നിവിൻ പോളി നായകനായ ഏറ്റവും പുതിയ ചിത്രമായ രാമചന്ദ്ര ബോസ് ആൻഡ് കോ ഓണം റിലീസായി പ്രേക്ഷകരുടെ മുന്നിലേക്ക്. ദി ഗ്രേറ്റ് ഫാദർ, മിഖായേൽ എന്നീ ചിത്രങ്ങൾക്ക് ശേഷം ഹനീഫ് അദനി സംവിധാനം ചെയ്ത ഈ ചിത്രം രചിച്ചിരിക്കുന്നതും അദ്ദേഹം തന്നെയാണ്. കഴിഞ്ഞ ദിവസം സെൻസറിങ് പൂർത്തിയായ ഈ ചിത്രത്തിന് 2 മണിക്കൂർ 27 മിനിട്ടാണ് ദൈർഘ്യം. യു എ സർട്ടിഫിക്കറ്റ് ലഭിച്ചിരിക്കുന്ന ഈ ചിത്രം ഒരു കംപ്ലീറ്റ് ഫാമിലി കോമഡി ആക്ഷൻ എന്റർടൈനറാണെന്ന സൂചനയാണ് ഇതിന്റെ ട്രൈലെർ നമ്മുക്ക് തരുന്നത്. ചിരിയും ആക്ഷനും ത്രില്ലും കൂട്ടിയിണക്കിയ ഈ ചിത്രം കുടുംബ പ്രേക്ഷകർക്കും യുവ പ്രേക്ഷകർക്കും ഒരുപോലെ ആസ്വദിക്കാൻ പറ്റുന്ന തരത്തിലാണ് ഒരുക്കിയിരിക്കുന്നതെന്നും അണിയറ പ്രവർത്തകർ സാക്ഷ്യപ്പെടുത്തുന്നു.
ഓണക്കാലത്ത് പ്രേക്ഷകർക്ക് എല്ലാം മറന്ന് ചിരിക്കാനും ആസ്വദിക്കാനും പറ്റുന്ന തരത്തിലുള്ള ഒരു ഫൺ റൈഡ് തന്നെയായിരിക്കും രാമചന്ദ്ര ബോസ് ആൻഡ് കോ. നിവിൻ പോളിയുടെ പോളി ജൂനിയർ പിക്ചേഴ്സ്, ലിസ്റ്റിൻ സ്റ്റീഫന്റെ മാജിക് ഫ്രെയിംസ് എന്നിവർ ചേർന്നാണ് ഈ കോമഡി ഹെയ്‌സ്റ്റ് ത്രില്ലർ നിർമ്മിച്ചിരിക്കുന്നത്. നിവിനൊപ്പം വിനയ് ഫോർട്ട്, വിജിലേഷ്, മമിതാ ബൈജു, ആർഷ ചാന്ദ്നി, ജാഫർ ഇടുക്കി, മിഥുൻ രമേശ് , ശ്രീനാഥ്, ഗണപതി തുടങ്ങി ഒരു വലിയ താരനിരതന്നെ ഈ ചിത്രത്തിൽ അണിനിരന്നിട്ടുണ്ട്. മിഥുൻ മുകുന്ദൻ സംഗീതമൊരുക്കിയ ഈ ചിത്രത്തിന് കാമറ ചലിപ്പിച്ചത് വിഷ്ണു തണ്ടാശ്ശേരിയും എഡിറ്റ് ചെയ്തത് നിഷാദ് യൂസഫുമാണ്.