ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിക്കുന്ന വേദിയിലാണ് ഫഹദ് ഫാസിലിനെ വാനോളം പുകഴ്ത്തി ജൂറി ചെയർമാൻ ശേഖർ കപൂറിന്റെ വാക്കുകൾ. തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിലെ അഭിനയത്തിനാണ് ഫഹദ് ഫാസിലിനെ മികച്ച സഹനടനായി തിരഞ്ഞെടുത്തത്. വളരെ മികച്ച പ്രകടനം നടത്തിയ ഫഹദ് ബോളിവുഡ് താരങ്ങളെ പോലും കടത്തിവെട്ടുന്ന പ്രകടനമായിരുന്നു എന്ന് ജൂറി ചെയർമാൻ അറിയിച്ചു. അവാർഡ് സമിതിയിലെ ജൂറി അംഗങ്ങളെ ഞെട്ടിക്കുന്ന പ്രകടനത്തിലൂടെയാണ് ഫഹദ് ഫാസിൽ മികച്ച സഹനടനായി തിരഞ്ഞെടുത്തത്. തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തെപ്പറ്റി വാചാലനായ അദ്ദേഹം, ഇത്തരം സിനിമകൾ മലയാളത്തിൽ നിന്നും എത്തുന്നത് വളരെ സ്വാഗതാർഹമാണെന്നും അദ്ദേഹം അറിയിച്ചു.
മണ്ണിന്റെ മണമുള്ള ചിത്രമാണ് തൊണ്ടിമുതലും ദൃക്സാക്ഷിയും എന്നു പറഞ്ഞ് അദ്ദേഹം ചിത്രത്തിലെ ഓരോരുത്തരുടെയും പ്രകടനം വളരെ മികച്ചതാണെന്നും അഭിപ്രായപ്പെട്ടു. ചിത്രത്തിലൂടെ മികച്ച തിരക്കഥാകൃത്തിനുള്ള അവാർഡും മലയാളത്തിലേക്ക് എത്തുകയാണ്. ചിത്രത്തിന്റെ തിരക്കഥ നിർവ്വഹിച്ച സജീവ് പാഴൂരാണ് മികച്ച തിരക്കഥാകൃത്തായി തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്. മികച്ച മലയാള സിനിമയായി തിരഞ്ഞെടുത്തതും തൊണ്ടിമുതലും ദൃക്സാക്ഷിയും ആണ്. മഹേഷിന്റെ പ്രതികാര ത്തിന് ശേഷം ഇത് തുടർച്ചയായ രണ്ടാം തവണയാണ് ദിലീഷ് പോത്തൻ ചിത്രം മികച്ച മലയാള സിനിമയായി തിരഞ്ഞെടുക്കുന്നത്.ടേക്ക് ഓഫ് എന്ന ചിത്രത്തിലെ മികച്ച പ്രകടനത്തിന് പാർവതി പ്രത്യേക പരാമർശം സ്വന്തമാക്കി. ടേക്ക് ഓഫിലെ പാര്‍വതിയുടെ അഭിനയത്തെ കുറിച്ചും ജൂറി പ്രത്യേകം പരാമര്‍ശം നടത്തുകയുണ്ടായി.