ഇപ്പോൾ സോഷ്യൽ മീഡിയ മുഴുവൻ നിറയുന്നത് നൗഷാദ് എന്ന മനുഷ്യന്റെ മുഖമാണ്. ഇദ്ദേഹം ഒരു സിനിമാ താരമോ, രാഷ്ട്രീയക്കാരനോ സെലിബ്രിറ്റിയോ അല്ല. പക്ഷെ ഇന്ന് കേരളത്തിലെ ജനങ്ങളുടെ മുന്നിലുള്ള ഹീറോകളിൽ ഒരാൾ നൗഷാദ് ആണ്. പ്രളയ ദുരിതത്തിൽ പെട്ടവരെ സഹായിക്കാൻ കേരളത്തിലെ ചെറുപ്പക്കാരും സന്നദ്ധ സംഘടനകളും അതിതീവ്രമായ രീതിയിൽ പരിശ്രമിക്കുമ്പോൾ അവർക്കൊപ്പം നൗഷാദ് ചേർന്നത് നന്മ നിറഞ്ഞ ഒരു പ്രവർത്തിയിലൂടെയാണ്. മലയാള സിനിമാ താരങ്ങൾ അടക്കം പറയുന്നു, ഞങ്ങളല്ല, നൗഷാദ് ആണ് താരം എന്ന്. നൗഷാദിന്റെ പ്രവർത്തിയെ കുറിച്ച് നടൻ സിദ്ദിഖ് തന്റെ ഫേസ്ബുക് പേജിൽ പോസ്റ്റ് ചെയ്ത വാക്കുകൾ ഇങ്ങനെ,
“ഈ മനുഷ്യൻ….. നൗഷാദ്….. ദുരിതാശ്വാസത്തിനായി തുണിത്തരങ്ങളും ചെരുപ്പുകളും തെണ്ടി ബ്രോഡ്‌വേയിലെ കടകൾ തോറും കയറിയിറങ്ങി നടക്കുമ്പോൾ “നിങ്ങൾക്ക് കുഞ്ഞുടുപ്പുകൾ വേണോ” എന്നു ചോദിച്ച് കൂട്ടിക്കൊണ്ടു പോയി, അഞ്ച് ചാക്കു നിറയെ തുണിത്തരങ്ങൾ എടുത്തു തന്നൊരു മട്ടാഞ്ചേരിക്കാരൻ. നിങ്ങൾക്കിത് വലിയ നഷ്ടം വരുത്തില്ലേത്? എന്നു ചോദിച്ചപ്പോൾ, “നമ്മൾ പോകുമ്പോൾ ഇതൊന്നും ഇവിടുന്ന് കൊണ്ടുപോവാൻ പറ്റൂല്ലല്ലോ? എനിക്ക് നാട്ടുകാരെ സഹായിക്കുന്നതാണ് എന്റെ ലാഭം. നാളെ പെരുന്നാളല്ലേ.. എന്റെ പെരുന്നാളിങ്ങനെയാ.” എന്നുപറഞ്ഞ് ചിരിച്ചൊരു മനുഷ്യൻ. ആകാശം ഭൂമിയിലേക്കു വീഴാതെ താങ്ങി നിർത്തുന്നത് വലിയ മനുഷ്യരുടെ കാണാൻ കഴിയാത്ത കൈയുകളാണെന്നു പറഞ്ഞു കേട്ടിട്ടുണ്ട്. നൗഷാദിക്കാ, തീർച്ചയായും, അതിലൊരു കൈ നിങ്ങളുടെയാണെന്നു ഞാൻ വിശ്വസിക്കുന്നു. ചില നുണ പ്രചരണങ്ങൾക്കിപ്പുറവും, കരുതൽ പങ്കു വയ്ക്കുന്ന, ചേർത്തു പിടിക്കുന്ന, നിസ്വാർത്ഥരായ മനുഷ്യരെക്കണ്ട് മനസ്സു നിറയുന്നു. സ്നേഹം. നമ്മൾ അതിജീവിക്കുക തന്നെ ചെയ്യും”.