‘മാലിക്’ മറ്റൊരു ‘മെക്സിക്കൻ അപാരത’; പരോക്ഷമായി വിമർശിച്ച് ഒമർ ലുലു..!

Advertisement

മഹേഷ് നാരായണൻ സംവിധാനം ചെയ്തു ഫഹദ് ഫാസിൽ നായകനായി അഭിനയിച്ച മാലിക് എന്ന ബിഗ് ബഡ്ജറ്റ് ചിത്രം രണ്ടു ദിവസം മുൻപാണ് ആമസോൺ പ്രൈം റിലീസ് ആയി എത്തിയത്. മികച്ച പ്രേക്ഷക പ്രതികരണങ്ങൾ നേടിയെടുത്ത ഈ ചിത്രം ഫഹദ് ഫാസിലിന്റെ തുടർച്ചയായ നാലാമത്തെ നേരിട്ടുള്ള ഒടിടി റിലീസ് കൂടിയാണ്. സീ യു സൂൺ, ഇരുൾ, ജോജി എന്നിവയാണ് ഫഹദ് നായകനായി നേരിട്ട് ഒടിടി റിലീസ് ചെയ്ത ചിത്രങ്ങൾ. ഏതായാലും മികച്ച അഭിപ്രായങ്ങൾക്കൊപ്പം തന്നെ വിമർശനങ്ങളും മാലിക് നേരിടുന്നുണ്ട്. ചിത്രത്തിന്റെ പ്രമേയവുമായി ബന്ധപ്പെട്ടാണ് ഏറെയും വിമർശനങ്ങൾ വരുന്നത്. അങ്ങനെ മാലിക്കിനെ പരോക്ഷമായി വിമർശിച്ചു കൊണ്ട് രംഗത്ത് വന്നവരിൽ പ്രമുഖൻ മലയാളത്തിലെ സൂപ്പർ ഹിറ്റ് സംവിധായകരിൽ ഒരാളായ ഒമർ ലുലു ആണ്. ചിത്രം കണ്ടതിനു ശേഷം തന്റെ ഫേസ്ബുക് പോസ്റ്റിലൂടെയാണ് ഒമർ ലുലു മാലിക്കിനെ വിമർശിച്ചത്. ‘മാലിക്ക് സിനിമ കണ്ടു തീർന്നു മറ്റൊരു മെക്സിക്കന്‍ അപാരത എന്ന് പറയാം എന്നാണ് ഒമർ ലുലുവിന്റെ കുറിപ്പ്.

കലാലയ രാഷ്ട്രീയ കഥ പറഞ്ഞ ഒരു മെക്സിക്കൻ അപാരത എന്ന ചിത്രത്തിൽ കാണിച്ചത് മഹാരാജാസ് കോളേജില്‍ കെ എസ് യു വര്‍ഷങ്ങളായി ആധിപത്യം തുടരുന്നതും‍ ഇവരെ തറപറ്റിച്ച് എസ്എഫ്ഐ മുന്നേറുന്നതുമാണ്. എന്നാല്‍ 2011 ല്‍ എസ്എഫ്ഐയെ തറപറ്റിച്ച് കെ എസ് യു മഹാരാജാസ് കോളേജില്‍ നേടിയ വിജയവും, അന്ന് ചെയർമാൻ ജിനോ ജോണ്‍ നടത്തിയ പ്രസംഗവും ഇടത് സംഘടനയുടേതാക്കി കാണിച്ചതാണ് ഈ ചിത്രമെന്ന് അപ്പോഴേ ഒരുപാട് വിമർശനങ്ങൾ വന്നിരുന്നു. അതുപോലെ ഇപ്പോൾ മാലിക്കിനു നേരേ ഉയരുന്ന വിമർശനങ്ങൾ 2009 ൽ തിരുവനന്തപുരത്തെ ബീമാപ്പള്ളിയിൽ നടന്ന വെടിവെയ്പുമായും അന്നത്തെ രാഷ്ട്രീയ സാഹചര്യവുമായും ബന്ധപ്പെട്ടാണ് എന്നതാണ് ശ്രദ്ധേയമായ കാര്യം. അന്ന് ഭരണകക്ഷിയായിരുന്ന സിപിഎമ്മിനെ വെള്ളപൂശാനുള്ള ശ്രമമാണ് സിനിമയെന്ന ആരോപണങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഉയരുന്നത്. സംഭവം നടന്ന സമയത്ത് വിഎസ് അച്യുതാനന്‍ മുഖ്യമന്ത്രിയും കോടിയേരി ബാലകൃഷ്ണൻ ആഭ്യന്തരമന്ത്രിയും ആയിരുന്നു എങ്കിലും വെടിവെയ്പിനു പിന്നിലുള്ള രാഷ്ട്രീയ ഇടപെടലുകളെ ഒട്ടും പരാമർശിക്കാതെ അന്നത്തെ അധികാരവൃത്തങ്ങളെ വെള്ള പൂശുന്ന നടപടിയാണ് ചിത്രത്തിൽ കാണിച്ചിരിക്കുന്നതെന്നാണ് ആരോപണം.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close