ഓണചിത്രങ്ങളിൽ ഏറ്റവും മികച്ച പ്രതികരണത്തോടെ പ്രദർശനം തുടരുന്ന ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള എന്ന ചിത്രത്തിന് അഭിമാനിക്കാൻ മറ്റൊരു നേട്ടം കൂടി. കേരളത്തിന് പുറത്തു 3 വാരം തികക്കുന്ന 2017ലെ ആദ്യ മലയാളചിത്രം എന്ന നേട്ടമാണ് ഇപ്പോൾ ഞണ്ടുകളുടെ നാട്ടിൽ ഒരിടവേളയെ തേടിയെത്തിയത്.
നവാഗതനായ അൽത്താഫ് സലിം സംവിധാനം ചെയ്ത നിവിൻപോളി നായകനായ ചിത്രം ഓണം ലക്ഷ്യമാക്കി റിലീസ് ചെയ്ത സിനിമയാണ്. വമ്പൻ താരങ്ങളുടെ ചിത്രങ്ങൾക്കൊപ്പമാണ് ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള റിലീസ് ചെയ്തത്. എന്നാൽ കഥപറച്ചിലിലെ പുതുമയും താരങ്ങളുടെ മികച്ച പ്രകടനവും ഞണ്ടുകളുടെ നാട്ടിൽ ഒരിടവേളയെ മറ്റുള്ള സിനിമകളിൽ നിന്നും വ്യത്യസ്തമാക്കി.
റിലീസ് ചെയ്ത് ആദ്യ പത്ത് ദിവസം പിന്നിട്ടപ്പോഴേക്കും 11 കോടിയോളമാണ് ചിത്രം നേടിയത് എന്നാണ് റിപ്പോർട്ടുകൾ. മമ്മൂട്ടി ചിത്രമായ പുള്ളിക്കാരൻ സ്റ്റാറാ, പൃഥ്വിരാജ് ചിത്രം ആദം ജോആൻ എന്നീ സിനിമകളുടെ കളക്ഷനേക്കാൾ മുന്നിലായിരുന്നു ഞണ്ടുകളുടെ നാട്ടിൽ ഒരിടവേളയുടെ കളക്ഷൻ.
മൂന്നാഴ്ച പിന്നിട്ടിട്ടും തിയറ്ററുകളിൽ നിന്നും ഇപ്പോഴും മികച്ച പ്രതികരണമാണ് ഞണ്ടുകളുടെ നാട്ടിൽ ഒരിടവേളക്ക് ലഭിക്കുന്നത്. 105 തിയറ്ററുകളിൽ ഇപ്പോഴും റെഗുലർ ഷോ ഈ ചിത്രത്തിനുണ്ട്. ചിത്രത്തിന്റെ വിതരണം ഏറ്റെടുത്ത E4 എന്റർടൈന്മെന്റ്സിന് ഇത് ഹാട്രിക് വിജയമാണ്. എസ്ര, ഗോദ എന്നീ വിജയ ചിത്രങ്ങൾക്ക് ശേഷം ഞണ്ടുകളുടെ നാട്ടിൽ ഒരിടവേളയുടെ വിജയത്തിനും ഇപ്പോൾ ലഭിച്ചു കൊണ്ടിരിക്കുന്ന മികച്ച പ്രതികരണത്തിനും പ്രേക്ഷകർക്ക് നന്ദി പറഞ്ഞു കൊണ്ടാണ് E4 എന്റർടൈൻമെന്റ്‌സ് ഈ വിവരം ഫേസ്ബുക്കിലൂടെ പുറത്തു വിട്ടത്.
19 വർഷങ്ങൾക്ക് ശേഷം ശക്തമായ സ്‌ത്രീ വേഷത്തിൽ ശാന്തി കൃഷ്ണ തിരിച്ചുവരവ് നടത്തിയ ചിത്രം കൂടിയാണ് ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള. ലാൽ, അഹാന, ശ്രിന്ദ, സിജു വിൽസൺ, സൈജു കുറുപ്പ്, ഷറഫുദ്ദീൻ, കൃഷ്ണ ശങ്കർ എന്നിവരാണ് ഞണ്ടുകളുടെ നാട്ടിൽ ഒരിടവേളയിലെ മറ്റു താരങ്ങൾ. നവാഗതനായ മുകേഷ് മുരളീധരൻ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ. പോളി jr ന്റെ ബാനറിൽ നിവിൻപോളിയാണ് ചിത്രം നിർമിച്ചിരിക്കുന്നത്.