
ഇന്ത്യൻ സിനിമയുടെ കംപ്ലീറ്റ് ആക്ടറായി അറിയപ്പെടുന്ന നടനാണ് മോഹൻലാൽ. എന്നാൽ മോഹൻലാൽ മാത്രമല്ല, മലയാളത്തിന്റെ മറ്റൊരു സൂപ്പർ താരമായ മമ്മൂട്ടിയും കംപ്ലീറ്റ് ആക്ടർ തന്നെയാണ് എന്നാണ് പ്രശസ്ത നടൻ ദേവൻ പറയുന്നത്. താൻ തെന്നിന്ത്യൻ സിനിമയിലെ ഒട്ടേറെ സൂപ്പർ താരങ്ങൾക്കൊപ്പം അഭിനയിച്ചിട്ടുള്ളത് കൊണ്ട് തന്നെ ഇവർ രണ്ടു പേരുമാണ് ആ പേരിനു അർഹരെന്നു നിസംശയം പറയാൻ സാധിക്കുമെന്നാണ് ദേവൻ ഒരു മീഡിയ ഇന്റർവ്യൂവിൽ പറയുന്നത്. മലയാളത്തിൽ നായകനായും വില്ലനായും സ്വഭാവ നടനായുമെല്ലാം അഭിനയിച്ചിട്ടുള്ള ദേവൻ അന്യ ഭാഷാ ചിത്രങ്ങളിൽ വില്ലൻ വേഷത്തിലാണ് കൂടുതലും തിളങ്ങാറുള്ളത്. തെന്നിന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും സുന്ദരനായ വില്ലനെന്നാണ് ദേവൻ അറിയപ്പെടുന്നത് തന്നെ. മോഹൻലാൽ, മമ്മൂട്ടി എന്നിവർക്കൊപ്പം ഒട്ടേറെ ചിത്രങ്ങളിൽ ദേവൻ അഭിനയിച്ചിട്ടുണ്ട്. 1983 ഇൽ റിലീസ് ചെയ്ത നാദം എന്ന ചിത്രത്തിലൂടെ സിനിമയിലരങ്ങേറ്റം കുറിച്ച ദേവൻ ഏറെ ശ്രദ്ധിക്കപ്പെടുന്നത് പഞ്ചാഗ്നി, അമൃതം ഗമയ, മണിവത്തൂരിലെ ആയിരം ശിവരാത്രികൾ, ന്യൂ ഡൽഹി, വൈശാലി തുടങ്ങിയ ചിത്രങ്ങളിലൂടെയാണ്.
പിന്നീട് അദ്ദേഹത്തെ നായകനാക്കി, എം ടി വാസുദേവൻ നായർ രചിച്ചു ഹരിഹരൻ സംവിധാനം ചെയ്ത ആരണ്യകം എന്ന ചിത്രത്തിലെ പ്രകടനവും അദ്ദേഹത്തിന് ഏറെ ശ്രദ്ധ നേടിക്കൊടുത്തു. മോഹൻലാലിനൊപ്പം പഞ്ചാഗ്നി, അധിപൻ, ഉത്സവപ്പിറ്റേന്ന്, നാടുവാഴികൾ, കിലുക്കം, ഗാന്ധർവം, വിയറ്റ്നാം കോളനി, അഗ്നി ദേവൻ, നിർണ്ണയം, ശ്രദ്ധ, പ്രജ, മിസ്റ്റർ ബ്രഹ്മചാരി, ക്രിസ്ത്യൻ ബ്രദേഴ്‌സ്, ഗ്രാൻഡ് മാസ്റ്റർ, മിസ്റ്റർ ഫ്രോഡ്, ബിയോണ്ട് ബോർഡേഴ്സ്, ബിഗ് ബ്രദർ തുടങ്ങിയ ചിത്രങ്ങളിലഭിനയിച്ച ദേവൻ മമ്മൂട്ടിക്കൊപ്പം മണിവത്തൂരിലെ ആയിരം ശിവരാത്രികൾ, ന്യൂ ഡൽഹി, നായർ സാബ്, ജാഗ്രത, ഒരു വടക്കൻ വീരഗാഥ, അയ്യർ ദി ഗ്രേറ്റ്, ദി കിംഗ്, ഇന്ദ്രപ്രസ്ഥം, ആയിരം നാവുള്ള അനന്തൻ, പല്ലാവൂർ ദേവനാരായണൻ, അരയന്നങ്ങളുടെ വീട്, തുറുപ്പു ഗുലാൻ, നസ്രാണി, പരുന്തു, പഴശ്ശി രാജ, ദ്രോണ, ഇമ്മാനുവൽ, ഗാനഗന്ധർവൻ തുടങ്ങിയ ചിത്രങ്ങളിലുമഭിനയിച്ചു.