുവൻ പ്രശസ്തനായ നിതീഷ് ഭരദ്വാജ് ആയിരുന്നു ഞാൻ ഗന്ധർവനിലെ നായക വേഷം ചെയ്തത്. അതിനു ശേഷം ഹിന്ദി, മറാത്തി സിനിമകളിലും സീരിയലുകളിലും വെബ് സീരിസിലുമെല്ലാം തിളങ്ങിയ അദ്ദേഹം ഒരു സംവിധായകൻ എന്ന നിലയിലും വലിയ പ്രശംസ നേടിയെടുത്ത താരമാണ്. അദ്ദേഹം സംവിധാനം ചെയ്ത പിതൃരൂൺ എന്ന മറാത്തി ചിത്രം വലിയ പ്രേക്ഷക പ്രശംസയും നിരൂപക പ്രശംസയും നേടിയെടുത്തതിന് പുറമെ ഒട്ടേറെ അവാർഡുകളും കരസ്ഥമാക്കി. ഇപ്പോൾ തന്റെ രണ്ടാമത്തെ ചിത്രം സംവിധാനം ചെയ്യാനുള്ള ഒരുക്കത്തിലാണ് അദ്ദേഹം. ഈ ചിത്രം മലയാളത്തിൽ ചെയുന്ന കാര്യം താൻ പരിഗണിച്ചു കൊണ്ടിരിക്കുകയാണ് എന്നും മോഹൻലാലിനെ നായകനാക്കി ഒരു മലയാള ചിത്രം സംവിധാനം ചെയ്യുക എന്നത് തന്റെ വലിയ ആഗ്രഹമാണ് എന്നും നിതീഷ് ഭരദ്വാജ് പറയുന്നു.
വനിതാ മാഗസിന് നൽകിയ അഭിമുഖത്തിലാണ് ഈ കാര്യം അദ്ദേഹം വെളിപ്പെടുത്തിയത്. താനും മോഹൻലാലും വർഷങ്ങൾക്കു മുൻപേ ഒന്നിക്കേണ്ടതായിരുന്നുവെന്നും അദ്ദേഹം നേരത്തെ പറഞ്ഞിട്ടുണ്ട്. കാരണം, ഞാൻ ഗന്ധർവ്വൻ കഴിഞ്ഞു പദ്മരാജൻ സംവിധാനം ചെയ്യാനിരുന്ന ചിത്രത്തിൽ മോഹൻലാലും താനും ആയിരുന്നു നായകന്മാർ എന്നും സഹോദരന്മാരായി അഭിനയിക്കാനിരുന്ന ആ ചിത്രത്തിന്റെ കഥ പദ്മരാജൻ തന്നോട് പറഞ്ഞിരുന്നു എന്നും നിതീഷ് വെളിപ്പെടുത്തി. എന്നാൽ ഞാൻ ഗന്ധർവ്വൻ റിലീസ് ആയി അധിക സമയം കഴിയാതെ പദ്മരാജൻ അന്തരിച്ചതോടെ അത് നടക്കാതെ പോയി. വളരെ മനോഹരമായ ഒരു കഥയായിരുന്നു അതെന്നും നിതീഷ് ഭരദ്വാജ് കുറച്ചു നാള് മുൻപ് പുറത്തു പറഞ്ഞിരുന്നു. മലയാളത്തിൽ തന്റെ അടുത്ത ചിത്രമൊരുക്കുന്ന കാര്യം താൻ അടുത്ത സുഹൃത്തും മലയാളിയുമായ ഗുഡ് നൈറ്റ് മോഹനുമായും പങ്കു വെച്ചുവെന്നും നിതീഷ് പറയുന്നു. ഗുഡ് നൈറ്റ് മോഹനാണ് ഞാൻ ഗന്ധർവനും നിർമ്മിച്ചത്.