പ്രേക്ഷകർക്കിടയിൽ ചർച്ചയായി മഹാവീര്യർ; വിജയമാവർത്തിച്ച് എബ്രിഡ് ഷൈൻ- നിവിൻ പോളി ടീം

Advertisement

സൂപ്പർ ഹിറ്റ് സംവിധായകൻ എബ്രിഡ് ഷൈൻ സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമായ മഹാവീര്യർ ഇന്നലെയാണ് ആഗോള റിലീസായി തീയേറ്ററുകളിൽ എത്തിയത്. പോളി ജൂനിയര്‍ പിക്‌ചേഴ്‌സ് ഇന്ത്യന്‍ മൂവി മേക്കേഴ്‌സ് എന്നീ ബാനറുകളില്‍ നിവിന്‍ പോളി, പി. എസ്. ഷംനാസ് എന്നിവര്‍ ചേർന്ന് നിർമ്മിച്ച ഈ ചിത്രം എം മുകുന്ദന്റെ കഥയെ ആസ്പദമാക്കി എബ്രിഡ് ഷൈൻ തന്നെ തിരക്കഥ രചിച്ച ചിത്രമാണ്. നിവിൻ പോളി, ആസിഫ് അലി എന്നിവ പ്രധാന കഥാപാത്രങ്ങളായി എത്തിയ ഈ ചിത്രം ആദ്യ ഷോ കഴിഞ്ഞപ്പോൾ മുതൽ വലിയ പ്രേക്ഷക – നിരൂപക പ്രശംസയാണ് നേടുന്നത്. മലയാള സിനിമ ഇതുവരെ കാണാത്ത ഒരു പ്രമേയം ചർച്ച ചെയ്യുന്ന ഈ ചിത്രം കാണികൾക്കു ഒരു പുത്തൻ അനുഭവമാണ് സമ്മാനിച്ചത്. ചിത്രത്തിന്റെ പ്രമേയവും അതിന്റെ അവതരണ രീതിയുമെല്ലാം ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയായി കഴിഞ്ഞു. ടൈം ട്രാവൽ- ഫാന്റസി തലത്തിലൂടെ കഥ പറയുന്ന ഈ ചിത്രം സമകാലീന രാഷ്ട്രീയവും അതിൽ പൊതിഞ്ഞു പ്രേക്ഷകരുടെ മുന്നിലെത്തിക്കുന്നുണ്ട്.

അത്ഭുതകരമായ വിധം വ്യത്യസ്‍തമാണ് ഈ ചിത്രമെന്നാണ് പ്രേക്ഷകർ അഭിപ്രായപ്പെടുന്നത്. ഒരു കോർട്ട് റൂം ഡ്രാമ പോലെ ഒരുക്കിയ ഈ ചിത്രത്തിന്റെ ഹൈലൈറ്റ് ഇതിലെ ഹാസ്യം തന്നെയാണ്. അതിനോടൊപ്പം നിവിൻ പോളി, ആസിഫ് അലി, ലാൽ, സിദ്ദിഖ്, ലാലു അലക്സ്, ഷാൻവി ശ്രീവാസ്തവ എന്നിവരുടെ പ്രകടനവും കയ്യടി നേടുന്നുണ്ട്. ഇവരെ കൂടാതെ, വിജയ് മേനോന്‍, മേജര്‍ രവി, മല്ലിക സുകുമാരന്‍, കൃഷ്ണ പ്രസാദ്, സൂരജ് എസ്. കുറുപ്പ്, സുധീര്‍ കരമന, മല്ലികാ സുകുമാരന്‍, പദ്മരാജന്‍ രതീഷ്, സുധീര്‍ പറവൂര്‍, പ്രമോദ് വെളിയനാട്, ഷൈലജ പി അമ്പു, പ്രജോദ് തുടങ്ങിവരും തങ്ങളുടെ വേഷങ്ങൾ നന്നായി അവതരിപ്പിച്ചു. ചന്ദ്രു സെൽവരാജ് ഒരുക്കിയ ദൃശ്യങ്ങൾ, ഇഷാൻ ഛബ്രയുടെ സംഗീതം, മനോജിന്റെ എഡിറ്റിംഗ് മികവ് എന്നിവയും ഈ ചിത്രത്തിന്റെ മികവിൽ നിർണ്ണായകമായി. 1983, ആക്ഷൻ ഹീറോ ബിജു എന്നിവക്ക് ശേഷം നിവിൻ പോളി- എബ്രിഡ് ഷൈൻ കൂട്ടുകെട്ട് വീണ്ടും വിജയമാവർത്തിക്കുന്ന കാഴ്ചയാണ് മഹാവീര്യരിലൂടെ ലഭിക്കുന്നത്.

Advertisement

Advertisement

Copyright © 2017 onlookersmedia.

Press ESC to close