മോഹൻലാലിനും കമൽ ഹാസനും പകരം വെക്കാനാരുമില്ല; കാരണം വ്യക്തമാക്കി മണി രത്‌നം..!

Advertisement

തന്റെ പുതിയ തമിഴ് ആന്തോളജി ചിത്രമായ നവരസയുടെ പ്രമോഷന്റെ ഭാഗമായി ഒട്ടേറെ അഭിമുഖങ്ങൾ ആണ് ഇന്ത്യൻ സിനിമയിലെ മാസ്റ്റർ ഡയറക്ടർ ആയ മണി രത്‌നം നൽകുന്നത്. കോവിഡ് പ്രതിസന്ധി മൂലം വിഷമിക്കുന്ന തമിഴ് സിനിമയിലെ തൊഴിലാളികളെ സഹായിക്കാന്‍ മണിരത്‌നവും സംവിധായകന്‍ ജയേന്ദ്ര പഞ്ചാപകേശനും ചേര്‍ന്ന് നിര്‍മ്മിച്ച നവരസ എന്ന ആന്തോളജി നെറ്റ്ഫ്‌ളിക്‌സിലൂടെ അടുത്ത മാസം റിലീസ് ചെയ്യും. ഒമ്പതു കഥകൾ ആണ് ഈ ആന്തോളജിയിലൂടെ നമ്മുക്ക് മുന്നിൽ എത്തുക. പ്രിയദർശൻ, ഗൗതം വാസുദേവ് മേനോൻ, കെ.എം.സര്‍ജുന്‍, ബിജോയ് നമ്പ്യാര്‍, കാര്‍ത്തിക് സുബ്ബരാജ്, അരവിന്ദ് സ്വാമി തുടങ്ങിയവർ ഒക്കെ സംവിധാനം ചെയ്ത ചിത്രങ്ങൾ ആണ് നമ്മുക്ക് മുന്നിൽ എത്താൻ പോകുന്നത്. സൂര്യ, വിജയ് സേതുപതി, പാർവതി, പ്രകാശ് രാജ്, രേവതി, അശോക് സെൽവൻ, നെടുമുടി വേണു, പ്രയാഗ മാർട്ടിൻ, അഥർവ തുടങ്ങി ഒരു വലിയ താരനിരയും നവരസയിൽ അണിനിരക്കുന്നു. ഇതിന്റെ പ്രമോഷന്റെ ഭാഗമായി ബോളിവുഡ് ഹംഗാമക്കു നൽകിയ അഭിമുഖത്തിൽ മണി രത്‌നത്തിന്റെ ഏറ്റവും പ്രീയപ്പെട്ട നടന്മാരെ കുറിച്ചാണ് അവതാരകൻ ചോദിച്ചത്.

മോഹൻലാൽ, കമൽ ഹാസൻ എന്നിവരാണ് തന്റെ ഏറ്റവും പ്രീയപ്പെട്ട നടൻമാർ എന്നും അവരിൽ നിന്നു ഒരാളെ മാത്രമായി തനിക്കു തിരഞ്ഞെടുക്കാനാവില്ല എന്നും മണി രത്‌നം നേരത്തെ സംവിധായകൻ ഗൗതം വാസുദേവ് മേനോൻ നടത്തിയ അഭിമുഖത്തിലും പറഞ്ഞിരുന്നു. അത് വീണ്ടും ആവർത്തിച്ച മണി രത്‌നം, ഇവർക്ക് പകരം വെക്കാൻ മറ്റാരും ഇല്ലെന്നും അതിനുള്ള കാരണവും വെളിപ്പെടുത്തുന്നു. മോഹൻലാൽ, കമൽ ഹാസൻ പോലെ ഉള്ളവർ നമ്മുടെ കൂടെ ഉള്ളപ്പോൾ ഒരു സംവിധായകൻ എന്ന നിലയിൽ നമ്മുക്ക് ഒന്നിനെ കുറിച്ചും ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും അത്ര മനോഹരവും ഗംഭീരവുമായ രീതിയിൽ അവർ തങ്ങളുടെ കഥാപാതത്തിനു ജീവൻ പകരും എന്നും മണി രത്‌നം പറയുന്നു. മാത്രമല്ല, അസാമാന്യ കഴിവുള്ള നടൻമാർ വലിയ താരങ്ങൾ കൂടി ആണെങ്കിൽ ആ ചിത്രത്തിന് ലഭിക്കുന്ന പ്രേക്ഷക സമൂഹവും അത്രയും വലുതാകുമെന്നും മണി രത്‌നം പറഞ്ഞു. മോഹൻലാൽ നായകനായ ഇരുവർ, കമൽ ഹാസൻ കേന്ദ്ര കഥാപാത്രമായ നായകൻ എന്നിവയാണ് മണി രത്‌നത്തിന്റെ കരിയറിലെ ഏറ്റവും മികച്ച ചിത്രങ്ങൾ ആയി നിരൂപകർ വിലയിരുത്തുന്നത് എന്നതും ശ്രദ്ധേയമാണ്.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close