
ഇന്ന് തെലുങ്കു സിനിമയുടെ യുവ തലമുറയിലെ ഏറ്റവും മികച്ച നടന്മാരിൽ ഒരാളായി കരുതപ്പെടുന്ന ആളാണ് നാനി. അതോടൊപ്പം ഉയർന്നു വരുന്ന ഒരു വലിയ താരം കൂടിയാണ് അദ്ദേഹം. ഒട്ടേറേ മികച്ച ചിത്രങ്ങൾ നാനി നായകനായി നമ്മുടെ മുന്നിലെത്തിയിട്ടുണ്ട് എന്ന് മാത്രമല്ല, അതിൽ പല ചിത്രങ്ങളും തെലുങ്കിന്റെ അതിരുകൾ ഭേദിച്ച് ഇന്ത്യ മുഴുവൻ ശ്രദ്ധ നേടിയിട്ടുമുണ്ട്. ഇവിടെ കേരളത്തിലും നാനി ചിത്രങ്ങൾ ഇഷ്ടപെടുന്ന ഒരുപാട് പ്രേക്ഷകർ ഉണ്ട്. നാനി നായകനായി എത്തിയ പുതിയ ചിത്രത്തിന്റെ പേര് ടക്ക് ജഗദീഷ് എന്നാണ്. ആമസോൺ പ്രൈം റിലീസ് ആയാണ് ഈ ചിത്രം പ്രേക്ഷകരുടെ മുന്നിൽ എത്തിയത്. അത്ര മികച്ച പ്രതികരണമല്ല ചിത്രം നേടുന്നത് എങ്കിലും നാനിയുടെ പ്രകടനത്തിന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. ഇപ്പോഴിതാ ആ ചിത്രത്തിന്റെ പ്രചരണാർത്ഥം നടത്തിയ ഒരു ഓൺലൈൻ അഭിമുഖത്തിൽ നാനി പറഞ്ഞ വാക്കുകൾ ആണ് ഏറെ ശ്രദ്ധ നേടുന്നത്.
തമിഴകത്തിന്റെ ദളപതി വിജയ്, തെലുങ്കിലെ സ്റ്റൈലിഷ് സൂപ്പർ സ്റ്റാർ അല്ലു അർജുൻ എന്നിവർക്കൊപ്പം ഒരു ലിഫ്റ്റിൽ കുടുങ്ങിയാൽ അവരോടു എന്താവും സംസാരിക്കുക എന്നായിരുന്നു നാനിയോട് അവതാരകന്റെ ചോദ്യം. ഒന്നാലോചിച്ച ശേഷം നാനി പറഞ്ഞ മറുപടി, താൻ സംസാരിക്കാതെ അവരോടു സംസാരിക്കാൻ ആവശ്യപ്പെടും എന്നും അവർ പറയുന്നത് കേൾക്കാൻ ആണ് താൻ ആഗ്രഹിക്കുന്നത് എന്നുമാണ്. ഏതായാലും നാനിയുടെ ഈ മറുപടി സോഷ്യൽ മീഡിയയിൽ വൈറലായി മാറുകയാണ്. ശ്യാം സിംഗ റോയ്, അന്റെ സുന്ദരനിക്കി എന്നവയാണ് ഇനി വരാനുള്ള നാനി ചിത്രങ്ങൾ. നാനി നായകനായി എത്തി സൂപ്പർ ഹിറ്റായ ജേഴ്‌സി എന്ന ചിത്രം ഇപ്പോൾ ബോളിവുഡിലേക്ക് റീമേക്ക് ചെയ്യുകയുമാണ് എന്നതും നാനി ആരാധകർക്ക് അഭിമാനം നൽകുന്ന വാർത്തയാണ്.