തൊണ്ണൂറുകളിലെ മലയാള സിനിമയിലെ ആക്ഷൻ രാജാക്കന്മാരിൽ ഒരാളായിരുന്ന നടൻ ബാബു ആന്റണി വീണ്ടും നായകനായി തിരിച്ചു വരുന്ന ചിത്രമാണ് പവർ സ്റ്റാർ. സൂപ്പർ ഹിറ്റ് സംവിധായകൻ ഒമർ ലുലു ഒരുക്കുന്ന ഈ മാസ്സ് ചിത്രത്തിലെ ബാബു ആന്റണിയുടെ ലുക്കും ഇതിന്റെ ആദ്യ പോസ്റ്ററും റിലീസ് ചെയ്തിരുന്നു. ജൂലൈ ആദ്യ വാരം ഇതിന്റെ ടീസർ റിലീസ് ചെയ്യുമെന്നും സംവിധായകൻ അറിയിച്ചിട്ടുണ്ട്. നഷ്ട്ടപെട്ടു പോയതെല്ലാം പത്തിരട്ടിയാക്കി തിരിച്ചു പിടിക്കുന്നവനാണ് യഥാർത്ഥ ഹീറോ എന്നാണ് ഇതിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ കൊടുത്ത ക്യാപ്ഷൻ. അന്തരിച്ചു പോയ ഇതിഹാസ രചയിതാവ് ഡെന്നിസ് ജോസഫ് ഏറ്റവുമവസാനം രചിച്ച തിരക്കഥയാണ് പവർ സ്റ്റാറിന്റെത്. റോയൽ സിനിമാസ്, ജോയ് മുഖർജി പ്രൊഡക്ഷൻസ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന പവർ സ്റ്റാർ കൊക്കെയ്‍ന്‍ വിപണിയുടെ പശ്‌ചാത്തലത്തിൽ കഥ പറയുന്ന ചിത്രമാണ്. തൊണ്ണൂറുകളിലെ തന്റെ ആക്ഷൻ കിംഗ് അവതാരത്തെ ഓർമ്മിപ്പിക്കുന്ന, മുടി നീട്ടി വളർത്തിയ ലുക്കിലാണ് ബാബു ആന്റണി ഇതിൽ അഭിനയിക്കുന്നത്.
ഇപ്പോഴിതാ, ഈ ചിത്രം താൻ ആദ്യം പ്ലാൻ ചെയ്തത് എങ്ങനെയെന്ന് വെളിപ്പെടുത്തുകയാണ് ഒമർ ലുലു. തന്റെ ഫേസ്ബുക് പേജിൽ അദ്ദേഹം കുറിച്ച വാക്കുകൾ ഇങ്ങനെ, “കേരളത്തിലും കര്‍ണ്ണാടകയിലും ആയി നടക്കുന്ന മയക്കുമരുന്ന് മാഫിയയുടെ കഥ ആയത് കൊണ്ട് പവര്‍സ്റ്റാര്‍ മലയാളം കന്നട ബൈലിങ്ക്വല്‍ മൂവി ആയിട്ടാണ് പ്‌ളാന്‍ ചെയ്തത്. കെ.ജി.എഫ് മ്യൂസിക് ഡയറക്ടര്‍ രവി ബാസൂര്‍ പിന്നെ ഫൈറ്റിന് പീറ്റര്‍ ഹെയന്‍, രാമ ലക്ഷമണ്‍ എന്നിവരും, ലാലേട്ടന്റെയും രക്ഷിത്ത് ഷെട്ടിയുടെയും ഒരു ഗസ്റ്റ് റോള്‍ അങ്ങനെ കുറെ ആഗ്രഹങ്ങള്‍ പവര്‍സ്റ്റാറില്‍ ഉണ്ടായിരുന്നു. പക്ഷേ ബജറ്റ് കൂടിയത് കൊണ്ട് ബിസിനസ് ആവില്ല എന്ന് പറഞ്ഞ് മലയാളത്തിലെ ഒട്ടു മിക്ക പ്രൊഡ്യൂസേഴ്‌സും പവര്‍സ്റ്റാറിനെ കൈ ഒഴിഞ്ഞു, ഇനി മലയാളത്തില്‍ മിനിമം ബഡ്ജറ്റില്‍ ബാബു ചേട്ടനെ വെച്ച് മാക്‌സിമം മാസ്സ് അതാണ് പവര്‍സ്റ്റാര്‍”. ബാബു ആന്റണിക്കൊപ്പം അബു സലിം, ബാബു രാജ്, റിയാസ് ഖാൻ തുടങ്ങിയവരും അഭിനയിക്കുന്ന ഈ ചിത്രത്തിന് ക്യാമറ ചലിപ്പിക്കുന്നത് സിനു സിദ്ധാർഥ്, എഡിറ്റ് ചെയ്യുന്നത് ജോൺ കുട്ടി, സംഗീതവും പശ്ചാത്തല സംഗീതവുമൊരുക്കുന്നത് സംവിധായകൻ ഒമർ ലുലു എന്നിവരാണ്.