
മലയാള സിനിമയിൽ ചുരുങ്ങിയ കാലംകൊണ്ട് ഏറെ ശ്രദ്ധ നേടിയ സംവിധായകനാണ് ഒമർ ലുലു. ഹാപ്പി വെഡിങ് എന്ന സൂപ്പർഹിറ്റ് ചിത്രത്തിലൂടെയാണ് അദ്ദേഹം മലയാള സിനിമയിൽ സംവിധായകനായി അരങ്ങേറ്റം കുറിക്കുന്നത്. ചങ്ക്സ്, ഒരു അടാർ ലൗവ്, ധമാക്ക തുടങ്ങിയ ചിത്രങ്ങളാണ് അദ്ദേഹം സംവിധാനം ചെയ്തിരിക്കുന്നത്. അവസാനമായി പുറത്തിറങ്ങിയ ധമാക്ക എന്ന ചിത്രം ബോക്സ് ഓഫീസിൽ തകർന്നടിയുകയായിരുന്നു. ഒരു ശക്തമായ തിരിച്ചുവരവിന് ഒരുങ്ങുകയാണ് ഒമർ ലുലു. ബാബു ആന്റണിയെ നായകനാക്കി പവർ സ്റ്റാർ എന്ന ചിത്രം ഒമർ ലുലു അടുത്തിടെ അന്നൗൻസ് ചെയ്തിരുന്നു. ഒമർ ലുലുവിന്റെ ഫേസ്ബുക്ക് പോസ്റ്റാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്.
സൗത്ത് ഇന്ത്യ ഒട്ടാകെ വലിയ തോതിൽ ആരാധകരുള്ള അല്ലു അർജ്ജുനോടൊപ്പം ഇരിക്കുന്ന ഒരു ചിത്രമാണ് താരം പങ്കുവെച്ചിരിക്കുന്നത്. ഒമർ ലുലുവിന്റെ ക്യാപ്‌ഷനും ഏറെ ശ്രദ്ധ നേടുകയാണ്. അപ്പോ എല്ലാം പറഞ്ഞ പോലെ പവർസ്റ്റാർ കഴിഞ്ഞ് ഒരു പൊളി പൊളിക്കാം എന്നാണ് ഒമർ ലുലു ചിത്രത്തിന് അടിക്കുറിപ്പ് പോലെ നൽകിയിരിക്കുന്നത്. പവർ സ്റ്റാർ കഴിഞ്ഞാൽ അല്ലു അർജ്ജുനെ നായകനാക്കിയോ ഗസ്റ്റ് റോളിൽ കൊണ്ടു വന്നോ ഒരു സിനിമ ഒമർ ലുലു സംവിധാനം ചെയ്യും എന്നൊക്കെ അഭ്യൂഹങ്ങൾ ഉണ്ട്. ഔദ്യോഗിക സ്ഥിതികരണത്തിനായി ആരാധകർ കാത്തിരിക്കുകയാണ്. ഒമർ ലുലുവിന്റെ അണിയറയിൽ ഒരുങ്ങുന്ന ചിത്രമാണ് പവർ സ്റ്റാർ. ബാബു ആന്റണിയെ നായകനാക്കി ഒരു ആക്ഷൻ എന്റർടൈയിനറാണ് അണിയറയിൽ ഒരുങ്ങുന്നത്. ഹോളിവുഡ് താരം ലൂയിസ് മാന്റിലോറാണ് ചിത്രത്തിൽ പ്രതിനായകനായി വരുന്നത്. അബു സലിം, ബാബുരാജ്, റിയാസ് ഖാൻ തുടങ്ങിയവർ ചിത്രത്തിൽ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നു. പവർ സ്റ്റാറിന്റെ ചിത്രീകരണം വൈകാതെ തന്നെ ആരംഭിക്കും.
