കേരളം പ്രളയ ദുരിതത്തിൽ പെട്ട് ഉഴറിയപ്പോൾ തങ്ങളാൽ കഴിയുന്ന എല്ലാ സഹായങ്ങളും ആയി മുന്നിൽ നിന്നവരാണ് മലയാള സിനിമാ താരങ്ങൾ. ടോവിനോ തോമസ്, ഇന്ദ്രജിത് സുകുമാരൻ, പൂർണ്ണിമ, സണ്ണി വെയ്ൻ എന്നിവർ നേരിട്ട് രംഗത്തിറങ്ങിയപ്പോൾ കുഞ്ചാക്കോ ബോബൻ ബോബൻ, ജയസൂര്യ, പൃഥ്വിരാജ് സുകുമാരൻ എന്നിവരും തങ്ങളെ കൊണ്ട് കഴിയുന്ന സഹായങ്ങൾ എത്തിച്ചു. രക്ഷാപ്രവർത്തനത്തിനിടെ മരിച്ച ലിനുവിന്റെ അമ്മയെ വിളിച്ചു സ്വാന്തനമേകുന്നത് കൂടാതെ എന്ത് സഹായത്തിനും കൂടെ ഉണ്ടാകും എന്ന് മമ്മൂട്ടി ഫോണിലൂടെ വിളിച്ചു ആശ്വാസമേകി, ഒപ്പം വീട് നിർമ്മിച്ച് കൊടുക്കാനും അദ്ദേഹത്തിന്റെ കടങ്ങൾ വീട്ടാനും മോഹൻലാലുമെത്തി. രക്ഷാപ്രവർത്തനത്തിനിടെ മരിച്ച അബ്ദുൽ റസാഖിന്റെ കുട്ടികളുടെ വിദ്യാഭ്യാസ ചിലവും മോഹൻലാൽ ഏറ്റെടുത്തിരുന്നു. പക്ഷെ എന്നിട്ടും ചിലർ മലയാള താരങ്ങളെ പുച്ഛിച്ചു രംഗത്ത് എത്തിയപ്പോൾ അവർക്കു കിടിലൻ മറുപടിയുമായി എത്തിയിരിക്കുകയാണ് നടി നമിത പ്രമോദ്.
കേരളം നേരിട്ട പ്രളയ ദുരന്തത്തിൽ മലയാള സിനിമാ ലോകം ഒന്നും ചെയ്തില്ലെന്നും നിങ്ങൾ ജീവിച്ചിരിപ്പുണ്ടോ എന്നുമായിരുന്നു നമിതയോടു ഒരു യുവാവ് ചോദിച്ചത്. ഇൻസ്റ്റാഗ്രാമിൽ നമിത പോസ്റ്റ് ചെയ്ത ഒരു ഫോട്ടോക്ക് താഴെ ആണ് യുവാവ് ഇങ്ങനെ ചോദിച്ചത്. യുവാവിന്റെ കമന്റ് ഇങ്ങനെ, “നിങ്ങളൊക്കെ ജീവിച്ചിരിപ്പുണ്ടോ, കേരളത്തിന് ഒരു പ്രളയം അല്ലെങ്കില്‍ പ്രശ്‌നം വരുമ്പോള്‍ സഹായിക്കാന്‍ നിങ്ങളൊക്കെ അല്ലെ ഉള്ളു. നടൻ വിജയ് സാർ 70 ലക്ഷം കൊടുത്തു എന്നു കേൾക്കുമ്പോൾ മലയാളം ഫിലിം ഇൻഡസ്ട്രിയോട് പോലും പുച്ഛം തോന്നുന്നു. കേരളത്തിലെ മലയാളികള്‍ അല്ലെ നിങ്ങളുടെയൊക്കെ പടം തിയറ്ററില്‍ പോയി കാണുന്നത്. അവർക്ക് ഇത്തിരി സഹായം ചെയ്തൂടെ”. ഇതിനെ എതിർത്തും അനുകൂലിച്ചു ഒട്ടേറെ പേർ രംഗത്ത് വന്നതോടെ ഈ കമന്റ് ഒരു ചർച്ചയായി മാറി. അപ്പോഴാണ് നമിതയുടെ മറുപടി എത്തിയത്. നമിതയുടെ വാക്കുകൾ ഇങ്ങനെ, “സഹായം ചെയ്യുന്നത് നൂറുപേരെ അറിയിക്കണം എന്ന് ഇല്ല ബ്രോ. നമ്മൾ മാത്രം അറിഞ്ഞാൽ മതി”. ഏതായാലും ഈ മറുപടി സോഷ്യൽ മീഡിയയിൽ വൈറൽ ആയി കഴിഞ്ഞു എന്ന് തന്നെ പറയാം.