കേരളത്തിലെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായുള്ള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഉള്ള സിനിമാ താരങ്ങളുടെ സംഭാവനകൾ തുടരുന്നു. മോഹൻലാൽ (25 ലക്ഷം), മമ്മൂട്ടി (15 ലക്ഷം), ദുൽഖർ സൽമാൻ ( 10 ലക്ഷം), സുരാജ് വെഞ്ഞാറമൂട് (10 ലക്ഷം ), ദിലീപ് (30 ലക്ഷം ) എന്നീ പ്രമുഖർക്ക് ശേഷം ഇപ്പോൾ സംഭാവനയുമായി എത്തിയത് യുവ താരം നിവിൻ പോളി ആണ്. 25 ലക്ഷം രൂപയാണ് നിവിൻ പോളി ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകിയത്. യുവ താരങ്ങൾ കാര്യമായി സംഭാവനകൾ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയില്ല എന്ന് കഴിഞ്ഞ ദിവസം നടനും എം എൽ എയുമായ ഗണേഷ് കുമാർ പറഞ്ഞിരുന്നു. എന്നാൽ എല്ലാവരും സഹായിക്കുന്നുണ്ട് എന്നും, എന്നാൽ അത് മുഴുവൻ എല്ലാവരോടും വിളിച്ചു പറഞ്ഞു കൊണ്ട് ആവണമെന്നില്ലല്ലോ എന്നാണ് നിവിൻ പോളി പറയുന്നത്.
മുഖ്യമന്ത്രിയെ നേരിട്ട് കണ്ടാണ് നിവിൻ പോളി തന്റെ സംഭാവന ഏൽപ്പിച്ചത്. താര സംഘടനയായ അമ്മയും രണ്ടു ഗഡുക്കൾ ആയി 50 ലക്ഷം റിലീഫ് ഫണ്ടിലേക്ക് നൽകിയിരുന്നു. ഇത് കൂടാതെ മോഹൻലാൽ 30 ലക്ഷം രൂപയുടെ വസ്ത്രങ്ങളും, കുട്ടനാട്ടിലേക്കു ആറു ലക്ഷം രൂപയും, വയനാട്ടിലെ 2000 കുടുംബങ്ങൾക്ക് ഒരാഴ്ചത്തേക്കുള്ള എല്ലാ സാധന സാമഗ്രികളും എത്തിച്ചിരുന്നു. മമ്മൂട്ടി റിലീഫ് ക്യാമ്പുകൾ സന്ദർശിക്കുകയും ദുരിത ബാധിതരെ ആശ്വസിപ്പിക്കുകയും ചെയ്തു. എല്ലാ താരങ്ങളും അവരുടെ ഫാൻസ് അസോസിയേഷൻ വഴിയും സഹായങ്ങൾ എത്തിച്ചു. കേരളത്തിലെ മോഹൻലാൽ ഫാൻസ് ഏകദേശം 15 ലക്ഷം രൂപയുടെ സാധനങ്ങൾ റിലീഫ് ക്യാമ്പിൽ എത്തിച്ചപ്പോൾ ഗൾഫിൽ ഉള്ള മോഹൻലാൽ ആരാധകർ 2 കോടി രൂപയുടെ സാധനങ്ങൾ ആണ് മോഹൻലാലിൻറെ സഹായത്തോടെ കേരളത്തിൽ എത്തിച്ചത്. ജനപ്രിയ നായകൻ ദിലീപും വസ്ത്രങ്ങളും മരുന്നുകളും എത്തിച്ചു നൽകിയിരുന്നു.