ഇന്നലെയാണ് അറുപത്തിയെട്ടാമതു ദേശീയ ചലച്ചിത്ര പുരസ്‍കാരങ്ങൾ പ്രഖ്യാപിക്കപെട്ടത്. വിപുൽ ഷാ ചെയർമാനായുള്ള ജൂറിയാണ് അവാർഡുകൾ നിർണ്ണയിച്ചത്. തമിഴ് സിനിമയും മലയാള സിനിമയുമാണ് അവാർഡിൽ വലിയ നേട്ടം കൊയ്‌തതു. മികച്ച നടൻ, നടി, സംവിധായകൻ, തിരക്കഥ, സഹനടൻ, സഹനടി തുടങ്ങി ഒട്ടേറെ അവാർഡുകൾ തെന്നിന്ത്യൻ സിനിമയെ തേടിയെത്തി. തമിഴ് ചിത്രമായ സൂററായ് പോട്രൂ, മലയാള ചിത്രമായ അയ്യപ്പനും കോശിയും എന്നിവയാണ് കൂടുതൽ നേട്ടം കരസ്ഥമാക്കിയ ചിത്രങ്ങൾ. എന്നാൽ അവാർഡ് ജൂറിക്ക് പറ്റിയ ഒരു പിഴവ് ചൂണ്ടി കാണിച്ചു കൊണ്ട് ഓസ്കാർ അവാർഡ് ജേതാവ് കൂടിയായ റസൂൽ പൂക്കുട്ടി മുന്നോട്ടു വന്നതോടെ, ഇത്തവണത്തെ ദേശീയ അവാർഡും വിവാദത്തിൽ പെട്ടിരിക്കുകയാണ്. സിങ്ക് സൗണ്ടിനു നൽകിയ അവാർഡിലാണ് ജൂറിക്ക് പിഴവ് പറ്റിയതെന്ന് റസൂൽ പൂക്കുട്ടി ചൂണ്ടി കാണിക്കുന്നു.
മികച്ച സിങ്ക് സൗണ്ട് റെക്കോര്‍ഡിങ് പുരസ്കാരം നല്‍കിയ ചിത്രം, യഥാർത്ഥത്തിൽ സിങ്ക് സൗണ്ട് ചെയ്ത ചിത്രമല്ലെന്നും, പകരം അതൊരു ഡബ്ബ് ചെയ്ത ചിത്രമാണെന്നും റസൂൽ പൂക്കുട്ടി ട്വീറ്റ് ചെയ്തു. ഇക്കാര്യം സൗണ്ട് റെക്കോര്‍ഡിസ്റ്റ് നിതിന്‍ ലൂക്കോസ് സ്ഥിരീകരിച്ചതായും അദ്ദേഹം വെളിപ്പെടുത്തി. ഡൊള്ളു എന്ന കന്നഡ ചിത്രത്തിനാണ് ഈ അവാർഡ് ലഭിച്ചത്. ഈ ചിത്രത്തിലൂടെ ജോബിന്‍ ജയനാണ് സിങ്ക് സൗണ്ട് സിനിമകള്‍ക്ക് മാത്രം നല്‍കുന്ന മികച്ച ലൊക്കേഷന്‍ സൗണ്ട് റെക്കോര്‍ഡിസ്റ്റിനുള്ള പുരസ്കാരം നൽകിയത്. സിങ്ക് സൗണ്ട് സിനിമ ഏതാണെന്നും, ഡബ്ബ് സിനിമ ഏതാണെന്നും തിരിച്ചറിയാന്‍ കഴിയാത്ത ജൂറി അംഗങ്ങളെ കുറിച്ച് തനിക്കു സഹതാപം തോന്നുന്നതായി സൗണ്ട് ഡിസൈനറായ നിതിന്‍ ലൂക്കോസ് ട്വീറ്റ് ചെയ്തതും ശ്രദ്ധ നേടുന്നുണ്ട്. മികച്ച ഓഡിയോഗ്രഫി വിഭാഗത്തിലാണ് സിങ്ക് സൗണ്ട് റെക്കോര്‍ഡിങിനുള്ള പ്രത്യേക പുരസ്കാരം ചേർത്തിരുന്നത്. മികച്ച റീ റെക്കോര്‍ഡിസ്റ്റ് പുരസ്കാരം നേടിയത് മാലിക്ക് എന്ന മലയാള ചിത്രത്തിലൂടെ വിഷ്ണു ഗോവിന്ദും ശ്രീ ശങ്കറും ആണെങ്കിൽ, മി വസന്തറാവു എന്ന മറാത്തി ചിത്രത്തിലൂടെ അന്‍മോല്‍ ഭാവെയ്ക്കാണ് മികച്ച സൗണ്ട് ഡിസൈനര്‍ പുരസ്കാരം ലഭിച്ചത്.
The film that won the #SyncSoundRecording #NationalAwards is not even a sync sound film, it’s a dubbed film, confirms the Sound Designer of the film @nithin_lukose 😳😱🙆♀️ pic.twitter.com/7T6jxYaP3d
— resul pookutty (@resulp) July 22, 2022