
ഇന്ത്യൻ സിനിമയുടെ കമ്പ്ലീറ്റ് ആക്ടർ മോഹൻലാലിനെ നായകനാക്കി ബോളിവുഡ് സംവിധായകനായ അജോയ് വർമ്മ സംവിധാനം ചെയ്ത നീരാളി ആണ് കഴിഞ്ഞ ദിവസം റിലീസ് ചെയ്ത മലയാള ചിത്രം. പ്രേക്ഷകരുടെ ഏറെ നാളത്തെ കാത്തിരിപ്പിന് ഒടുവിലാണ് ചിത്രം പ്രദർശനത്തിനെത്തിയത്. വളരെ ലോ ഹൈപ്പിൽ ആണ് ഈ ചിത്രം പുറത്തു വന്നതെങ്കിലും ആവേശകരമായ വരവേൽപ്പാണ് നീരാളിക്ക് മലയാളി പ്രേക്ഷകർ നൽകിയത്. ഒടിയൻ എന്ന സിനിമക്ക് വേണ്ടി ഭാരം കുറച്ച മോഹൻലാൽ വ്യത്യസ്തമായ ലുക്കിലാണ് ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത് എന്നതും അതുപോലെ വർഷങ്ങൾക്കു ശേഷം നാദിയ മൊയ്ദു- മോഹൻലാൽ ടീം ഒന്നിച്ചു എന്നതും കുടുംബ പ്രേക്ഷകരെ വരെ ആദ്യ ദിനം തന്നെ തീയേറ്ററിലെത്തിക്കാൻ കാരണമായി.നവാഗതനായ സാജു തോമസാണ് ഈ ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. കേരളത്തിൽ വമ്പൻ റിലീസായി എത്തിയ നീരാളി ഇപ്പോൾ പ്രേക്ഷകരുടെ അഭിനന്ദനവും കയ്യടികളുമേറ്റ് വാങ്ങി കൊണ്ട് മുന്നേറുന്ന കാഴ്ചയാണ് കാണാൻ കഴിയുന്നത്.
മലയാളത്തിൽ ഇന്നേവരെ കാണാത്ത ഒരു സർവൈവൽ ത്രില്ലർ ആയാണ് അജോയ് വർമ്മ ഈ ചിത്രം അണിയിച്ചൊരുക്കിയിരിക്കുന്നത്. സിനിമയിലെ ഓരോ രംഗങ്ങളും പ്രേക്ഷകനെ ആകാംഷയുടെ മുൾമുനയിലാണ് ഇരുത്തുന്നത്. ബാംഗ്ലൂറിൽ നിന്ന് കോഴിക്കോടിലേക്ക് യാത്ര തിരിക്കുന്ന രണ്ട് വ്യക്തികൾക്ക് യാത്രാമധ്യേ നേരിടേണ്ടി വരുന്ന ഒരു അപകടമാണ് നീരാളിയുടെ കഥാതന്തു. സാധാരണ ചിത്രങ്ങളിൽ നിന്ന് ഏറെ വ്യത്യസ്തമായി പ്രകൃതിയാണ് നീരാളിയിൽ പ്രതിനായകനായി പ്രത്യക്ഷപ്പെടുന്നത്. സണ്ണി എന്ന കഥാപാത്രമായി മോഹൻലാലും വീരപ്പ എന്ന കഥാപാത്രമായി സുരാജും നീരാളിയിൽ അതിഗംഭീരമായ പ്രകടനമാണ് കാഴ്ച വെച്ചത്.
സാങ്കേതികമായും നീരാളി ഏറെ മികവ് പുലർത്തിയ ചിത്രമാണ്. ഈ ചിത്രത്തിലെ ക്യാമറ വർക്കുകൾ ഏറെ ശ്രദ്ധയമായിരുന്നു. ഛായാഗ്രഹണം നിർവഹിച്ച സന്തോഷ് തുണ്ടിയിൽ നല്ലൊരു ദൃശ്യാനുഭവം തന്നെ പ്രേക്ഷകർക്ക് സമ്മാനിച്ചു. മലയാള സിനിമയിൽ അധികം കാണാത്ത ഒരു കഥാന്തരീക്ഷം അദ്ദേഹത്തിന് സൃഷ്ട്ടിക്കാൻ സാധിച്ചു എന്ന് പറയാം. ഏറ്റവും മികച്ച നിലവാരമുള്ള ഗ്രാഫിക്സ് വർക്കുകൾ ചിത്രത്തിന് മുതൽ കൂട്ടായിരുന്നു എന്നതും എടുത്തു പറഞ്ഞെ പറ്റു. മലയാള സിനിമ തന്നെയാണോ എന്ന് സംശയിക്കുന്ന തരത്തിലുള്ള വർക്കുകളാണ് വി. എഫ്. എക്‌സ് ടീം ഒരുക്കിയത്. ഗ്രാഫിക്സ് വർക്കുകളും കാമറ വർക്കും പ്രേക്ഷകർക്ക് നല്ലൊരു ദൃശ്യാനുഭവം സമ്മാനിക്കും എന്ന കാര്യമുറപ്പാണ്. മൂൺ ഷോട്ട് എന്റെർറ്റൈന്മെന്റിന്റെ ബാനറിൽ സന്തോഷ് ടി കുരുവിള നിർമ്മിച്ച നീരാളി എന്ന പുത്തൻ ചലച്ചിത്രാനുഭവം മലയാള സിനിമയുടെ മുന്നോട്ടുള്ള വളർച്ച കൂടിയാണ് നമ്മുക്ക് കാണിച്ചു തരുന്നത്. ഒരു പരീക്ഷണ ചിത്രമൊരുക്കി അതിൽ വിജയം കണ്ട അജോയ് വർമക്കു മികച്ച എൻട്രിയാണ് മോളിവുഡിൽ കിട്ടിയിരിക്കുന്നത്.