മോഹൻലാൽ എന്ന മഹാനടനെ മലയാളത്തിലെ താരസൂര്യനാക്കി മാറ്റിയ ചിത്രമാണ് 1986 ഇൽ റിലീസ് ചെയ്ത രാജാവിന്റെ മകൻ. ബ്ലോക്ക്ബസ്റ്റർ ഹിറ്റായ ഈ തമ്പി കണ്ണന്താനം ചിത്രത്തിലെ മോഹൻലാൽ കഥാപാത്രമായ വിൻസെന്റ് ഗോമസിനെയും ആ കഥാപാത്രം പറയുന്ന ഓരോ ഡയലോഗുകളേയും കയ്യടികളോടെയാണ് പ്രേക്ഷക സമൂഹം സ്വീകരിച്ചത്. ആ ചിത്രത്തിലൂടെ കേരളം മുഴുവൻ പോപ്പുലറായ ഒരു നമ്പർ ആണ് 2255 . പുതിയ തലമുറയിലെ കുട്ടികളും യുവാക്കളും വരേയും വിൻസെന്റ് ഗോമസ് പറയുന്ന ആ നമ്പർ ഏറ്റെടുക്കുന്ന കാഴ്ചയും നമ്മൾ കണ്ടു കഴിഞ്ഞു. രാജാവിന്റെ മകന്റെ റിലീസിന് ശേഷം മുപ്പത്തി നാല് വർഷത്തിനിടെ പലപ്പോഴായി മോഹൻലാൽ ചിത്രങ്ങളിൽ 2255 എന്ന റെഫെറൻസ് കടന്നു വന്നപ്പോഴൊക്കെ അതിനു വലിയ കയ്യടിയാണ് ലഭിച്ചിട്ടുള്ളത്. ഇപ്പോഴിതാ 2255 എന്ന ആ മെഗാ മാസ്സ് റെഫറൻസ് ഒരിക്കൽ കൂടി ഒരു മോഹൻലാൽ ചിത്രത്തിലൂടെ തരംഗം സൃഷ്ടിയ്ക്കാൻ ഒരുങ്ങുകയാണ്. മോഹൻലാലിനെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യാൻ പോകുന്ന പുതിയ മാസ്സ് ചിത്രത്തിൽ മോഹൻലാൽ കഥാപാത്രം ഉപയോഗിക്കാൻ പോകുന്ന പഴയ മോഡൽ മെഴ്‌സിഡസ് ബെൻസ് കാറിന്റെ നമ്പർ 2255 എന്നാണെന്നാണ് വിവരം.
ഉദയ കൃഷ്ണ തിരക്കഥ രചിച്ച ഈ ചിത്രത്തിന്റെ പേര് ആറാട്ട് എന്നാണെന്നും ഇതിൽ മോഹൻലാൽ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര് നെയ്യാറ്റിൻകര ഗോപൻ എന്നാണെന്നും റിപ്പോർട്ടുകളുണ്ട്. കോമെഡിക്കും ആക്ഷനും പ്രാധാന്യം നല്കിയൊരുക്കുന്ന ഈ ചിത്രം ഈ മാസം ഇരുപത്തിരണ്ടു മുതൽ പാലക്കാടു ആരംഭിക്കും. നെയ്യാറ്റിൻകരയിൽ നിന്ന് ഒരു പ്രത്യേക ലക്ഷ്യത്തിനായി പാലക്കാടെത്തുന്ന കഥാപാത്രമായാണ് മോഹൻലാൽ ഇതിൽ അഭിനയിക്കുന്നത്. ശ്രദ്ധ ശ്രീനാഥ് നായികാ വേഷം ചെയ്യുന്ന ഈ ചിത്രത്തിൽ പ്രശസ്ത തമിഴ് നടൻ സമ്പത്താണ് വില്ലനായി എത്തുന്നത്. രാഹുൽ രാജ് സംഗീതമൊരുക്കുന്ന ഈ ചിത്രം എഡിറ്റ് ചെയ്യാൻ പോകുന്നത് ഷമീർ മുഹമ്മദും ക്യാമറ ചലിപ്പിക്കുന്നത് വിജയ് ഉലകനാഥും ആണെന്നാണ് സൂചന.