ഈ കോവിഡ് കാലത്തു തനിക്കു ലഭിച്ച ഏറ്റവും വലിയ സന്തോഷത്തെ കുറിച്ച് മനസ്സ് തുറക്കുകയാണ് പ്രശസ്ത സംവിധായകൻ ഒമർ ലുലു. മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ തന്നെ വിളിച്ചു സംസാരിച്ചതും തന്റെ പുതിയ ആൽബം കണ്ടു അഭിനന്ദിച്ചതുമാണ് അതിനു കാരണമെന്നു ഒമർ ലുലു പറയുന്നു. ലോക്ക് ഡൗണ്‍ കാലത്ത് തന്നെ തേടിയെത്തിയ ആ അപ്രതീക്ഷിത ഫോൺ കോളിന്റെ ആവേശത്തിലാണ് ഇപ്പോഴും ഒമർ ലുലു. ഈ വിവരം പങ്കു വെച്ച് കൊണ്ട് അദ്ദേഹം ഇട്ട ഫേസ്ബുക് പോസ്റ്റും വലിയ ശ്രദ്ധയാണ് നേടിയത്. തന്റെ ഫേസ്ബുക് പോസ്റ്റിൽ ഒമർ ലുലു കുറിച്ച വാക്കുകൾ ഇങ്ങനെ, സമീർ ഭായി വിളിച്ചിട്ട് എന്താ വിശേഷം എന്നൊക്കെ ചോദിച്ച് പെട്ടെന്ന് ഞാന്‍ ലാലേട്ടന് ഫോൺ കൊടുക്കാം എന്ന് പറഞ്ഞൂ. ഞാന്‍ ആകെ സ്ട്രക്കായി പോയി. അപ്പോഴേക്കും ലാലേട്ടന്റെ ശബ്ദം, ഒമർ ഞാന്‍ മഹിയിൽ മഹാ എന്ന ഒമറിന്റെ പുതിയ ആൽബം കണ്ടിരുന്നു. പണ്ട് മുതലേ ഇഷ്ടപ്പെട്ട മാപ്പിളപാട്ടാണ് മഹിയിൽ മഹയും മാണിക്യ മലരും ഒക്കെ. പുതിയ ട്യൂണിൽ കേട്ടപ്പോഴും നല്ല ഇഷ്ടമായി എന്നും ആൽബത്തിൽ വർക്ക് ചെയത എല്ലാവരോടും അഭിനന്ദനം പറയാനും പറഞ്ഞൂ. പുതിയ സിനിമാ വിശേഷങ്ങളും ഒക്കെ ചോദിച്ച് അംശസകൾ പറഞ്ഞ് ഫോൺ കട്ട് ചെയ്തു. ഈ കോവിഡ് കാലത്ത് കിട്ടിയ ഒരു വലിയ സന്തോഷം.
പി ടി അബ്‍ദുള്‍ റഹ്മാന്‍റെ വരികള്‍ക്ക് പീര്‍ മുഹമ്മദ് സംഗിതം പകര്‍ന്ന പ്രശസ്‍ത ഗാനമാണ് മഹിയില്‍ മഹാ. ഈ ഗാനം ഒമര്‍ ലുലുവിന്‍റെ ആല്‍ബത്തിനുവേണ്ടി ജുബൈർ മുഹമ്മദ് ചിട്ടപ്പെടുത്തിയപ്പോൾ അത് ആലപിച്ചത് വിനീത് ശ്രീനിവാസൻ ആണ്. അഭിഷേക് ടാലന്റഡ് ഈ ഗാനത്തിലെ ഹിന്ദി വരികൾ എഴുതിയപ്പോൾ ഇതിൽ അഭിനയിച്ചത് അജ്മൽ ഖാൻ ജുമാന ഖാൻ എന്നിവരാണ്. മുസ്തഫ അബൂബക്കർ ദൃശ്യങ്ങൾ ഒരുക്കിയ ഈ ഗാനം ഈ കഴിഞ്ഞ മെയ് പതിമൂന്നിന് ആണ് റിലീസ് ചെയ്തത്. യുട്യൂബില്‍ ഇതിനോടകം 35 ലക്ഷത്തിലേറെ കാഴ്ചക്കാരെയാണ് ഈ ഗാനത്തിന് ലഭിച്ചത്.
ഫോട്ടോ കടപ്പാട്: ട്വിറ്റെർ