
സിനിമയിൽ ഉണ്ടെന്ന് പറയപെടുന്ന ഏറ്റവും മോശമായ പ്രവണതകളിൽ ഒന്നാണ് കാസ്റ്റിംഗ് കൗച്ച്. സിനിമയിൽ അവസരം ലഭിക്കുന്നതിനായി, സ്ത്രീ കഥാപാത്രങ്ങൾ അവതരിപ്പിക്കുന്ന നടിമാരോട് സംവിധായകനോ നിർമ്മാതാവോ അവർക്ക് വഴങ്ങി കൊടുക്കാൻ ആവശ്യപ്പെടുന്നതും ശാരീരികമായി അവരെ ചൂഷണം ചെയ്യാൻ ശ്രമിക്കുന്നതുമെല്ലാം പലരും തുറന്ന് പറഞ്ഞിട്ടുള്ള കാര്യമാണ്. ബോളിവുഡിൽ ആണ് ഇത് കൂടുതലായി ഉള്ളതെങ്കിലും തമിഴ്, തെലുങ്ക് പോലത്തെ ചില വമ്പൻ തെന്നിന്ത്യൻ സിനിമാ ഇൻഡസ്ട്രികളിലും ഇത് ഇടക്കാലത്ത് നിലനിന്നിരുന്നു. ഇപ്പോഴിതാ തെന്നിന്ത്യൻ സിനിമയുടെ ലേഡി സൂപ്പർസ്റ്റാർ നയൻതാരയും ഇതിനെ കുറിച്ചു വെളിപ്പെടുത്തി മുന്നോട്ട് വന്നിരിക്കുകയാണ്. ഒരു സിനിമയിൽ സുപ്രധാന വേഷത്തിൽ അഭിനയിക്കാൻ വിട്ടുവീഴ്ച്ച ചെയ്യണമെന്ന് തന്നോട് ആവശ്യപ്പെട്ടിരുന്നുവെന്നാണ് നയൻതാര വെളിപ്പെടുത്തിയത്.
സിനിമയിൽ അഭിനയിക്കാൻ വിട്ടുവീഴ്ച്ചകൾ ചെയ്യണമെന്ന ആവശ്യം കരിയറിൽ പല തവണ കേൾക്കേണ്ടി വന്നതിനെ കുറിച്ച് ഒട്ടേറെ നടിമാർ പുറത്ത് പറഞ്ഞിട്ടുണ്ട്. അവർക്കൊപ്പമാണ് ഇപ്പോൾ നയൻതാരയും എത്തിയിരിക്കുന്നത്. ഏതായാലും, അവരുടെ ആ ആവശ്യം അംഗീകരിക്കാതെ ആ സിനിമ വേണ്ടെന്ന് വെക്കാനുള്ള ആർജവം താൻ കാണിച്ചുവെന്നും നയൻതാര അഭിമുഖത്തിൽ വെളിപ്പെടുത്തി. തന്റെ കഴിവു കൊണ്ട് തന്നെ സിനിമയിൽ ഉന്നതിയിൽ എത്താമെന്ന ആത്മവിശ്വാസമാണ് ആ മറുപടി നൽകാൻ ഈ നടിയെ പ്രേരിപ്പിച്ചത്. ഒട്ടേറെ തവണയുണ്ടായ പുറത്താക്കലുകളും അവഗണനകളും അതിജീവിച്ചാണ് നയൻതാര ഇന്നത്തെ നിലയിൽ എത്തിച്ചേർന്നത്. തെന്നിന്ത്യൻ സിനിമയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നായിക എന്ന പദവിയിലേക്ക് ഈ നടിയെത്തിയത്, യാതൊരു സിനിമാ പാരമ്പര്യവുമില്ലാത്ത ഒരു കുടുംബത്തിൽ നിന്നുമാണ്. തെന്നിന്ത്യൻ സിനിമയിൽ വെന്നി കൊടി പാറിച്ച ഈ സൂപ്പർതാരം ഇപ്പോൾ ഷാരൂഖ് ഖാന്റെ നായികാ വേഷം ചെയ്ത് ബോളിവുഡിലും അരങ്ങേറ്റം കുറിക്കുകയാണ്.