മെഗാ സ്റ്റാർ മമ്മൂട്ടിയെ നായകനാക്കി പ്രശസ്ത സംവിധായകൻ ഖാലിദ് റഹ്മാൻ ഒരുക്കിയ ചിത്രമാണ് ഉണ്ട. കഴിഞ്ഞ വർഷം റിലീസ് ചെയ്ത ഈ ചിത്രം, പ്രേക്ഷകരുടെ മുന്നിലവതരിപ്പിച്ച പ്രമേയം കൊണ്ടും അതിന്റെ മേക്കിങ് കൊണ്ടും അതുപോലെ മമ്മൂട്ടിയുടെ മികച്ച പ്രകടനം കൊണ്ടും ശ്രദ്ധ നേടിയ ചിത്രമാണ്. വലിയ നിരൂപക പ്രശംസ നേടിയെടുക്കാനും ഉണ്ടക്ക് കഴിഞ്ഞു. കഴിഞ്ഞ കുറച്ചു വർഷങ്ങളിലെ മമ്മൂട്ടിയുടെ ഏറ്റവും മികച്ച പ്രകടനങ്ങളിലൊന്നായിരുന്നു ഉണ്ടയിലെ എസ് ഐ മണി സർ എന്ന കഥാപാത്രം. ഇപ്പോഴിതാ ഓൺലൈൻ പ്ലാറ്റ്ഫോമിൽ ഈ ചിത്രം കണ്ട ഒരു ഉത്തരേന്ത്യൻ മാധ്യമ പ്രവർത്തകന്റെ വാക്കുകൾ ഏറെ ശ്രദ്ധ നേടുകയാണ്. ആകർ പട്ടേൽ എന്ന് പേരുള്ള അദ്ദേഹം പറയുന്നത് ഉണ്ട ഒരു ഗംഭീര ചിത്രമാണെന്നാണ്. മമ്മൂട്ടിയുടെ പ്രകടനം വളരെ മികച്ചതാണ് എന്നും അദ്ദേഹം എടുത്തു പറയുന്നു. മാത്രമല്ല, ഒരു ബോളിവുഡ് താരവും ഏറ്റെടുക്കാൻ സാധ്യതയില്ലാത്ത ഒരു കഥാപാത്രം കൂടിയാണ് ഉണ്ടയിലെ കേന്ദ്ര കഥാപാത്രമെന്നും അദ്ദേഹം പറയുന്നു.
ഛത്തീസ്ഗഡിലെ മാവോയിസ്റ് സാന്നിധ്യമുള്ള മേഖലയിലേക്ക് തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോകുന്ന കേരളത്തിൽ നിന്നുള്ള ഒരു സംഘം പോലീസുകാരുടെ കഥയാണ് ഈ ചിത്രം നമ്മുടെ മുന്നിലവതരിപ്പിക്കുന്നതു. അനുരാഗ കരിക്കിൻ വെള്ളം എന്ന സൂപ്പർ ഹിറ്റ് ചിത്രമൊരുക്കി അരങ്ങേറ്റം കുറിച്ച ഖാലിദ് റഹ്മാനൊരുക്കിയ ഈ രണ്ടാമത്തെ ചിത്രം രചിച്ചത് നവാഗതനായ ഹർഷദ് ആണ്. മമ്മൂട്ടിക്കൊപ്പം രഞ്ജിത്ത്, ഷൈൻ ടോം ചാക്കോ, അർജുൻ അശോകൻ, ജേക്കബ് ഗ്രിഗറി, ലുക്മാൻ, ഓംകാർ ദാസ് മണിപ്പൂരി, ഭഗവൻ തിവാരി, ഗോകുലൻ, അഭിരാം, ദിലീഷ് പോത്തൻ, കലാഭവൻ ഷാജോൺ തുടങ്ങി ഒരു വലിയ താരനിര തന്നെ ഈ ചിത്രത്തിൽ അണിനിരന്നിട്ടുണ്ട്.