നവാഗതനായ ജോഫിൻ ടി. ചാക്കോ മമ്മൂട്ടിയെ നായകനാക്കി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ദി പ്രീസ്റ്റ്. മമ്മൂട്ടി ചിത്രത്തിലൂടെ മറ്റൊരു പുതുമുഖ സംവിധായകനെ കൂടി ഇതോടെ മലയാളസിനിമയ്ക്ക് ലഭിക്കുകയാണ്. ലാൽ ജോസ്, ബ്ലെസ്സി, ആഷിഖ് അബു, അമൽ നീരദ്, അൻവർ റഷീദ്, അജയ് വാസുദേവ്, വൈശാഖ് തുടങ്ങി നിരവധി പ്രഗത്ഭരായ സംവിധായകർ മമ്മൂട്ടി ചിത്രത്തിലൂടെയാണ് സംവിധായകരായി മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്. ഇപ്പോഴിതാ മമ്മൂട്ടി മലയാള സിനിമയ്ക്ക് പരിചയപ്പെടുത്തുന്ന പുതിയ സംവിധായകന് ആശംസകളുമായി നിരവധി പ്രമുഖരായ ചിത്രകാരൻമാർ രംഗത്തെത്തിയിരിക്കുകയാണ്. ആഷിഖ് അബു, ലാൽജോസ്, ബ്ലെസ്സി തുടങ്ങിയ സംവിധായകർ ചിത്രത്തിനും ചിത്രത്തിലൂടെ സംവിധായകനും ആശംസകളുമായി രംഗത്തെത്തിയിരിക്കുകയാണ്. ആഷിഖ് അബു ഫേസ്ബുക്കിൽ കുറിച്ചത് ഇങ്ങനെ: ആദ്യസിനിമ സിനിമ ചെയ്യാൻ അനേകം പുതിയ സംവിധായകരെ വിശ്വസിച്ച പ്രിയപ്പെട്ട മമ്മൂക്ക ഒരു പുതിയ സംവിധായകനെ കൂടി മലയാള സിനിമക്ക് പരിചയപെടുത്തുന്നു. ജോഫിൻ ചാക്കോ. ജോഫിനും പ്രീസ്റ്റിനും വിജയാശംസകൾ.
സംവിധായകൻ ലാൽജോസ് ഫേസ്ബുക്കിൽ പങ്കുവെച്ച് കുറുപ്പിനെ പൂർണ്ണരൂപം ഇങ്ങനെ: മുപ്പത്തിയൊന്ന് വയസ്സുളള ചെറുപ്പക്കാരന്റെ സിനിമാ സ്വപ്നത്തിനൊപ്പം നിൽക്കാൻ മമ്മൂട്ടിയെന്ന മഹാനടൻ തീരുമാനിച്ചയിടത്താണ് എന്റെ ജീവിതത്തിന്റെ റൂട്ട് മാറുന്നത്. എന്നെപോലെ സിനിമയുടെ വലിയ കോട്ടവാതിലുകൾക്കപ്പുറത്ത് പകച്ച് നിന്നിരുന്ന എത്രയോ നവാഗത സംവിധായകർ ആ ബലിഷ്ഠമായ കൈപിടിച്ച് ഇപ്പുറം കടന്നിരിക്കുന്നു. ഇരുപത്തിനാല് കൊല്ലം മുമ്പ് ഒരു ഡിസംബർ മാസത്തിൽ മറവത്തൂർ കനവിലെ ചാണ്ടിയോട് മൈക്കിലൂടെ ആക്ഷൻ പറഞ്ഞപ്പോൾ കൺമുമ്പിൽ മഹാനടൻ ഞങ്ങളുടെ കഥാപാത്രമായി മാറുമ്പോൾ ഉളളിൽ മുഴങ്ങിയ പ്രാർത്ഥനകൾ. അതേ ഗുരുത്വ ചിന്തയോടെ ഇക്കുറി മമ്മൂക്ക അവതരിപ്പിക്കുന്ന നവാഗത സംവിധായകൻ ജോഫിൻ ടി. ചാക്കോക്ക് എല്ലാ വിജയാശംസകളും നേരുന്നു. പ്രിയ ജോഫിൻ, ഏറെ കൈപ്പുണ്യമുളള കയ്യാണ് നിനക്ക് കൈ തന്നിരിക്കുന്നത്. തുടക്കം പൊന്നാകട്ടെ ഇതാ ദി പ്രീസ്റ്റിന്റെ പോസ്റ്റർ.
സംവിധായകൻ ബ്ലെസി ഒരു വീഡിയോയിലൂടെയാണ് തന്റെ ആശംസകൾ പങ്കുവച്ചത് അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ : നമസ്കാരം, മമ്മൂക്കയുടെ ദി പ്രീസ്റ്റ് മാർച്ച് നാലാം തീയതി പ്രദർശനത്തിന് എത്തുകയാണ്. അതില് ഏറ്റവുമധികം സന്തോഷിക്കുന്ന കാര്യം ഒരു പുതുമുഖ സംവിധായകനെ മമ്മൂക്ക വീണ്ടും പരീക്ഷിക്കുന്നു എന്നുള്ളതാണ്. കാഴ്ച എന്ന സിനിമയിലൂടെ മമ്മൂക്കയുടെ ഒരു വലിയ സ്നേഹത്തിലൂടെയാണ് ഞാനൊരു സംവിധായകനും എഴുത്തുകാരനും ഒക്കെ ആയത്. മമ്മൂക്കയ്ക്ക് മാത്രമുള്ള, എനിക്ക് തോന്നുന്നു ഇന്ത്യൻ സിനിമയിലെ ഇത്രയധികം പുതുമുഖ സംവിധായകരെവെച്ച് സിനിമ ചെയ്തിട്ടുള്ള മറ്റൊരാൾ ഉണ്ടാവില്ല. അവരിലൊക്കെ ഏറെ ആൾക്കാരും വളരെ പ്രമുഖരായി മലയാള സിനിമയിൽ നിൽക്കുന്നുവെന്നത് വളരെയധികം സന്തോഷം നൽകുന്നു.
എന്നെ സംബന്ധിച്ച് ഏറെ അതിശയിപ്പിക്കുന്നത് എഴുതാനറിയാത്ത എന്റെ അടുത്ത് എഴുതുവാൻ പറഞ്ഞ് എനിക്ക് കാഴ്ച എഴുതാനും തന്മാത്ര എഴുതുവാനും ഭ്രമരം എഴുതുവാനും ഒക്കെ കഴിഞ്ഞത് മമ്മൂക്കയുടെ ഇൻസ്പിരേഷൻ ആണ്. തീർച്ചയായിട്ടും മമ്മൂക്കയുടെ പുതിയ കണ്ടെത്തലാണ് ജോഫൻ. ജോഫന് എല്ലാവിധ ആശംസകളും നേരുന്നു. ദി പ്രീസ്റ്റ് വലിയൊരു വിജയമായി തീരട്ടെ. മലയാള സിനിമയിലെ വലിയൊരു സാന്നിധ്യമായി മാറാൻ ജോഫന് കഴിയട്ടെയെന്ന് ആശംസിക്കുകയും ചെയ്യുന്നു. സ്നേഹപൂർവ്വം ബ്ലെസ്സി.