2013 ഡിസംബർ 19 മലയാള സിനിമാ ചരിത്രം രണ്ടായി വിഭജിക്കപ്പെട്ട ദിവസം ആയിരുന്നു എന്ന് പറയാം. മലയാള സിനിമയുടെ താര സൂര്യൻ മോഹൻലാലിനെ നായകനാക്കി ജീത്തു ജോസഫ് രചനയും സംവിധാനവും നിർവഹിച്ച ദൃശ്യം അന്നാണ് റിലീസ് ചെയ്തത്. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിച്ച ഈ ചിത്രം മലയാള സിനിമയുടെ തലവര തന്നെ മാറ്റി. മലയാള സിനിമയിലെ ആദ്യത്തെ അൻപതു കോടി കളക്ഷൻ നേടുന്ന ചിത്രമായി മാറി ദൃശ്യം. കലാഭവൻ ഷാജോൺ, ആശ ശരത്, നീരജ് മാധവ് തുടങ്ങിയ പ്രതിഭകളുടെ അഭിനയ ജീവിതത്തിലെ ഒരു വഴിത്തിരിവായിരുന്നു ഈ ചിത്രം. ഇപ്പോഴിതാ ഈ ചിത്രം റിലീസ് ചെയ്ത് 5 വർഷം തികയുന്ന ഈ വേളയിൽ തന്നെ ഈ ചിത്രത്തിൽ കാസ്റ്റ് ചെയ്ത ജീത്തു ജോസഫിനും ഈ ചിത്രത്തിൽ തനിക്കൊപ്പം പ്രവർത്തിച്ച എല്ലാവർക്കും നന്ദി പറഞ്ഞു രംഗത്ത് വന്നിരിക്കുകയാണ് നീരജ് മാധവ്.
താനിപ്പോൾ മലയാള സിനിമയിൽ സ്വന്തമായി ഒരിടം ഉണ്ടാക്കിയതിനെല്ലാം കാരണം ദൃശ്യം എന്ന സിനിമയാണ് എന്നും നീരജ് പറയുന്നു. ഇനിയും മുന്നോട്ടു പോകാൻ എല്ലാവരുടെയും സ്നേഹവും പിന്തുണയും വേണം എന്നും നീരജ് തന്റെ സോഷ്യൽ മീഡിയ പോസ്റ്റിൽ പറയുന്നു. 46 സ്ക്രീനുകളിൽ നൂറു ദിവസം കളിച്ചു റെക്കോർഡ് ഇട്ട ദൃശ്യം നാലു ഇന്ത്യൻ ഭാഷകളിലേക്ക് റീമേക് ചെയ്തു. നോർത്ത് ഇന്ത്യയിലും ഗൾഫ് രാജ്യങ്ങളിലും നൂറു ദിവസം പിന്നിട്ട ഒരേ ഒരു മലയാള ചിത്രവും ദൃശ്യം ആണ്. 75 കോടി രൂപയുടെ ടോട്ടൽ ബിസിനസ്സ് നടത്തിയ ദൃശ്യം തന്നെയാണ് ഇന്നും കേരളത്തിൽ നിന്ന് ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ രണ്ടാമത്തെ ചിത്രം. 89 കോടി രൂപ കേരളത്തിൽ നിന്ന് നേടിയ മോഹൻലാൽ ചിത്രം തന്നെയായ പുലി മുരുകന് മാത്രമേ ദൃശ്യം റെക്കോർഡുകൾ തകർക്കാൻ ആയിട്ടുള്ളു.