
തമിഴ് സിനിമയിലെ ലേഡി സൂപ്പർ സ്റ്റാർ എന്നറിയപ്പെടുന്ന താര സുന്ദരിയാണ് നയൻതാര. മലയാളിയായ നയൻതാര അരങ്ങേറ്റം കുറിച്ചതും പ്രശസ്തയാവുന്നതും മലയാള സിനിമയിലൂടെ ആണെങ്കിലും താര പദവി കൈവരിക്കുന്നത് തമിഴ് സിനിമയിലെത്തിയതിനു ശേഷമാണു. ആദ്യം ഗ്ലാമർ വേഷങ്ങളിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ ഈ നടി പിന്നീട് ഗംഭീര പ്രകടനങ്ങളിലൂടെ തന്റെ പ്രതിഭ കാണിച്ചു തന്നു. ഇന്ന് തെന്നിന്ത്യൻ സിനിമയിലെ ഏറ്റവും വലിയ താരങ്ങളിലൊരാൾ മാത്രമല്ല നയൻതാര, ഏറ്റവും മികച്ച നടിമാരിലൊരാൾ കൂടിയാണ്. ഇപ്പോൾ സംവിധായകൻ വിഘ്‌നേശ് ശിവനുമായി പ്രണയത്തിലായ ഈ നടി തന്റെ മുൻകാല പ്രണയാനുഭവങ്ങൾ ഒരു മാധ്യമവുമായി പങ്കു വെച്ചിരിക്കുകയാണ്.
വിശ്വാസം എന്നൊന്നില്ലെങ്കില് അവിടെ പ്രണയമില്ല എന്നാണ് നയൻതാര പറയുന്നത്. പരസ്പരവിശ്വാസം നഷ്ടപ്പെട്ടു പോയവർക്കൊപ്പം ജീവിക്കുന്നതിലും ഭേദം ഒറ്റയ്ക്ക് നിലനിൽക്കുകയാണ് നല്ലതെന്ന തോന്നലിലാണ് താൻ തന്റെ പഴയ ബന്ധങ്ങൾ ഉപേക്ഷിച്ചത് എന്നും ഈ നടി പറയുന്നു. വേർപിരിയുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല എന്നും അതിനു തന്നെ സഹായിച്ചത് തന്റെ സുഹൃത്തുക്കളും അതുപോലെ സിനിമാ കരിയരുമാണെന്നും നയൻതാര പറഞ്ഞു. തമിഴ് സിനിമയിൽ സജീവമായി തുടങ്ങിയ കാലത്തു ചിമ്പുവുമായി പ്രണയത്തിലായിരുന്ന നയൻതാര, പിന്നീട് സംവിധായകൻ പ്രഭു ദേവയുമായും അടുപ്പത്തിലാണ് എന്ന വാർത്തകൾ വന്നിരുന്നു. പ്രഭുദേവയുമായുള്ള അടുപ്പം വിവാഹത്തോളം എത്തിയിരുന്നുവെങ്കിലും പിന്നീട് അത് നടന്നില്ല. നയൻതാര- വിജയ് സേതുപതി ടീം അഭിനയിച്ച നാനും റൗഡി താൻ എന്ന സിനിമയുടെ സെറ്റിൽ വെച്ചാണ് സംവിധായകൻ വിഘ്‌നേശ് ശിവനുമായി ഈ നടി പ്രണയത്തിലാവുന്നത്. ഇപ്പോൾ ഇരുവരും തമ്മിലുള്ള ബന്ധം വളരെ ദൃഢമായി തന്നെയാണ് മുന്നോട്ടു പോകുന്നത്.