ഇന്നലെ വൈകുന്നേരമാണ് താര ചക്രവർത്തി മോഹൻലാലിന്റെ ഒടിയൻ എന്ന ബ്രഹ്മാണ്ഡ ചലച്ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായുള്ള മൊബൈൽ ആപ്പ്ളിക്കേഷൻ ഗൂഗിൾ പ്ളേ സ്റ്റോറിൽ എത്തിയത്. ഇതിനു മുൻപ് മോഹൻലാലിൻറെ പുലിമുരുകന് മൊബൈൽ ആപ്പ്ളിക്കേഷൻ വഴിയുള്ള പ്രമോഷൻ നടത്തിയിരുന്നു. ഇന്നലെ റിലീസ് ചെയ്ത ഒടിയൻ ആപ്പിന് ത്രസിപ്പിക്കുന്ന സ്വീകരണമാണ് ആരാധകരും സിനിമാ പ്രേമികളും നൽകിയത്. ആദ്യ അര മണിക്കൂറിൽ മുന്നൂറോളം പേര് ഡൌൺലോഡ് ചെയ്ത ഈ ആപ്പ്ളിക്കേഷൻ ഒരു മണിക്കൂർ കൊണ്ട് ഡൌൺലോഡ് ചെയ്തത് ഒരു ലക്ഷത്തോളം ആളുകളാണ്. അത്യധികം ആളുകൾ ഒരുമിച്ചു ഒരേ സമയം ഡൌൺലോഡ് ചെയ്തതോടെ ഒടിയൻ ആപ് കുറച്ചു സമയത്തേക്ക് തകരാറിൽ ആവുകയും ചെയ്തു.
അണിയറ പ്രവർത്തകർ പ്രതീക്ഷിച്ചതിലും വലിയ സ്വീകരണമാണ് ഈ ആപ്പ്ളിക്കേഷന് പ്രേക്ഷകരിൽ നിന്ന് ലഭിച്ചത്. ഒടിയൻ എന്ന ചിത്രത്തെ കുറിച്ചുള്ള സകല വിവരങ്ങളും ഇതിൽ ഇന്ന് നിങ്ങൾക്ക് ലഭ്യമാകും. ചിത്രത്തിന്റെ ഗംഭീര പോസ്റ്ററുകളും ഇതുവരെ പുറത്തു വിടാതിരുന്ന ലൊക്കേഷൻ സ്റ്റില്ലുകളും ഈ ആപ്പ്ളിക്കേഷനിൽ നിന്ന് ലഭ്യമാണ്. ഇതിൽ നിന്ന് ലഭ്യമായ ഒടിയൻ ലൊക്കേഷൻ സ്റ്റില്ലുകളും പുതിയ പോസ്റ്ററുകളും ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാണ്. വി എ ശ്രീകുമാർ മേനോൻ സംവിധാനം ചെയ്ത ഈ ചിത്രത്തിന്റെ വമ്പൻ പ്രമോഷൻ പരിപാടികൾ വരും ദിവസങ്ങളിൽ സോഷ്യൽ മീഡിയ ഇളക്കി മറിക്കും എന്നാണ് സൂചന. ഒടിയൻ മൊബൈൽ ഗെയിം അടുത്ത മാസം എത്തുമെന്ന് റിപ്പോർട്ടുകൾ ഉണ്ട്. അതുപോലെ തന്നെ ഒടിയൻ സ്പെഷ്യൽ മാലകളും തീയേറ്ററുകളിൽ എത്തിയ ഒടിയൻ പ്രതിമകളും വമ്പൻ ജനശ്രദ്ധയാണ് നേടിയെടുക്കുന്നത്. ഡിസംബർ പതിനാലിന് ആണ് ഈ ചിത്രം റിലീസ് ചെയ്യാൻ പോകുന്നത്.