ഇന്ന് മലയാളി പ്രേക്ഷകർ ഏറെ ആകാംഷയോടെയും ആവേശത്തോടെയും കാത്തിരിക്കുന്ന ചിത്രമാണ് ഒടിയൻ. ഒരു പക്ഷെ ഇത്രയും ഹൈപ്പ് ഉള്ള ഒരു ചിത്രം മലയാള സിനിമാ ചരിത്രത്തിൽ തന്നെ ആദ്യമാണ് എന്നു പറയാം. ഈ ചിത്രത്തിന്റെ റിലീസിന് വേണ്ടിയുള്ള കാത്തിരിപ്പിൽ ആണ് ഇപ്പോൾ മലയാള സിനിമാ പ്രേമികളും ആരാധകരും. അവരെ ആവേശത്തിന്റെ കൊടുമുടിയിൽ എത്തിക്കുന്ന ഒരു റിപ്പോർട്ട് ആണ് ഇപ്പോൾ പുറത്തു വരുന്നത്. മലയാള സിനിമയിൽ ആദ്യമായി നൂറ് കോടി നേടി, മോളിവുഡിലെ എക്കാലത്തെയും വലിയ വിജയമായി മാറിയ ചിത്രമായിരുന്നു മോഹൻലാൽ നായകനായ ‘പുലിമുരുകൻ’. രണ്ട് വർഷം മുമ്പ് ഒക്ടോബറിലാണ് ഈ ചിത്രം പ്രദർശനത്തിനെത്തിയത്. രണ്ടു വര്ഷത്തിനിപ്പുറം, പുലിമുരുകൻ രണ്ടാം വാർഷികം ആഘോഷിക്കാൻ പോകുന്ന ഈ വരുന്ന ഒക്ടോബറിൽ ആണ് ശ്രീകുമാർ മേനോൻ സംവിധാനം ചെയ്ത ബ്രഹ്മാണ്ഡ മോഹൻലാൽ ചിത്രമായ ഒടിയൻ റീലീസിനായി ഒരുങ്ങുന്നത്.
മലയാളത്തിലെ എക്കാലത്തെയും വലിയ റിലീസിന് ആണ് ഒടിയൻ തയ്യാറാവുന്നത്. പുലിമുരുകൻ ഡേ ആയ ഒക്ടോബർ 7 ഈ വർഷം ഞായറാഴ്ച ആയതിനാൽ അണിയറ പ്രവർത്തകർ ആശങ്കയിലാണ്. എന്നാൽ പോലും ആരാധകരുടെയും സിനിമ പ്രേമികളുടെ അഭ്യർത്ഥനമാനിച്ചു കഴിയുന്നതും അതേ ദിവസം തന്നെ ഒടിയനും റീലീസിനെത്തിക്കും എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ഒടിയന്റെ ഗ്രാഫിക്സ് ജോലികളും മോഹൻലാൽ ഒഴികയുള്ള താരങ്ങളുടെ ഡബ്ബിങും പൂർത്തിയായി എന്നാണ് ശ്രീകുമാർ മേനോൻ അടുത്തിടെ ഒരു അഭിമുഖത്തിൽ സൂചിപ്പിച്ചത്. ഒടിയന് വേണ്ടി മോഹൻലാൽ ശരീര ഭാരം കുറക്കുകയും വലിയ മേക്ക് ഓവർ തന്നെ നടത്തുകയും ചെയ്യുകയുണ്ടായി. ഇരുവർ എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ- പ്രകാശ് രാജ് ഒന്നിക്കുന്ന ചിത്രം കൂടിയാവും ഒടിയൻ. ചിത്രത്തിലെ നായികയായി പ്രത്യക്ഷപ്പെടുന്നത് മഞ്ജു വാര്യരാണ്. വില്ലൻ എന്ന മോഹൻലാൽ ചിത്രത്തിലായിരുന്നു ഇരുവരും അവസാനമായി അഭിനയിച്ചത്. സിദ്ദിഖ്, നരേൻ, കൈലാഷ്, നന്ദു, സന അൽത്താഫ്, മനോജ് ജോഷി തുടങ്ങിയവർ ചിത്രത്തിൽ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നുണ്ട്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമ്മിക്കുന്നത്.