യുവതാരം നിവിൻ പോളി നായകനായ പടവെട്ട് എന്ന ചിത്രം ഇന്നലെയാണ് പ്രേക്ഷകരുടെ മുന്നിലെത്തിയത്. നവാഗതനായ ലിജു കൃഷ്ണ രചിക്കുകയും സംവിധാനം ചെയ്യുകയും ചെയ്ത ഈ ചിത്രം ആദ്യ ഷോ മുതൽ മികച്ച പ്രേക്ഷക പ്രതികരണമാണ് നേടുന്നത്. മണ്ണിനും മനുഷ്യർക്കും വേണ്ടി നടത്തുന്ന ഒരു പടവെട്ടാണ് ഈ ചിത്രമെന്ന് പ്രേക്ഷകർ അഭിപ്രായപ്പെടുത്തു. വളരെ റിയലിസ്റ്റിക് ആയും ക്ലാസ് ആയും ഒരുക്കിയിരിക്കുന്ന ഈ ചിത്രത്തിൽ പ്രേക്ഷകരെ ആവേശം കൊള്ളിക്കുന്ന മാസ്സ് രംഗങ്ങളുമുണ്ട്. നിവിൻ പോളിയുടെ മാസ്സ് ട്രാൻസ്ഫോർമേഷൻ രംഗങ്ങൾക്ക് വമ്പൻ കയ്യടിയാണ് ലഭിക്കുന്നത്. ഇതിന് വേണ്ടി ശരീര ഭാരം കൂട്ടിയ നിവിൻ, രവി എന്ന തന്റെ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്ന രീതി ഏറെ കയ്യടിയർഹിക്കുന്നതാണ്. സാമൂഹിക പ്രസക്തമായ ഒരു വിഷയത്തിന്റെ സത്യസന്ധമായ ആവിഷ്ക്കാരമാണ് പടവെട്ട് എന്നതാണ് പ്രേക്ഷകരെ ആകർഷിക്കുന്ന ഏറ്റവും വലിയ ഘടകം.
വളരെ തീവ്രമായി കഥ പറയുന്ന ഈ ചിത്രം കർഷകരുടെ ജീവിതം മുതൽ, അധികാര രാഷ്ട്രീയത്തിന്റെയും ഭൂമി കയ്യേറ്റത്തിന്റെയുമൊക്കെ പ്രശ്നങ്ങൾ ചൂണ്ടി കാണിച്ചു കൊണ്ട് തന്നെയാണ് മുന്നോട്ടു പോകുന്നത്. നിവിൻ പോളിയുടേയും ഷമ്മി തിലകന്റേയും അസാമാന്യ പെർഫോമൻസ് ഇതിന്റെ പ്രധാന ഹൈലൈറ്റായി നിൽക്കുമ്പോൾ, ഗോവിന്ദ് വസന്ത ഒരുക്കിയ ഗാനങ്ങളും പശ്‌ചാത്തല സംഗീതവും കയ്യടി നേടുന്നുണ്ട്. അതിമനോഹരമായ ഫ്രെയിമുകളും ദൃശ്യങ്ങളും കൊണ്ട് ദീപക് ഡി മേനോൻ എന്ന ഛായാഗ്രാഹകനും ശ്രദ്ധ നേടുന്നു. യുവ താരം സണ്ണി വെയ്‌ന്റെ സണ്ണി വെയ്ൻ പ്രൊഡക്ഷൻസ്, യോഡ്ലീ ഫിലിംസ് എന്നിവർ ചേർന്ന് നിർമ്മിച്ചിരിക്കുന്ന ഈ ചിത്രം ചിത്രത്തിൽ അദിതി ബാലൻ, ഷൈൻ ടോം ചാക്കോ, ഇന്ദ്രൻസ്, വിജയരാഘവൻ, കൈനകിരി തങ്കരാജ്, ബാലൻ പാറക്കൽ, സുധീഷ് എന്നിവരും വേഷമിട്ടിരിക്കുന്നു.