ഇന്ന് മലയാള സിനിമയിലെ പ്രശസ്ത നടിമാരിൽ ഒരാളാണ് സ്വാസിക. നായികയായും സഹതാരമായുമെല്ലാം കയ്യടി നേടിയ ഈ നടി, കഴിഞ്ഞ വർഷം റിലീസ് ചെയ്ത ചതുരം എന്ന ചിത്രത്തിലെ പ്രകടനത്തിന് വലിയ പ്രേക്ഷക പ്രശംസയാണ് നേടിയത്. ഒരു ഇറോട്ടിക് ത്രില്ലർ ആയി പുറത്ത് വന്ന ഈ ചിത്രം സംവിധാനം ചെയ്തത് സിദ്ധാർഥ് ഭരതൻ ആണ്. ഇപ്പോഴിതാ അടുത്തിടെ നടന്ന ഒരു മാധ്യമ അഭിമുഖത്തിൽ സിനിമാ മേഖലയിൽ നടക്കുന്ന ചൂഷണങ്ങളെ കുറിച്ച് സ്വാസിക പറഞ്ഞ വാക്കുകൾ ഏറെ ശ്രദ്ധ നേടുകയാണ്. സിനിമയിൽ അവസരത്തിന് വേണ്ടി ചൂഷണം ചെയ്യാൻ നിന്ന് കൊടുക്കുന്നവരല്ല എല്ലാവരും എന്നാണ് സ്വാസിക പറയുന്നത്. സിനിമയിൽ മാത്രമല്ല, എല്ലാ ജോലി സ്ഥലത്തും ഇത്തരം പ്രശ്‍നങ്ങൾ ഉണ്ടെന്നും, അത് നമ്മളെ ബാധിക്കുന്നത് നമ്മുടെ തീരുമാനങ്ങൾക്ക് അനുസരിച്ചാണെന്നുമാണ് സ്വാസിക പറയുന്നത്. നമ്മുടെ തീരുമാനങ്ങൾ ശരിയായാൽ നമ്മളെ ചൂഷണം ചെയ്യാൻ ആർക്കും സാധിക്കില്ലെന്നും സ്വാസിക പറയുന്നു.
തന്നെ സംബന്ധിച്ച് തന്റെ തീരുമാനങ്ങളാണ് തന്നെ സംരക്ഷിക്കുന്നതെന്നും, അത് കൊണ്ട് തന്നെ തനിക്ക് ചൂഷണത്തിന് ഇരയാവേണ്ടി വന്നിട്ടില്ല എന്നും സ്വാസിക സൂചിപ്പിച്ചു. ഇത് തന്റെ വ്യക്തിപരമായ അഭിപ്രായം ആണെന്നും, വ്യത്യസ്ത അഭിപ്രായങ്ങൾ ഉള്ളവർ ഉണ്ടാകാമെന്നും അവർ പറയുന്നു. സ്വന്തം കഴിവിൽ വിശ്വസിക്കുകയും പരിശ്രമിക്കാൻ തയ്യാറാവുകയും ചെയ്താൽ നിങ്ങൾക്ക് വിജയിക്കാമെന്നും, ചൂഷണം ചെയ്യാൻ നിന്ന് കൊടുക്കേണ്ട അവസ്ഥ അപ്പോൾ വരില്ല എന്നും സ്വാസിക പറഞ്ഞു. അവസരങ്ങൾക്ക് വേണ്ടി മറ്റുള്ളവർ പറയുന്ന കാര്യങ്ങൾക്ക് വഴങ്ങണോ വേണ്ടയോ എന്നത് ഒരാളുടെ വ്യക്തിപരമായ തീരുമാനം ആണെന്നത് കൊണ്ടാണ്, നമ്മൾ നിൽക്കേണ്ടത് പോലെ നിന്നാൽ ഒരു പരിധി വരെ ഏത് മേഖലയിൽ ആയാലും നമ്മൾ സുരക്ഷിതരായിരിക്കും എന്ന് പറയാൻ കാരണമെന്നും സ്വാസിക വിശദീകരിച്ചു.