മലയാളത്തിലെ ഏറ്റവും കളക്ഷൻ നേടിയ ചിത്രമേതെന്നു അൽഫോൻസ് ചോദിച്ചു, എന്നിട്ടു പറഞ്ഞത് നമ്മുടെ സിനിമ അതിനു മുകളിൽ പോകുമെന്നാണ്; വെളിപ്പെടുത്തി നിവിൻ പോളി..!

Advertisement

തന്റെ അഭിനയ ജീവിതത്തിന്റെ പത്താം വാർഷികം ആഘോഷിക്കുകയാണ് യുവ താരം നിവിൻ പോളി. പത്തു വർഷം മുൻപ് വിനീത് ശ്രീനിവാസൻ ആദ്യമായി സംവിധാനം ചെയ്ത മലർവാടി ആർട്സ് ക്ലബ് എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച നിവിൻ പോളി ഇന്ന് ഇന്ത്യ മുഴുവൻ അറിയപ്പെടുന്ന നടനാണ്. വലിയ ഹിറ്റുകളിലൂടെയും അതുപോലെ ഗംഭീര ചിത്രങ്ങളിലൂടെയും പ്രേക്ഷകരുടേയും നിരൂപകരുടെയും പ്രശംസ പിടിച്ചു പറ്റിയ ഈ നടന്റെ കരിയറിലെ ഏറ്റവും വലിയ വിജയമാണ് അൽഫോൻസ് പുത്രൻ സംവിധാനം ചെയ്തു 2015 ഇൽ റിലീസ് ചെയ്ത പ്രേമം. ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ മലയാള ചിത്രമെന്ന റെക്കോർഡിൽ, ആ സമയത്തു മോഹൻലാൽ നായകനായ ദൃശ്യത്തിന്റെ തൊട്ടു താഴെ വരെ വന്നെത്തിയ ചിത്രമാണ് പ്രേമം. ചിത്രത്തിന്റെ സെൻസർ കോപ്പി ചോർന്ന പ്രശ്നം ഉണ്ടായിരുന്നില്ലെങ്കിൽ ദൃശ്യത്തിന്റെ കളക്ഷൻ മറികടക്കുകയും ചെയ്തേനെ പ്രേമം. എന്നാൽ പ്രേമത്തിന്റെ കഥയും തിരക്കഥയും പോലും പൂർത്തിയാകുന്നതിനു മുൻപ് തന്നെ ഈ ചിത്രം മലയാള സിനിമ കണ്ട ഏറ്റവും വലിയ വിജയമാകുമെന്നു സംവിധായകൻ അൽഫോൻസ് പുത്രന് ഉറപ്പുണ്ടായിരുന്നു എന്നാണ് നിവിൻ പോളി വെളിപ്പെടുത്തുന്നത്.

ആലുവയിലൊരു വീടെടുത്ത് അവിടെ വെച്ച് പ്രേമത്തിന്റെ ചർച്ചകൾ നടക്കുമ്പോഴാണ് ഏതാണ് മലയാളത്തിൽ ഏറ്റവും കൂടുതൽ കളക്‌ഷൻ നേടിയിട്ടുള്ള സിനിമെയെന്നു അൽഫോൻസ് ചോദിച്ചത്. ദൃശ്യം എന്ന് തങ്ങൾ എല്ലാവരും ഉത്തരം പറഞ്ഞപ്പോൾ അൽഫോൻസ് പറഞ്ഞത് നമ്മുടെ സിനിമ അതിനുമുകളിൽ പോകുമെന്നാണെന്നും നിവിൻ പറയുന്നു. അത് കേട്ട് തങ്ങൾ എല്ലാവരും മിഴിച്ചിരുന്നു പോയെന്നും, കഥയും തിരക്കഥയും പൂർത്തിയാകുന്നതിനുമുമ്പ്‌, ആരൊക്കെ ഏതൊക്കെ വേഷത്തിലെത്തുമെന്ന് തീരുമാനിക്കുന്നതിനു മുമ്പാണ് അൽഫോൺസിന്റെ ഇത്തരത്തിലുള്ള ഡയലോഗ് എന്നും നിവിൻ പോളി ഓർത്തെടുക്കുന്നു. അൽഫോൺസ് അത് നിരന്തരം പറഞ്ഞുകൊണ്ടിരുന്നപ്പോൾ, സ്ഥിരമായി കേട്ടുകേട്ട് തങ്ങളുടെ ഉള്ളിലും അതു കയറിക്കൂടി എന്നും, വലിയ വിജയം നേടാൻ പോകുന്ന ഒരു സിനിമയുടെ ഭാഗമായാണ് പ്രവർത്തിക്കുന്നതെന്ന തോന്നൽ ചിത്രീകരണം നടക്കുമ്പോൾ തന്നെയുണ്ടായി എന്നും നിവിൻ പറയുന്നു.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close