കഴിഞ്ഞ കുറച്ചു വർഷങ്ങളായി മലയാള സിനിമയിലെ പ്രതിഭകൾക്ക് നൽകി വരുന്ന നോർത്ത് അമേരിക്കയിലെ ഏറ്റവും വലിയ അവാർഡ് ആണ് NAFA അവാർഡ്. കഴിഞ്ഞ വർഷത്തെ മലയാള സിനിമകളെ അടിസ്ഥാനമാക്കി നോർത്ത് അമേരിക്കൻ ഫിലിം അവാർഡ്സ് 2018 ഇന്നലെ പ്രഖ്യാപിച്ചു.
NAFA യുടെ ഡോക്ടർ പ്രതിനിധികളായ ഫ്രീമു വർഗീസ്, സിജോ വടക്കൻ, എന്നിവർ, ഫെബ്രുവരി 9-നു കൊച്ചിയിലെ അവന്യൂ റീജന്റിൽ നടന്ന പത്ര സമ്മേളനത്തിൽ വെച്ചാണ് അവാർഡ് ജേതാക്കളെ പ്രഖ്യാപിച്ചത് . ഈ വര്ഷം ജൂൺ 30 നും, ജൂലൈ 1 നും ന്യൂയോർക്കിലും ടോറോന്റോയിലുമായി ഈ അവാർഡ് നിശ അരങ്ങേറുന്നതായിരിക്കും എന്നും അവർ അറിയിച്ചു.
അമേരിക്കയിലെ മലയാളികൾ ഗ്യാലപൊളിലൂടെ ആണ് അവാർഡ് ജേതാക്കളെ തിരഞ്ഞെടുത്തത്. മികച്ച നടൻ ആയി, ടേക്ക് ഓഫ് തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിലെ പ്രകടനത്തിന്, ഫഹദ് ഫാസിലിനെ തിരഞ്ഞെടുത്തപ്പോൾ പോപ്പുലർ ആക്ടർ ആയി ദുൽകർ സൽമാൻ തിരഞ്ഞെടുക്കപ്പെട്ടു.
പോപ്പുലർ നടി ആയി ഉദാഹരണം സുജാതയിലെ പ്രകടനത്തിന് മഞ്ജു വാര്യരെയും മികച്ച നടിയായി ടേക്ക് ഓഫിലെ പ്രകടനത്തിന് പാർവതിയെയും തിരഞ്ഞെടുത്തു.
യൂത്ത് ഐക്കൺ, ഔട്‍സ്റ്റാന്ഡിങ് പെർഫോർമർ എന്നീ അവാർഡുകൾ ടോവിനോ തോമസ് നേടിയെടുത്തപ്പോൾ ഐശ്വര്യ ലക്ഷ്മി ഔട്‍സ്റ്റാന്ഡിങ് പെർഫോർമർ ഫീമെയ്ൽ അവാർഡും നേടി.
സഹനടനായി തൊണ്ടിമുതലിലെ പെർഫോമൻസിനു അലെൻസിയറും സഹനടിയായി ഞണ്ടുകളുടെ നാട്ടിൽ ഒരിടവേളയിലെ പ്രകടനത്തിന് ശാന്തി കൃഷ്ണയും തിരഞ്ഞെടുക്കപ്പെട്ടു.
മികച്ച സ്വഭാവ നടനായി തൊണ്ടിമുതലിലെ പ്രകടനത്തിന് സുരാജ് തിരഞ്ഞെടുക്കപെട്ടപ്പോൾ മികച്ച സ്വഭാവ നടിക്കുള്ള അവാർഡ് ലഭിച്ചത് സുരഭി ലക്ഷ്മിക്കു ആണ്.
മികച്ച കോമഡി നടൻ ആയി ഹാരിഷ് കണാരനും മികച്ച വില്ലനായി ജോജു ജോര്ജും ആണ് അവാർഡ് നേടിയത്. അതുപോലെ തന്നെ ഗോപി സുന്ദർ മികച്ച സംഗീത സംവിധാനത്തിനും വിജയ് യേശുദാസ്, സിതാര എന്നിവർ മികച്ച ഗായകർക്കുമുള്ള അവാർഡുകൾ കരസ്ഥമാക്കി.
അങ്കമാലി ഡയറീസ് എഴുതിയ ചെമ്പൻ വിനോദ് മികച്ച തിരക്കഥാകൃത്തിനുള്ള അവാർഡ് നേടിയപ്പോൾ മികച്ച സംവിധായകനായി ലിജോ ജോസ് പെല്ലിശ്ശേരി തിരഞ്ഞെടുക്കപ്പെട്ടു.
മികച്ച ചിത്രമായി തൊണ്ടിമുതലും ദൃക്‌സാക്ഷിയും മാറിയപ്പോൾ ജനപ്രിയ നടനായി കുഞ്ചാക്കോ ബോബൻ തിരഞ്ഞെടുക്കപ്പെട്ടു.
മികച്ച പുതുമുഖ സംവിധായകനായി സൗബിൻ ഷാഹിർ അവാർഡ് നേടിയപ്പോൾ സാമൂഹിക പ്രതിബദ്ധത ഉള്ള ചിത്രമായി ഉദാഹരണം സുജാത തിരഞ്ഞെടുക്കപ്പെട്ടു.
കലാമൂല്യമുള്ള ജനപ്രിയ ചിത്രമായി അവാർഡ് നേടിയത് ടേക്ക് ഓഫ് ആണ്. മികച്ച ഛായാഗ്രാഹകനുള്ള അവാർഡ് മധു നീലകണ്ഠനും , സ്പെഷ്യൽ ജൂറി അവാർഡ് നീരജ് മാധവും സ്വന്തമാക്കി.
നാഫ റെസ്‌പെക്ട് അവാർഡ് ബാലചന്ദ്ര മേനോനു നൽകിയപ്പോൾ മികച്ച ബാലതാരം ആയി മാറിയത് അനശ്വര രാജൻ ആണ്.