കയ്യടി നേടി തുറമുഖം; ക്ലാസിക് എന്ന് പ്രേക്ഷകർ; നിവിൻ പോളി ചിത്രത്തിന് വൻ വരവേൽപ്പ്.

Advertisement

നിവിൻ പോളിയെ നായകനാക്കി രാജീവ് രവി സംവിധാനം ചെയ്ത തുറമുഖം കഴിഞ്ഞ ദിവസമാണ് പ്രേക്ഷകരുടെ മുന്നിലെത്തിയത്. ഏറെ കാത്തിരിപ്പിന് ശേഷം റീലീസ് ചെയ്ത ഈ ചിത്രത്തിന് വലിയ വരവേൽപ്പാണ് ലഭിക്കുന്നത്. ക്ലാസിക് എന്നാണ് പ്രേക്ഷകർ ഈ ചിത്രത്തെ വിശേഷിപ്പിക്കുന്നത്. 1930 മുതല്‍ 1950കളുടെ തുടക്കം വരെയുള്ള കൊച്ചി തുറമുഖത്തിന്‍റെയും അവിടുത്തെ തൊഴിലാളി സമൂഹത്തിന്‍റെയും, അതുപോലെതന്നെ മട്ടാഞ്ചേരി എന്ന പ്രദേശത്തിന്റെയും രാഷ്ട്രീയ ചരിത്രം കൂടിയാണ് ഈ ചിത്രം പറയുന്നത്. 1962 വരെ കൊച്ചിയില്‍ നിലനിന്നിരുന്ന ചാപ്പ തൊഴില്‍ വിഭജന സമ്പ്രദായവും, ഇതവസാനിപ്പിക്കാന്‍ തൊഴിലാളികള്‍ നടത്തിയ സമരവുമാണ് ഈ ചിത്രം ചർച്ച ചെയ്യുന്നത്. വളരെ റിയലിസ്റ്റിക് ആയി കഥ പറയുന്ന ഈ ചിത്രത്തിൽ പ്രേക്ഷകരെ ആവേശം കൊള്ളിക്കുന്ന സംഭാഷണങ്ങളും വിപ്ലവ രംഗങ്ങളും നിറഞ്ഞു നിൽക്കുന്നുണ്ട്.

അതോടൊപ്പം അഭിനേതാക്കളുടെ ഗംഭീര പ്രകടനമാണ് ഈ ചിത്രത്തിന്റെ ഹൈലൈറ്റ്. മട്ടാഞ്ചേരി മൊയ്‌ദു ആയി നിവിൻ പോളി കയ്യടി നേടുമ്പോൾ അർജുൻ അശോകൻ, ജോജു ജോർജ്, ഇന്ദ്രജിത്ത് സുകുമാരൻ, പൂർണ്ണിമ ഇന്ദ്രജിത്, മണികണ്ഠൻ ആചാരി, സുദേവ് നായർ, നിമിഷാ സജയൻ എന്നിവരും മികച്ച പ്രകടനം കൊണ്ട് പ്രേക്ഷകരുടെ അഭിനന്ദനം ഏറ്റു വാങ്ങുന്നുണ്ട്. എല്ലാത്തരം പ്രേക്ഷകരും ഈ ചിത്രം ഏറ്റെടുക്കുന്നുണ്ട് എന്നതിന്റെ സൂചനയാണ് ഇപ്പോൾ വരുന്ന പ്രേക്ഷക പ്രതികരണങ്ങൾ തരുന്നത്. ഗോപൻ ചിദംബരനാണ് തുറമുഖത്തിന് തിരക്കഥ രചിച്ചിരിക്കുന്നത്. ഗോപൻ ചിദംബരന്റെ അച്ഛൻ കെ എം ചിദംബരൻ രചിച്ച ഇതേ പേരിലുള്ള നാടകത്തെ അടിസ്ഥാനമാക്കിയാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്. മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനാണ് തുറമുഖം കേരളത്തിൽ പ്രദർശനത്തിന് എത്തിച്ചത്.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close