![](https://i0.wp.com/onlookersmedia.com/wp-content/uploads/2022/02/Lata-Mangeshkar-image-photo.jpg?fit=1024%2C592&ssl=1)
പതിറ്റാണ്ടുകളോളം ഇന്ത്യൻ സംഗീത പ്രേമികളുടെ മനസ്സിലും കാതുകളിലും സംഗീതത്തിന്റെ മധുരം നിറച്ച, ഇന്ത്യയുടെ വാനമ്പാടി എന്നറിയപ്പെടുന്ന ഗായിക ലത മങ്കേഷ്‌കർ അന്തരിച്ചു. തൊണ്ണൂറ്റി രണ്ടു വയസ്സായിരുന്നു. കോവിഡ് ബാധിച്ചു കുറേക്കാലമായി ഗുരുതരാവസ്ഥയിൽ ഹോസ്പിറ്റലിൽ അഡ്മിറ്റ് ആയിരുന്ന ഈ മഹാപ്രതിഭ ഇന്ന് പുലർച്ചയോടെയാണ് മരണത്തിനു കീഴടങ്ങിയത്. മുംബൈ ബീച്ച് കാൻഡി ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം സംഭവിച്ചത്. പ്രശസത സംഗീതജ്ഞനും നാടക നടനുമായ ദീനാനാഥ് മങ്കേഷ്‌കറുടെയും ശിവന്തിയുടെയും അഞ്ചു മക്കളിൽ മൂത്തവളായി ആണ് ലത മങ്കേഷ്‌കർ ജനിച്ചത്. മധ്യപ്രദേശിലെ ഇന്ദോറിൽ 1929 സെപ്റ്റംബർ 28നാണ് ലത മങ്കേഷ്കറുടെ ജനനം. ആദ്യം അച്ഛനിൽ നിന്നും, ശേഷം അമാനത്ത് ഖാൻ, പണ്ഡിറ്റ് തുളസിദാസ് ശർമ, ഉസ്താദ് അമാൻ അലി ഖാൻ തുടങ്ങിയവരിൽ നിന്നും ശാസ്ത്രീയമായി സംഗീതം അഭ്യസിച്ച ലത, 1942ൽ മറാത്തി, ഹിന്ദി സിനിമകളിൽ അഭിനയിച്ചുകൊണ്ടാണ് ചലച്ചിത്രരംഗത്ത് എത്തിച്ചേരുന്നത്.
1943 ൽ ഗജാഭാവു എന്ന സിനിമയിലെ മാതാ ഏക് സപൂത്ത് കി ദുനിയ ബാദൽ ദേ തൂ എന്ന ഗാനം ആലപിച്ചു കൊണ്ടാണ് ഹിന്ദിയിൽ ലതയുടെ അരങ്ങേറ്റം. സച്ചിൻ ദേവ് ബർമൻ, സലീൽ ചൗധരി, ശങ്കർ ജയ്കിഷൻ, മദൻ മോഹൻ, ഖയ്യാം, പണ്ഡിറ്റ് അമർനാഥ്, ഹുസൻലാൽ ഭഗത് റാം തുടങ്ങിയ ആ കാലത്തെ പ്രശസ്ത സംഗീത സംവിധായകർക്കൊപ്പവും, മുഹമ്മദ് റാഫി, കിഷോർ കുമാർ, മുകേഷ്, ഹേമന്ത് കുമാർ, മഹേന്ദ്ര കപൂർ, മന്ന ഡേ തുടങ്ങിയ പ്രശസ്തരായ ഗായകർക്കൊപ്പവും ലത ജോലി ചെയ്തു കയ്യടി നേടി. ബൈജു ബാവ്ര, മദർ ഇന്ത്യ, ദേവദാസ്, ചോരി ചോരി, മധുമതി എന്നീ ചിത്രങ്ങളിൽ അഭിനയിക്കുകയും ചെയ്ത ലത, പദ്മ ഭൂഷൺ, പദ്മ വിഭൂഷൺ, ദാദാസാഹേബ് ഫാൽക്കെ അവാർഡ്, ഭാരത രത്ന എന്നിവയൊക്കെ നൽകി രാജ്യം ആദരിച്ച കലാകാരിയാണ്. മുപ്പത്തിയാറോളം ഭാഷകളിൽ ഗാനങ്ങൾ ആലപിച്ച ലത മങ്കേഷ്‌കർ നെല്ല് എന്ന ചിത്രത്തിൽ വയലാർ എഴുതി സലിൽ ചൗധരി ഈണം പകർന്ന കദളി കൺകദളി എന്ന ഗാനമാണ് മലയാള ഭാഷയിൽ ആലപിച്ചത്.