മലയാള സിനിമയുടെ താര സൂര്യൻ മോഹൻലാൽ നായകനാവുന്ന ഒടിയൻ എന്ന ബ്രഹ്മാണ്ഡ ചിത്രം നാളെ മുതൽ ലോകം മുഴുവൻ റിലീസ് ചെയ്യുകയാണ്. 37 രാജ്യങ്ങളിൽ ആയാണ് ഈ ചിത്രം റിലീസ് ചെയ്യുന്നത്. ലോകം മുഴുവൻ 3004 സ്‌ക്രീനുകളിൽ റിലീസ് ചെയ്യുന്ന ഈ ചിത്രം കേരളത്തിൽ 412 സ്‌ക്രീനുകളിൽ ആണ് എത്തുന്നത്. കേരളത്തിന് പുറത്തു മുന്നൂറു സ്‌ക്രീനുകളിൽ എത്തുന്ന ഈ ചിത്രം ഇന്ത്യക്കു പുറത്തു റിലീസ് ചെയ്യുന്നത് 2292 സ്‌ക്രീനുകളിൽ ആയാണ്. ആദ്യ ദിവസം പന്ത്രണ്ടായിരത്തിൽ അധികം പ്രദർശനം ആണ് ഈ ചിത്രം ലോകമെമ്പാടുമുള്ള സ്‌ക്രീനുകളിൽ നടത്തുക.
വി എ ശ്രീകുമാർ മേനോൻ സംവിധാനം ചെയ്ത ഈ ചിത്രം രചിച്ചത് ഹരികൃഷ്ണനും നിർമ്മിച്ചത് ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരും ആണ്. ഫാൻസ് ഷോകളുടെ എണ്ണത്തിലും അഡ്വാൻസ് ബുക്കിങ്ങിലും ചരിത്രം കുറിച്ച ഈ ചിത്രം തമിഴ്, തെലുങ്കു ഭാഷകളിലും നാളെ തന്നെ റിലീസ് ചെയ്യും. മൂന്നു ഭാഷകളിൽ ഒരേ സമയം റിലീസ് ചെയ്യുന്ന ആദ്യത്തെ മലയാള ചിത്രമാണ് ഒടിയൻ. ഈ ചിത്രത്തിന്റെ പ്രീ-റിലീസ് ബിസിനെസ്സ് തന്നെ നൂറു കോടി രൂപ പിന്നിട്ടിരുന്നു. മോഹൻലാലിന് ഒപ്പം മഞ്ജു വാര്യർ, പ്രകാശ് രാജ്, എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ഈ ചിത്രത്തിന് സംഘട്ടനം ഒരുക്കിയത് പീറ്റർ ഹെയ്‌ൻ ആണ്. എം ജയചന്ദ്രൻ ഗാനങ്ങളും സാം സി എസ് പശ്ചാത്തല സംഗീതവും ഒരുക്കിയ ഈ ചിത്രത്തിന് ദൃശ്യങ്ങൾ നൽകിയത് ഷാജികുമാർ ആണ്. ജോൺകുട്ടി ആണ് ഒടിയൻ എഡിറ്റ് ചെയ്തിരിക്കുന്നത്.