
കംപ്ലീറ്റ് ആക്ടർ മോഹൻലാലിനെ നായകനാക്കി പ്രിയദർശൻ ഒരുക്കിയ ബ്ലോക്ക്ബസ്റ്റർ മലയാള ചിത്രമാണ് ചിത്രം. 1988 ഇൽ റിലീസ് ചെയ്ത ചിത്രം റെഗുലർ ഷോയിൽ ഏറ്റവും കൂടുതൽ ദിവസം പ്രദർശിപ്പിച്ച മലയാള ചിത്രമാണ്. 366 ദിവസം റെഗുലർ ഷോയിൽ പ്രദർശിപ്പിച്ച ഈ ചിത്രത്തിന്റെ റെക്കോർഡ് ഇതുവരെ മറ്റൊരു മലയാള ചിത്രത്തിനും തകർക്കാനും കഴിഞ്ഞിട്ടില്ല. മലയാളത്തിൽ ആദ്യമായി മൂന്നു കോടി രൂപ കളക്ഷൻ നേടി ഇൻഡസ്ട്രി ഹിറ്റായി മാറിയ ഈ ചിത്രത്തിലെ പാട്ടുകളും അന്ന് റെക്കോർഡ് ഹിറ്റുകൾ ആയിരുന്നു. അതിലെ തന്നെ നഗുമോ, സ്വാമിനാഥ തുടങ്ങിയ ക്ലാസിക്കൽ ഗാനങ്ങൾ ഇന്നും പ്രേക്ഷകരുടെ പ്രീയപെട്ടവയാണ്. ആ ഗാനങ്ങളിൽ മോഹൻലാൽ കാഴ്ചവെച്ച പ്രകടനം തന്നെയാണ് ഇന്നും അതിന്റെ ഹൈലൈറ്റ്. എന്നാൽ ഇപ്പോഴിതാ ചിത്രത്തിലെ നഗുമോ എന്ന ഗാനം പുതിയ രീതിയിൽ ഉപയോഗിച്ചിരിക്കുകയാണ് വിനീത് ശ്രീനിവാസൻ ഒരുക്കിയ ഹൃദയം എന്ന ചിത്രത്തിൽ. ഇതിന്റെ ഓഡിയോ ലോഞ്ച് കഴിഞ്ഞ ദിവസമാണ് നടന്നത്.
ഒരുപാട് വർഷങ്ങൾക്കു ശേഷം മലയാള സിനിമയിൽ ഓഡിയോ കാസറ്റും ലോഞ്ച് ചെയ്ത ഹൃദയം ടീം ഇതിലെ മുഴുവൻ ഗാനങ്ങളും ഇന്നലെ പുറത്തു വിട്ടു. തിങ്ക് മ്യൂസിക് വഴിയാണ് ഈ ഗാനങ്ങൾ ഓൺലൈനിൽ എത്തിയിരിക്കുന്നത്. പതിനഞ്ചു ഗാനങ്ങൾ ഉള്ള ഈ ആൽബത്തിലെ പാട്ടുകൾ എല്ലാം തന്നെ സൂപ്പർ ഹിറ്റുകളായി കഴിഞ്ഞു. ഓരോ ഗാനവും ഒന്നിനൊന്നു മികച്ചു നിൽക്കുന്ന ഇത്തരമൊരു മ്യൂസിക് ആൽബം മലയാളത്തിൽ വന്നിട്ട് വർഷങ്ങളായി എന്നാണ് പ്രേക്ഷകർ അഭിപ്രായപ്പെടുന്നത്. ഹിഷാം അബ്ദുൽ വഹാബ് ആണ് ഈ ഗാനങ്ങൾക്ക് ഈണം നൽകിയത്. ഏതായാലും മോഹൻലാൽ, ശ്രീനിവാസൻ, ലിസി എന്നിവർ അഭിനയിച്ച ചിത്രത്തിലെ നഗുമോ എന്ന ഗാനം വീണ്ടും പുതിയ ഭാവത്തിൽ എത്തുമ്പോൾ, അതിൽ അഭിനയിക്കുന്നത് മോഹൻലാലിന്റെ മകൻ പ്രണവ് മോഹൻലാലും പ്രിയദർശൻ- ലിസി ദമ്പതികളുടെ മകൾ കല്യാണിയും ആ ഗാനം ചിത്രീകരിച്ചിരിക്കുന്നത് ശ്രീനിവാസന്റെ മകൻ വിനീത് ശ്രീനിവാസനും ആണെന്നത് കാലം കാത്തു വെച്ച യാദൃശ്ചികതയാവാം. ഈ വരുന്ന വെള്ളിയാഴ്ചയാണ് ഹൃദയം റിലീസ് ചെയ്യുന്നത്. വിനീത് ശ്രീനിവാസൻ രചിച്ചു സംവിധാനം ചെയ്ത ഈ ചിത്രം മെരിലാൻഡ് സിനിമാസ് ആണ് നിർമ്മിച്ചിരിക്കുന്നത്.