മലയാളത്തിന്റെ താര ചക്രവർത്തിയും ഇന്ത്യൻ സിനിമയിലെ തന്നെ മികച്ച നടനുമായ മോഹൻലാലിന് ഒട്ടേറെ മികച്ച കഥാപാത്രങ്ങൾ നൽകിയിട്ടുള്ള രചയിതാവും സംവിധായകനുമാണ് രഞ്ജിത്. രഞ്ജിത്തിന്റെ അടുത്ത റിലീസും മോഹൻലാൽ തന്നെ നായകനായ ഡ്രാമ എന്ന ചിത്രമാണ്. നവംബർ ഒന്നിന് റിലീസ് ചെയ്യാൻ ഒരുങ്ങുന്ന ഡ്രാമ ഒരു കോമഡി ഫീൽ ഗുഡ് എന്റെർറ്റൈനെർ ആയാണ് ഒരുക്കിയിരിക്കുന്നത്. മോഹൻലാലിന് ഒട്ടേറെ മാസ്സ് കഥാപാത്രങ്ങൾ നൽകിയിട്ടുള്ള രഞ്ജിത് തന്നെ അദ്ദേഹത്തിന് സ്പിരിറ്റിലെ രഘുനന്ദൻ പോലത്തെ ക്ലാസ് റോളുകളും നൽകിയിട്ടുണ്ട്. എങ്കിലും രഞ്ജിത് മോഹൻലാലിന് നൽകിയ ഏറ്റവും മികച്ച കഥാപാത്രമായി ഇന്നും പരിഗണിക്കപ്പെടുന്നത് ഐ വി ശശി സംവിധാനം ചെയ്ത ദേവാസുരം എന്ന ചിത്രത്തിലെ മംഗലശേരി നീലകണ്ഠൻ എന്ന കഥാപാത്രമാണ്.
ഈ അടുത്തിടെ നടന്ന ഒരു മീഡിയ ഇന്റെർവ്യൂവിൽ രഞ്ജിത്തിനോട് നിരഞ്ജന അനൂപ് ചോദിച്ച ഒരു ചോദ്യവും അതിനു രഞ്ജിത് നൽകിയ മറുപടിയുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുന്നതു. ദേവാസുരം എന്ന ചിത്രം ഇപ്പോൾ ചെയ്യുകയാണെങ്കിൽ നീലകണ്ഠൻ എന്ന കഥാപാത്രത്തെ അവതരിപ്പിക്കാൻ മോഹൻലാൽ അല്ലാതെ പുതുതലമുറയിൽ ആരാണ് ഉള്ളത് എന്നായിരുന്നു ചോദ്യം. എന്നാൽ മോഹൻലാലിന് പകരം വെക്കാൻ മറ്റാരും ഇല്ലെന്നും മോഹൻലാലിന് പകരം മറ്റൊരാളെ തനിക്കു ചിന്തിക്കാൻ പോലും ആവില്ലെന്നുമാണ് രഞ്ജിത് പറഞ്ഞത്. ദേവാസുരം ഈ കാലഘട്ടത്തിൽ ചെയ്യാൻ പറ്റില്ലെന്നും രഞ്ജിത് കൂട്ടിച്ചേർത്തു. മംഗലശേരി നീലകണ്ഠൻ എന്ന പേരിന് ഒരു മുഖമേ യോജിക്കൂ. അത് മോഹൻലാലിന്റെയാണ് എന്നാണ് രഞ്ജിത് പറയുന്നത്. മനോരമ ന്യൂസ് സംപ്രേഷണം ചെയ്ത് ‘ദേവാസുരകാലം’ എന്ന പരിപാടിയിലാണ് രഞ്ജിത്ത് ഇങ്ങനെ പറഞ്ഞത്. രഞ്ജിത് തന്നെ മലയാള സിനിമയിൽ പരിചയപ്പെടുത്തിയ നിരഞ്ജന അനൂപ് ആണ് രഞ്ജിത്തിനെ ഇന്റർവ്യൂ ചെയ്തത്. ദേവാസുരത്തിന് പ്രചോദനമായ മുല്ലശ്ശേരി രാജുവിന്‍റെ പേരമകൾ ആണ് നിരഞ്ജന. ലോഹം എന്ന രഞ്ജിത്- മോഹൻലാൽ ചിത്രത്തിലൂടെ ആണ് നിരഞ്ജന സിനിമയിൽ എത്തിയത്.