സൗഹൃദമില്ലാതെ റെഡിമേയ്ഡ് തിരക്കഥാകൃത്തുക്കളെ വച്ച് സിനിമ ചെയ്തിട്ടില്ല; തുറന്നു പറഞ്ഞു സത്യൻ അന്തിക്കാട്..!

Advertisement

മലയാള സിനിമയിലെ ഏറ്റവും പ്രശസ്തരായ സംവിധായകരിൽ ഒരാളാണ് സത്യൻ അന്തിക്കാട്. സത്യൻ അന്തിക്കാട്- ശ്രീനിവാസൻ കൂട്ടുകെട്ടിൽ ഒരുങ്ങിയ ചിത്രങ്ങളും അതുപോലെ സത്യൻ അന്തിക്കാട്- രഘുനാഥ് പലേരി കൂട്ടുകെട്ടിൽ ഒരുങ്ങിയ ചിത്രങ്ങളും ഇന്നും മലയാളത്തിലെ ക്ലാസ്സിക്കുകൾ ആണ്. മോഹൻലാലിനെ വെച്ച് ഏറ്റവും കൂടുതൽ ഹിറ്റുകൾ സമ്മാനിച്ച സംവിധായകരിൽ ഒരാളാണ് സത്യൻ അന്തിക്കാട്. മോഹൻലാൽ കഴിഞ്ഞാൽ സത്യൻ അന്തിക്കാട് ചിത്രങ്ങളിൽ ഏറ്റവും കൂടുതൽ നായകനായി എത്തിയത് ജയറാമാണ്. ഒട്ടേറെ തിരക്കഥാകൃത്തുക്കൾക്കൊപ്പം ഹിറ്റുകൾ ഒരുക്കിയ സത്യൻ അന്തിക്കാട് പിന്നീട് സ്വന്തം തിരക്കഥയിലും രസതന്ത്രം, ഭാഗ്യ ദേവത, വിനോദയാത്ര തുടങ്ങിയ വലിയ ഹിറ്റുകൾ മലയാള സിനിമയ്ക്കു സമ്മാനിച്ചു. ഒരു തിരക്കഥ രചയിതാവ് എങ്ങനെയാണു തന്റെ സിനിമയുടെ ഭാഗമാവുന്നതെന്നും എന്ത് കൊണ്ടാണ് ഒരിടക്ക് താൻ സ്വയം എഴുതി തുടങ്ങിയതെന്നും വെളിപ്പെടുത്തുകയാണിപ്പോൾ സത്യൻ അന്തിക്കാട്. താനുമായി നല്ല സൗഹൃദം പുലർത്തുന്ന ആളുകളെയാണ് എന്നും താൻ തന്റെ ചിത്രങ്ങളുടെ രചയിതാക്കളായി തിരഞ്ഞെടുത്തിട്ടുള്ളത് എന്നും ജോൺ പോൾ, ശ്രീനിവാസൻ, ഡോക്ടർ ബാലകൃഷ്ണൻ, ലോഹിതദാസ്, രഘുനാഥ് പലേരി, രഞ്ജൻ പ്രമോദ്, ബെന്നി പി നായരമ്പലം മുതൽ ഇപ്പോൾ എഴുതുന്ന ഇക്ബാൽ കുറ്റിപ്പുറം വരെയുള്ള ആളുകളുമായി ആ സൗഹൃദം തനിക്കുണ്ടെന്നും റെഡിമേയ്ഡ് തിരക്കഥാകൃത്തുക്കളെ വച്ച് താനൊരിക്കലും സിനിമ ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

ആശയങ്ങൾ തുറന്നു ചർച്ച ചെയ്യാനും, നമ്മളും അവരും പറയുന്നതിലെ ശരിയും തെറ്റും പരസ്പരം ബോധ്യപ്പെടുത്താനുമുള്ള ഒരു സ്വാതന്ത്ര്യവും സൗഹൃദവും ഉണ്ടെങ്കിലും മാത്രമേ ഒരു നല്ല തിരക്കഥ ഒരുങ്ങി വരൂ എന്നാണ് സത്യൻ അന്തിക്കാടിന്റെ പക്ഷം. ഇടക്കാലത്തു തന്റെ സുഹൃത്തുക്കളായ രചയിതാക്കളുടെ തിരക്കുകൾ മൂലവും അവരുടെ അഭാവം മൂലവുമാണ് താൻ സ്വയം രചിക്കാൻ ആരംഭിച്ചതെന്നും അദ്ദേഹം പറയുന്നു. ഇക്ബാൽ കുറ്റിപ്പുറം രചിക്കുന്ന ഒരു മമ്മൂട്ടി ചിത്രവും, ശ്രീനിവാസൻ രചിക്കുന്ന ഒരു മോഹൻലാൽ ചിത്രവും ഇപ്പോൾ സത്യൻ അന്തിക്കാട് പ്ലാൻ ചെയ്യുന്ന പ്രൊജെക്ടുകളാണ്. ജയറാം നായകനായ ഒരു ചിത്രവും സത്യൻ അന്തിക്കാടിന്റെ പ്ലാനിലുണ്ടെന്നു നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close